തിരുവനന്തപുരം: മാപ്പിള കലാപം മുന്‍കൂട്ടി ബോധപൂര്‍വം തയ്യാറാക്കിയ ഹിന്ദു വംശഹത്യയായിരുന്നുവെന്ന് ചരിത്രകാരന് ഡോ.ടി.പി. ശങ്കരന്‍കുട്ടിനായര്‍. മാപ്പിള കലാപത്തിന് നൂറ്റാണ്ട് തികയുന്ന വേളയില്‍ നടക്കുന്ന രക്തസാക്ഷിത്വാചരണത്തിന്റെ തിരുവനന്തപുരത്തെ ഉദ്ഘാടനം ഓണ്‍ലൈന്‍വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കലാപത്തിന്റെ ആസൂത്രകനായിരുന്ന ആലിമുസ്ല്യാരുടെ ആസ്ഥാനമായ പള്ളി പരിശോധിച്ചപ്പോള്‍ മുന്‍കൂട്ടി ശേഖരിച്ചുവച്ചിരുന്ന 120 വാളുകളാണ് കണ്ടെത്തിയത്. രാത്രികാലങ്ങളില്‍ നഹര്വിളിച്ചാല് അത് ഹിന്ദുക്കളെ ആക്രമിക്കാനാണെന്ന് ഒരുസമുദായം മുഴുവന്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഇത് മുന്‍കൂട്ടി തയ്യാറാക്കിയ നടപടിയായിരുന്നുവെന്ന് നിസംശയം പറയാം. അതുവരെ സൗഹൃദത്തോടെ കഴിഞ്ഞിരുന്ന സമൂഹത്തില്‍ ഒരൊറ്റ നഹര്‍ വിളിയോടെ ഒരുസമുദായം മുഴുവന്‍ ഹിന്ദുവംശഹത്യയ്ക്ക് തയ്യാറാവുകയായിരുന്നു.
ഹിന്ദുവെന്ന് കണ്ടാല്‍ നിര്‍ബന്ധിച്ച് മതംമാറ്റും. തയ്യാറാകാത്തവരെ കൊല്ലും. ഇതായിരുന്നു കലാപകാരികളുടെ നയം. ഹിന്ദുക്കളെ കൊല്ലുകയും സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുകയും വഴി സെയ്ദ് ആകാമെന്നും അങ്ങനെ ആയാല്‍ പ്രവാചകന്റെ അനുഗ്രഹം കിട്ടുമെന്നുള്ള വിശ്വാസമായിരുന്നു ഈ കൊലപാതകങ്ങള്‍ക്കും അക്രമത്തിനും ആധാരം.
നിരവധി തലങ്ങളില്‍ കലാപത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നവരുണ്ട്. ഇവരുടെ ഉള്ളില്‍ ഇന്നും കലാപകാലത്തെ മനോഭാവം കുടികൊള്ളുന്നുവെന്നുവേണം മനസ്സിലാക്കാന്‍. തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ തുഞ്ചന്‍പറമ്പില്‍ ഇന്നുവരെ സാധിച്ചിട്ടില്ല. ഇതെല്ലാം മാറാത്ത ആ മനോഭാവത്തെയാണ് കാട്ടുന്നത്. സിനിമയിലൂടെയും ചരിത്രം തിരുത്തലുകളിലൂടെയും കലാപത്തെ വെള്ളപൂശുന്നു. കലാപകാരികളുടെ മനസ്സുമായി ഇന്നും ഒരുവിഭാഗം ആള്ക്കാര് ജീവിക്കുന്നുണ്ട്. കലാപവേളയില്‍ കളക്ടര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പോലും ഈ പ്രദേശങ്ങളില്‍ പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല. കോഴിക്കോടുവരെ വന്ന ഗാന്ധിജിക്കുഅവിടെ എത്താനോ ദുരിതം നേരിട്ടുകാണാനോ കഴിഞ്ഞില്ല.
ഹൈദരാലിയുടെ ആക്രമണം മുതല്‍ രൂപപ്പെട്ടതും ശ്രീരംഗപട്ടണം ഉടമ്പടിയോടെ ചെറുതും വലുതുമായ നിരവധി കലാപങ്ങള്‍ നടക്കുകയും ചെയ്തതിന്റെ പരിണിതഫലമായിരുന്നു മലബാര്കലാപമെന്ന മാപ്പിളകലാപം. ഖിലാഫത്ത് നിമിത്തമായെന്നുമാത്രം. വംശഹത്യയായിരുന്നു ഇതെന്ന് സമരം നേരിട്ടുകണ്ട ദേശീയനേതാക്കളുടെ അഭിപ്രായങ്ങളും സി. ഗോപാലന്നായര് കളക്ടര്‍ക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടും അക്കാലത്തെ ദേശീയപത്രങ്ങളും വായിച്ചാല്‍ മനസിലാക്കാവുന്നതാണെന്നും ശങ്കരന്‍കുട്ടിനായര്‍ പറഞ്ഞു.
1921 മാപ്പിളകലാപ രക്തസാക്ഷി സ്മാരക അനുസ്മരണ സമിതിയാണ് യോഗം സംഘടിപ്പിച്ചത്. എം. ഗോപാല്‍, സുധീര്‍ബാബു, എം.എസ്. ഗിരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: