ക്രിക്കറ്റിന്റെ മെക്കയായ ഇംഗ്ലണ്ട് ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഹരിശ്രീ കുറിച്ചത്. 1932 ജൂണ്‍ 25 മുതല്‍ 28 വരെ നടന്ന ഏക ടെസ്റ്റില്‍ ആതിഥേയര്‍ക്കായിരുന്നു 158 റണ്‍സിന്റെ വിജയം. നീണ്ട കാത്തിരിപ്പിനൊടുവില്‍ 1971ല്‍ ഓവല്‍ ടെസ്റ്റില്‍ അജിത് വഡേക്കറുടെ കീഴില്‍ ഇംഗ്ലണ്ടില്‍ ആദ്യമായി ഒരു ടെസ്റ്റ് വിജയവും ഒപ്പം പരമ്പരയും നേടിയെങ്കിലും ലോഡ്സില്‍ ഒരു ടെസ്റ്റ് വിജയത്തിന് പിന്നെയും കാത്തിരിക്കേണ്ടിവന്നു. 1983 ജൂണ്‍ 25 ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാമത്തെ ഫൈനല്‍ വിജയത്തിനായി ഇറങ്ങിയ കരുത്തരായ ക്ലൈവ് ലോയ്ഡിന്റെ വെസ്റ്റിന്‍ഡീസിനെതിരെ ഐതിഹാസിക വിജയം നേടിക്കൊണ്ട്, ക്രിക്കറ്റിലെ ചരിത്ര ഭൂമിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു പുതിയ ഉണര്‍വ് തന്നെ സമ്മാനിച്ചു. അന്നത്തെ കന്നി നേട്ടമാണ് പില്ക്കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഗതി ആകെ മാറിയതും, കളിയെ രാജ്യത്തെ പോപ്പുലര്‍ ഗെയിം ആക്കി മാറ്റിയതെന്നും പറയാതെ വയ്യ.
ലോകകപ്പ് വിജയത്തിനുശേഷം 1986 ജൂണില്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യ മൂന്ന് ടെസ്റ്റ് പരമ്പരയ്ക്ക് ഇംഗ്ലണ്ടിലെത്തി. ഷാര്‍ജയില്‍ പാകിസ്ഥാനെതിരെ ഏകദിന ഫൈനലില്‍ ചേതന്‍ ശര്‍മ അവസാന പന്തില്‍ ജാവേദ് മിയന് ദാദിന് സിക്സര്‍ വഴങ്ങിയതിന്റെ പേരിലുണ്ടായ വിവാദങ്ങള്‍ക്കു ശേഷമുള്ള വിദേശ പര്യടനം. ഇംഗ്ലണ്ടിലെ വേനല്‍ക്കാലത്തിന് തുടക്കത്തില്‍ സ്പിന്നര്‍മാര്‍ക്ക് തിളങ്ങുവാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ക്രിക്കറ്റ് ബോര്‍ഡ് ടീമിനെ ഒരുക്കിയിരുന്നത്. വെസ്റ്റിന്‍ഡീസില്‍ അഞ്ച് ടെസ്റ്റ് പരമ്പരയില്‍ മുഴുവന്‍ മത്സരങ്ങളും അടിയറവച്ച് ഡേവിഡ് ഗവറിന്റെ ഇംഗ്ലീഷ് ടീം ഇന്ത്യക്കെതിരെ കരീബിയന്‍ പേസിന് പകരം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ട്രേഡ് മാര്‍ക്കായ വരിഞ്ഞുമുറുക്കുന്ന സ്പിന്‍ മാജിക്കിനെ നേരിടാന്‍ തയ്യാറായിരുന്നു. 1984-85 പരമ്പരയില്‍ ഇന്ത്യക്കെതിരെ നമ്മുടെ മണ്ണില്‍ നേടിയ വിജയത്തിന്റെ ലഹരിയിലായിരുന്ന ഇംഗ്ലണ്ടിനു തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു. ബാറ്റിംഗില്‍ ഇന്ത്യയുടെ കരുത്ത് അറിയാമെങ്കിലും കപില്‍ ഒഴികെ മറ്റാര്‍ക്കും ഇംഗ്ലണ്ടിനെതിരെ മികച്ച റെക്കോര്‍ഡുകള്‍ ഒന്നുമുണ്ടായിരുന്നില്ല.
ജൂണ്‍ അഞ്ചിന് ലോഡ്സില്‍ മൂന്ന് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ കപില്‍ദേവ് ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയച്ചു. ഷാര്‍ജയിലെ വില്ലനാകേണ്ടി വന്ന ചേതന്‍ ശര്‍മ സെഞ്ച്വറി നേടിയ ഓപ്പണര്‍ ഗ്രഹാം ഗുച്ചിന്റെ ഉള്‍പ്പെടെ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി കൊണ്ട് ഇംഗ്ലണ്ടിനെ 294 റണ്‍സില്‍ പുറത്താക്കി. മറുപടിയായി ദിലീപ് വെങ്ങ്സര്കാറിന്റെ സെഞ്ചുറിയിലൂടെയും, മൊഹിന്ദര്‍ അമര്‍നാഥിന്റെ (69) മികച്ച ഇന്നിംഗ്സിലൂടെയും 341 റണ്‍സെടുത്ത ഇന്ത്യ 47 റണ്‍സിന് ഒന്നാം ഇന്നിംഗ്സ് ലീഡ് എടുത്തു. തന്റെ തുടര്‍ച്ചയായ മൂന്നാമത്തെ ലോഡ്സിലെ സെഞ്ചുറി (പുറത്താകാതെ 126) നേടിയ വെങ്ങ്സര്‍കാര്‍, അമര്നാഥുമൊത്ത ഇന്ത്യ ശക്തമായ നിലയില്‍ എത്തിക്കുമെന്ന് കരുതി ഇരുന്നപ്പോഴാണ് ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് നിര തകര്‍ന്നത്. 264ന് 8 വിക്കറ്റ് എന്ന നിലയില്‍, വെങ്ങ്സര്‍ക്കാര്‍ 81 റണ്‍സ് എടുത്തു നില്‍ക്കേ കൂട്ടിനായി എത്തിയ വിക്കറ്റ്കീപ്പര്‍ കിരണ്‍ മൊറെയും, സ്പിന്നര്‍ മനീന്ദര്‍ സിംഗുമാണ് ഇന്ത്യയ്ക്ക് ലീഡ് നേടിയ കൊടുക്കുവാന്‍ മികച്ച വാലറ്റ കൂട്ടുകെട്ടായിരുന്നത്. ആദ്യമായിട്ടാണ് വെങ്ങ്സര്ക്കാരിലൂടെ ലോഡ്സില്‍ തുടര്‍ച്ചയായി മൂന്ന് ടെസ്റ്റുകളില്‍ ഒരു വിദേശ ബാറ്റ്സ്മാന് സെഞ്ചുറി നേടുന്നത്. ജാക്കൂ ഹോബ്സ്, ലെന്ഹട്ടണ്, ഡെന്നിസ് കോപ്ടണ്‍, ജോണ്‍ എഡ്രിച്ച് ജെഫ് സോയ്കോട്ട് എന്നീ ഇംഗ്ലീഷുകാര്‍ മാത്രമേ ഈ അപൂര്‍വ്വ നേട്ടത്തിന് വെങ്ങ്സര്കാരിനു മുമ്പ് അര്‍ഹരായിട്ടുള്ളൂ.
നാലാം ദിവസം മത്സരം വിരസമായ ഒരു സമനിലയിലേക്ക് നീങ്ങും എന്നായിരുന്നു പ്രമുഖ ഇംഗ്ലീഷ് ക്രിക്കറ്റ് ലേഖകര്‍ പ്രവചിച്ചത്. പക്ഷേ 19 പന്തുകള്‍ക്ക് ഇടയില്‍ ഒരൊറ്റ റണ്‍ വഴങ്ങി കപില്‍ദേവ് ഓപ്പണര്‍മാരായ ഗ്രൂച്ചിനെയും, റോബിന്‍സണെയും, ക്യാപ്റ്റന്‍ ഡേവിഡ് ഗവറെയും കൂടാരത്തിലേക്ക് മടക്കിക്കൊണ്ട് കളിയുടെ ഗതി തിരിച്ചു വിട്ടു. ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരില് മൈക്ക് ഗാറ്റിങ്ങ് മാത്രമാണ് 40 റണ്‍സുമായി പിടിച്ചുനിന്നത്. കപിലും (4 വിക്കറ്റുകള്‍) മനിന്ദര്‍ സിംഗും (3 വിക്കറ്റുകള്‍) കൂടി ഇംഗ്ലണ്ടിനെ 180 റണ്‍സിന് കെട്ടിക്കുക തന്നെ ചെയ്തു. ചേതന്‍ ശര്‍മയും, റോജര്‍ ബിന്നിയും, രവി ശാസ്ത്രിയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
അഞ്ചാം ദിനത്തില്‍ ജൂണ്‍ പത്തിന് ചരിത്രംകുറിച്ച് വിജയത്തിലേക്ക് നായകന് കപില്‍ദേവ് തന്നെയാണ് മികച്ച ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ഇന്ത്യയെ നയിച്ചത്. അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും, ഒന്നു പതറിയെങ്കിലും വിജയത്തില്‍ നിന്ന് ഇന്ത്യയെ തടയുവാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. ഫില്‍ എഡ്മണ്ട്സിന്റെ ഒരൊറ്റ ഓവറില്‍ 18 റണ്‍സ് അടിച്ചെടുത്തു കപില്‍ദേവ് (3 ബൗണ്ടറികളും 1 സിക്സും) തന്നെയാണ് ഗ്രാന്ഡ്സ്റ്റാന്ഡിലേക്ക് ഒരു കൂറ്റന്‍ സിക്സര്‍ പറത്തി കൊണ്ട് ഇന്ത്യയെ 54 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ലോക ക്രിക്കറ്റ് പുണ്യഭൂമിയില്‍ വിജയത്തിലെത്തിച്ചത്. ലീഡ്സിലെ രണ്ടാം ടെസ്റ്റിലും ജയിച്ച് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ആദ്യമായി പരമ്പര സ്വന്തമാക്കി.
2014 ല്‍ മഹേന്ദ്ര സിംങ്ങ് ധോണിയുടെ ഇന്ത്യന്‍ ടീമാണ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം, ലോഡ്സില്‍ മറ്റൊരു വിജയം കൈവരിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ, അജിന്‍ക്യ രഹാനയുടെ (103്) സെഞ്ചുറിയുടെ മികവില്‍ 295 റണ്‍സെടുത്തു. വാലറ്റക്കാരന് ഭുവനേശ്വര്‍ കുമാറാണ് (36), മുഹമ്മദ് ഷമിക്കൊപ്പം (19) ഇന്ത്യയെ പൊരുതാന്‍ പോകുന്ന സ്കോറിലെത്തിച്ചത്. മറുപടിയായി അലിസ്റ്റര്‍ കൂക്ക് നയിച്ചിരുന്ന ഇംഗ്ലണ്ട് ഗ്യാരി ബാലന്‍സിന്റെ (110) സെഞ്ചറിയിലൂടെ 319 റണ്‍സെടുത്തു, 24 റണ്‍സ് ലീഡ് നേടി. 82 റണ്‍സിന് ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍ ആണ് ഇംഗ്ലീഷ് ബാറ്റിംഗിന്റെ നട്ടെല്ല് ഒടിച്ചത്. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഷമിക്കും മുരളി വിജയും ഓരോ വിക്കറ്റുകള്‍ ലഭിച്ചു. 24 ഓവറുകള്‍ എറിഞ്ഞ ഇഷാന്ത് ശര്‍മയ്ക്ക് വിക്കറ്റുകള്‍ ഒന്നും വീഴ്ത്താനായില്ല. രണ്ടാമിന്നിംഗ്സില്‍ ഓപ്പണര്‍ മുരളി വിജയയും (95), ഈശ്വര്‍ പുജാരയും (43), രവീന്ദ്ര ജഡേജയും (68) വാലറ്റത്ത് ഭുവനേശ്വര്‍ കുമാറും (52) ഇന്ത്യയെ 342 റണ്ിന്റെ് മികച്ച സ്കോറില്‍ എത്തിച്ചു. ആദ്യ ഇന്നിംഗ്സില്‍ 25 റണ്‍സെടുത്ത വിരാട് കോലി രണ്ടാം ഇന്നിംഗ്സില്‍ റണ്‍ ഒന്നും എടുക്കാതെ പുറത്തായി. ബെന്‍ സ്റ്റോക്സും പ്ലങ്കറ്റുമാണ് മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയത്.
ധോണിയുടെ നേതൃത്വം മികവ് ഒരിക്കല്‍ കൂടി കണ്ട മത്സരത്തില്‍ ഇംഗ്ലണ്ടിന് 223 റണ്‍സിന് ചുരുട്ടിക്കെട്ടിയത് തന്റെ കൃത്യതയാര്‍ന്ന മുനവച്ച ഏറുകളോടെ പന്തെറിഞ്ഞ ഇഷാന്ത് ശര്‍മയാണ്. 23 ഓവറില്‍ 74 റണ്‍സ് വഴങ്ങിയ ഇശാന്ത് ഏഴ് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരെയാണ് പവലിയനിലേക്ക് മടക്കിയത്. ജോ റൂട്ടും (66) മൊയിന്‍ അലിയും (39) മാത്രമാണ് ഇംഗ്ലീഷ് ടീമില്‍ പിടിച്ചു നിന്നവര്‍. മുഹമ്മദ് ഷമിയും ജഡേജയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ ആറു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറിന് രണ്ടാമിന്നിംഗ്സില്‍ വിക്കറ്റൊന്നും ലഭിച്ചില്ല. ഇഷാന്ത് ശര്‍മയായിരുന്നു മാന്‍ ഓഫ് ദ മാച്ച്. 95 റണ്‍സിനായിരുന്നു ഇന്ത്യയുടെ രണ്ടാമത്തെ ലോഡ്സ് വിജയം.
ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ലോഡ്സില്‍ ഇന്ത്യയ്ക്ക് 151 റണ്‍സ് ഉജ്വല വിജയം. ഈ വിജയത്തില്‍, ആറ് കളിക്കാര്‍- ക്യാപ്റ്റന്‍ വിരാട് കോലി, അജിന്‍ക്യ രഹാന, ചേതേശ്വര്‍ പുജാര, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ- രണ്ടാമത്തെ വിജയം നേടിയ ടീമിലും അംഗങ്ങളാണ്. അന്നത്തെ ടീമിലുണ്ടായിരുന്ന ഭുവനേശ്വര്‍ കുമാര്‍ ടീമിലുണ്ടായിരുന്ന പ്ലെയിന്‍ ഇലവനില്‍ ഇല്ലായിരുന്നു.
ഇന്ത്യയുടെ മൂന്നാമത്തെ ലോഡ്സ് വിജയത്തിലും ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി തിളക്കമുണ്ട്. കെ. എല്‍ രാഹുലിന്റെ സെഞ്ച്വറിയിലാണ് രണ്ടാമിന്നിംഗ്സില്‍ മുഹമ്മദ് ഷമീം (56 നോട്ടൗട്ട്) ജസ്പ്രീത് ബുംറ (34 നോട്ടൗട്ട്) പോരാട്ടത്തിനൊപ്പം ഇന്ത്യയ്ക്ക് വിജയിച്ചു കയറുവാനുള്ള സ്കോര്‍ ഉയര്‍ത്തിയത്.
ലോഡ്സില്‍ 10 ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് ആണ് 12 സെഞ്ചുറികള്‍ നേടിയിട്ടുള്ളത്. വിനു മങ്കാദ്, ഗുണ്ടപ്പ വിശ്വനാഥ്, മുഹമ്മദ് അസറുദ്ദീന്, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, അജിത് അഗാര്‍ക്കര്‍, അജിന്‍ക്യ രഹാന, കെ എല്‍ രാഹുല്‍, രവിശാസ്ത്രി, ദിലീപ് വെങ്ങ്സര്‍കാര്‍ (3 സെഞ്ചുറി) എന്നിവരാണവര്‍.
എന്‍. എസ്. വിജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: