കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരും അജ്ഞാതരായ അക്രമികളും തമ്മിലുള്ള വെടിവയ്പ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടയാള്‍ അഫ്ഗാന് സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ട്. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
താലിബാനാണോ അക്രമത്തിന് പിന്നിലെന്ന് വ്യക്തമല്ല. ആയുധങ്ങളുമായി നൂറുകണക്കിന് താലിബാന് ഭീകരരാണ് വിമാനത്താവളത്തിന് സമീപം നിലയുറപ്പിച്ചിരിക്കുന്നത്. വിമാനത്താവളത്തിലേക്ക് വരുന്നവരെ താലിബാന് തീവ്രവാദികള്‍ ബലപ്രയോഗത്തിലൂടെ തടയുന്നുണ്ട്. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമുള്പ്പടെയുള്ളവരെ അതിക്രൂരമായി മര്‍ദ്ദിക്കുകയും വെടിവയ്ക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും അതൊന്നും വകവയ്ക്കാതെയാണ് അഫ്ഗാനികള്‍ വിമാനത്താവളത്തിലേക്ക് എത്തുന്നത്.
രാജ്യം വിടാനായി സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരിക്കണക്കിന് അഫ്ഗാന്‍കാരാണ് വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യം വിടാന്‍ എത്തുന്നവരുടെ തിക്കിലും തിരക്കിലുംപെട്ട് വിമാനത്താവളത്തിന് സമീപം ഏഴുപേര്‍ മരിച്ചിരുന്നു. നിലത്തുവീണും മറ്റും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവര്‍ അഫ്ഗാന് പൗരന്മാരാണ്. നിലവിലെ സാഹചര്യം ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും ജനങ്ങള്‍ക്ക് പരമാവധി സുരക്ഷ ഒരുക്കാന്‍ ശ്രമിക്കുകയാണെന്നും ബ്രിട്ടീഷ് പ്രതിരോധന മന്ത്രാലയം വ്യക്തമാക്കി.
താലിബാന്റെ കൊടുംക്രൂരതകള്‍ ഭയന്ന് ജനങ്ങള്‍ രാജ്യം വിടാന്‍ തുടങ്ങിയതോടെയാണ് അഫ്ഗാന് ചരിത്രത്തിലുണ്ടാവാത്ത തരത്തിലുള്ള വലിയ പ്രതിസന്ധിക്ക് സാക്ഷ്യം വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: