ന്യൂദൽഹി: അഫ്ഗാനിസ്ഥാനിലെ അടച്ചിട്ടിരിക്കുന്ന ഇന്ത്യൻ കോൺസുലേറ്റുകളിൽ പരിശോധന നടത്തി താലിബാൻ ഭീകരർ. ഓഫിസുകൾ അലങ്കോലമാക്കുകയും പരിശോധന നടത്തിയശേഷം പരിസരത്ത് കിടന്നിരുന്ന വാഹനങ്ങൾ കടത്തിക്കൊണ്ടുപോകുകയും ചെയ്തുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പറയുന്നു. ഈ ആഴ്ച ആദ്യമാണ് കാണ്ഡഹാറിലും ഹെറത്തിലുമുള്ള ഇന്ത്യൻ കോൺസുലേറ്റുകളിലെത്തിയത്. രേഖകൾക്കായി അലമാരകൾ പരിശോധിച്ചു. പുറത്തിട്ടിരുന്ന കാറുകളാണ് കൊണ്ടുപോയത്.
കാബൂൾ, കാണ്ഡഹാർ, ഹെറത്, മസാരി ഷെരീഫ് എന്നിവടങ്ങളിലാണ് ഇന്ത്യക്ക് കോൺസുലേറ്റുകളുള്ളത്. താലിബാൻ രാജ്യത്തിന്റെ നിയമന്ത്രണം ഏറ്റെടുത്തതിന് പിന്നാലെയാണ് എല്ലാ കോൺസുലേറ്റുകളും പ്രവർത്തനം അവസാനിപ്പിച്ചത്. തുടർന്ന് നയതന്ത്ര ഉദ്യോഗസ്ഥരെയും ഓഫിസ് ജീവനക്കാരെയും ബുദ്ധിമുട്ടേറിയ ഒഴിപ്പിക്കൽ നടപടികളിലൂടെ രണ്ട് വ്യോമസേന വിമാനങ്ങളിലായി രാജ്യത്ത് തിരികെ എത്തിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി ഉൾപ്പെടെയുള്ളവർ തിരിച്ചെത്തി.
മറ്റ് രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരും പരിഭ്രാന്തരായ രാജ്യത്തെ ജനങ്ങളും അഫ്ഗാനിസ്ഥാന് പുറത്ത് കടക്കാൻ തിരക്കുകൂട്ടുകയാണ്. അതേസമയം അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ ചിലർ ഇപ്പോഴും കാബൂളിലുണ്ട്. അവർ വിമാനവും പ്രതീക്ഷിച്ച് നിൽക്കുകയാണ്. മൂന്ന് ദിവസംകൊണ്ട് ഇന്ത്യൻപൗരൻമാരെ കൂടാതെ ഇന്ത്യൻ നയന്ത്ര കാര്യാലായവുമായി ബന്ധപ്പെട്ട 200 പേരെ അഫ്ഗാനിസ്ഥാനിൽനിന്ന് ഒഴിപ്പിച്ചുവെന്ന് ഇന്ത്യൻ സ്ഥാപനപതി രുദ്രേന്ദ്ര ടണ്ഡൻ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: