തിരുവനന്തപുരം: മാപ്പിള കലാപംവല്ലാതെ കൊണ്ടാടുന്നതു വരുംതലമുറകള്‍ക്കു ദോഷം ചെയ്യുമെന്ന് ചരിത്രകാരന് ഡോ. എം.ജി.എസ്. നാരായണന്. കലാപം ചില പ്രദേശങ്ങളെ മാത്രമാണ് അതു ബാധിച്ചതും. ഹിന്ദുമുസ്ലിം വേര്‍തിരിവ് പിന്നെ അതിലുണ്ടായി എന്നതും വസ്തുതയാണ്. കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് മനോരമയില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു.
ലേഖനത്തിന്റെ പൂണ്ണ രൂപം:
മലബാര്‍ കലാപത്തെ സ്വന്തം വീക്ഷണങ്ങള്‍ക്കനുസരിച്ചു സ്വാതന്ത്ര്യസമരമായോ കാര്‍ഷിക കലാപമായോ വ്യാഖ്യാനിക്കുന്നവരുണ്ട്. ചരിത്രത്തിലെ പല സംഭവങ്ങളും ഏകമുഖമായല്ല ഉണ്ടാകുന്നത്. ഒരു സംഗതിയില്‍ തുടങ്ങി മറ്റു പലതിലേക്കും മാറുകയാണ്. മലബാര്‍ കലാപത്തെയും അങ്ങനെയാണു കാണേണ്ടത്. ഒരു കലാപം അല്ലെങ്കില്‍ പ്രക്ഷോഭം ഉണ്ടായി എന്നതു മാത്രമാണ് എല്ലാവര്ക്കും ബോധ്യപ്പെട്ടിട്ടുള്ള വസ്തുത. താരതമ്യേന ഒരു ചെറിയ വിഭാഗം ആളുകള്‍ മാത്രമാണ് അതില്‍ പങ്കെടുത്തത്. ചില പ്രദേശങ്ങളെ മാത്രമാണ് അതു ബാധിച്ചതും. ഹിന്ദു-മുസ്ലിം വേര്‍തിരിവ് പിന്നെ അതിലുണ്ടായി എന്നതും വസ്തുതയാണ്. പക്ഷേ, അതിന്റെ വലുപ്പം സംബന്ധിച്ച വ്യാഖ്യാനങ്ങള്‍ പലതും പലരുടെയും താല്പര്യപ്രകാരം ഉടലെടുത്തതാണ്. അക്കാലത്ത് ഇവിടത്തെ ബ്രിട്ടിഷ് ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷവും ഹിന്ദുക്കളായിരുന്നു. കലാപം കാര്‍ഷിക പ്രശ്നങ്ങളില്‍നിന്ന് ആവേശംകൊണ്ടെങ്കിലും അതിന്റെ ആത്മപ്രകാശനശൈലിയില്‍ പിന്നെ മതത്തിന്റെ അംശങ്ങള്‍ കടന്നുവന്നു. അങ്ങനെ ആ പ്രക്ഷോഭം മുസ്ലിംകളെ സംബന്ധിച്ചും ഹിന്ദുക്കളെ സംബന്ധിച്ചും ഒരു വലിയ ദുരന്തമായിത്തീര്‍ന്നു.
ആരാണതില്‍ ജയിച്ചത്? മുസ്ലിംകളല്ല; ഹിന്ദുക്കളുമല്ല. സൈനികമായും രാഷ്ട്രീയമായും ബ്രിട്ടിഷ് സൈനിക മേധാവികള്‍ തന്നെയാണു വിജയം കൈവരിച്ചത്. അന്നത്തെ ഇംഗ്ലിഷുകാരനായ കലക്ടര്‍ ഇ.എസ്.തോമസ് മുസ്ലിംകളെ പ്രകോപിപ്പിക്കുന്നതിലും ഹിന്ദു-മുസ്ലിം സമുദായങ്ങളെ തമ്മിലകറ്റി മുതലെടുക്കുന്നതിലും വലിയ പങ്കു വഹിച്ചിരുന്നു.
മലബാര്‍ കലാപം ഒരു ചരിത്രസംഭവം എന്ന നിലയില്‍ നമ്മള് ഓര്‍ത്തിരിക്കേണ്ടതുതന്നെയാണ്. വാഗണ്‍ ട്രാജഡി പോലുള്ള സംഭവങ്ങള്‍ അതിന്റെ മാനങ്ങളെ ഉയര്‍ത്തിയിട്ടുണ്ട്. എന്നാലും ഏതു തരത്തിലായാലും അതിനെ വല്ലാതെ കൊണ്ടാടുന്നതു വരുംതലമുറകള്‍ക്കു ദോഷം ചെയ്യും. വസ്തുനിഷ്ഠമല്ലാത്ത വ്യാഖ്യാനങ്ങളെ ശാശ്വതവല്‍ക്കരിക്കാന്‍ അതു കാരണമാകും. കലാപം സംബന്ധിച്ച പല വസ്തുതകളും ഇനിയും പുറത്തുവരാനുണ്ട്. കലാപം സംബന്ധിച്ചു സ്വതന്ത്രമായ വ്യാഖ്യാനം ഉണ്ടാവണമെങ്കില്‍ ആ വസ്തുതകള്‍ പുറത്തുവിടുകയാണു വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: