മുംബൈ: സുരക്ഷാ പരിശോധനയ്ക്കായി ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുനിർത്തി സിഐഎസ്എഫ് ഉദ്യോഗസ്ഥൻ. കത്രീന കൈഫിനൊപ്പം വേഷമിടുന്ന വരാനിരിക്കുന്ന ചിത്രമായ ടൈഗർ മൂന്നിന്റെ ചിത്രീകരണത്തിനായി റഷ്യയിലേക്ക് പോകുകയായിരുന്നു നടൻ. ആരാധാകരും ഫോട്ടോഗ്രാഫർമാരും വിമാനത്താവളത്തിൽ സൽമാൻ ഖാനെ വരവേൽക്കുന്നത് സിനിമാതാരങ്ങളുടെ ചിത്രം പകർത്തുന്നവരിലൊരാൾ പങ്കുവച്ച വീഡിയോയിൽ കാണാം.
പെട്ടെന്നുതന്നെ ആളുകൾക്കിടയിൽനിന്ന് മാറി വിമാനത്താവളത്തിന്റെ കവാടത്തിലേക്ക് സൽമാൻ ഖാൻ നീങ്ങി. എന്നാൽ വിമാനത്താവളത്തിനുള്ളിലേക്ക് കടക്കുംമുൻപ് സുരക്ഷാപരിശോധന പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് വാതിലിൽനിന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥൻ താരത്തെ തടഞ്ഞുകൊണ്ട് ആവശ്യപ്പെടുകയായിരുന്നു. വിമാനത്താവളത്തിൽ സൽമാന് പിന്നിൽനിന്ന ആൾക്കൂട്ടത്തെ സുരക്ഷാ ഉദ്യോഗസ്ഥർ നിയന്ത്രിക്കുകയും ചെയ്തു.
ഇത് ഇന്റർനെറ്റിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. പലരും ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് രംഗത്തെത്തി. ‘ഞാൻ സൽമാൻ ഖാന്റെ ആരാധകനല്ല. എന്നാൽ സൽമാനെ തടഞ്ഞ സിഐഎസ്എഫ് സബ് ഇൻസ്പെക്ടറെ ഞാൻ അഭിനന്ദിക്കുന്നു. ഉത്തരവാദിത്തം നിറവേറ്റുന്നതിന് അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നു’- ഒരാൾ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: