മലപ്പുറം : എംഎസ്എഫ് നേതൃത്വത്തിനെതിരെ വനിത കമ്മിഷന് നല്കിയ പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് മുസ്ലിംലീഗ് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ നിന്നും അച്ചടക്കലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ന് ചേര്‍ന്ന മുസ്ലിംലീഗ് ഉന്നതതല സമിതിയുടേതാണ് നടപടി.
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുകയും ഹരിത നേതാക്കള്‍ക്കെതിരെ ലൈംഗിക അധിക്ഷേപമുള്പ്പടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച വനിത പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ലീഗിനുള്ളില്‍ തന്നെ എതിരഭിപ്രായം ഉയര്‍ന്നിരുന്നു. ഇതെല്ലാം വകവെയ്ക്കാതെയാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിക്കുന്നത്.
അതേസമയം ഹരിത നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ.വഹാബ് എന്നിവരോട് വിശദീകരണം തേടിയതായും മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ 10ന് മുമ്പായി വനിത കമ്മിഷന് നല്കിയ പരാതി പിന്‍വലിക്കണമെന്ന് മസ്ലിം ലീഗ് അന്ത്യശാസനം നല്‍കിയിരുന്നെങ്കിലും ഹരിത നേതൃത്വം അവഗണിച്ചതോടെയാണ് കടുത്ത നടപടി സ്വീകരിച്ചത്. നിലവിലുള്ള ഹരിത നേതൃത്വം കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്നതു കൂടി പരിഗണിച്ച് ഹരിത സംസ്ഥാന സമിതി പിരിച്ചുവിടണമെന്ന ധാരണയിലാണ് ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നത്.
വനിതാ കമ്മീഷന് പരാതി നല്കിയ പേരില്‍ പരാതിക്കാര്‍ക്കെതിരെ നടപടിയെടുത്താല്‍ ലീഗിനെ എതിരാളികള്‍ സ്ത്രീവിരുദ്ധ പാര്‍ട്ടിയായി ചിത്രീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ. മുനീര്‍, കുട്ടി അഹമ്മദ് കുട്ടി തുടങ്ങിയവര്‍ ഹരിതയ്ക്കതിരെ ഇപ്പോള്‍ നടപടിയെടുക്കരുതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോട് അറിയിച്ചിരുന്നു.
ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി.കെ. നവാസും, വി. അബ്ദുള്‍ വഹാബും നടത്തിയ ലൈംഗിക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് ഹരിതയുടെ 10 നേതാക്കള്‍ വനിതാ കമ്മിഷന് പരാതി നല്‍കിയത്. ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്.
സമാനമായ രീതിയിലായിരുന്നു അബ്ദുള്‍ വഹാബിന്റെയും പ്രതികരണം. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാപരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഹരിത നേതാക്കളുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: