തിരുവനന്തപുരം : ഓണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ കിറ്റ് വിതരണം ഇനിയും പൂര്‍ത്തിയാക്കാത്തതിന് പിന്നാലെ സപ്ലൈകോയ ഇടപാടുകളില്‍ ഇടനിലക്കാര്‍ ഉണ്ടെന്ന് വെളിപ്പെടുത്തല്‍. ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
സപ്ലൈകോ മുന്‍ മാനേജിങ് ഡയറക്ടര്‍ രാഹുലും ഭക്ഷ്യ വകുപ്പ് സെക്രട്ടറി വേണുഗോപാലും സര്‍ക്കാരിന് നല്കിയ കത്തില്‍ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്. ഇതുപ്രകാരം സപ്ലൈകോയില്‍ ഇടപാടുകളില്‍ ഇടനിലക്കാരുടെ കൈകടത്തലുകള്‍ ഉണ്ട്. അതിനാല്‍ ടെണ്ടര്‍ നടപടികള്‍ പൊളിച്ചെഴുതാനും അന്വേഷണ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.
സപ്ലൈകോയ്ക്ക് മാത്രം സാധനങ്ങള്‍ നല്‍കാനായി മാത്രമാണ് ഈ ഇടനിലക്കാരുടെ സംഘം പ്രവര്‍ത്തിക്കുന്നത്. നാല് മാസം മുമ്പാണ് ഇതുസംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് നല്‍കിയത്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച് ഇത്രയും മാസങ്ങള്‍ പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്.
എം പാനല്‍ ചെയ്ത വിതരണക്കാരുടെ സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ല. അതിനാല്‍ ടെണ്ടര്‍ മാനദണ്ഡങ്ങള്‍ പൊളിച്ചെഴുതണമെന്നാണ് പ്രധാന നിര്‍ദ്ദേശം. ഇതിനായി ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥന്റെ നേത്യത്വത്തില്‍ ടെണ്ടര്‍ കമ്മറ്റി വേണമെന്നും അന്വേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: