പ്രത്യാശാഗാനത്തിന്റെ
മാറ്റൊലി മാഞ്ഞകന്നു
അറിയാത്ത ജ്വരമൂര്ച്ചയില്
തനുവും മനസ്സും നീറി.
ഇവിടിപ്പോള്‍ സുഖദുഃഖങ്ങള്‍
കപടമെന്നറിഞ്ഞിടുന്നു…
എവിടെയാണെന് മരുന്ന്
എവിടെയെന്‍ ഭിഷഗ്വരന്മാര്….?
ഉദിച്ചുമായുന്നൂ സൂര്യന്
കാര്മേഘത്തുറുങ്കിനുള്ളില്
പകലോയിരവോ,യെന്നറിയാന്‍
തടസ്സമായ് ന്യൂനമര്‍ദ്ദം !
ബിംബത്തെ മറച്ചിടുന്നു
പ്രതിബിംബം; എന്തദ്ഭുതം ,
നേരിന്റെ തേരില്‍ കയറാന്‍
കാക്കുന്നു മനുഷ്യധര്‍മ്മം.
നിന് ഹസ്തരേഖയ്ക്കുള്ളില്
എന്നെ ഞാന്‍ കണ്ടകാലം
‘എന്നും പൊന്നോണം നമ്മള്
ക്കെന്നോതീ ചിരിച്ച കാലം
ഇനിയെന്നും കടങ്കഥയായ്
നിലനില്‍ക്കുമെന്ന സത്യം
അറിയുന്നു ഞാന്‍; പിന്നെയും
ഉരുകുന്നു ജ്വരതാപത്തില്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: