തിരുവനന്തപുരം : സോളാര്‍ കേസുമായി ബന്ധപ്പെട്ട് കേസിലെ പ്രതിയായ സ്ത്രീ നല്കിയ സ്ത്രീപീഡനപരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചത്.
എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന് എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. നാല് വര്‍ഷത്തോളം കേരളാ പോലീസ് സ്ത്രീപീഡനക്കേസില്‍ അന്വേഷണം നടത്തിയ ശേഷമാണ് സിബിഐക്ക് കൈമാറിയത്. കുറ്റാരോപിതരായ ആര്‍ക്കുമെതിരേയും തെളിവ് കണ്ടെത്താനായിയിരുന്നില്ല. തുടര്‍ന്ന് പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് കേസ് സിബിഐക്ക് വിട്ടത്. കേസില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.
2012 ആഗസ്റ്റ് 19-ന് ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്ലിഫ് ഹൗസില്‍ അന്നേ ദിവസം ജോലിക്കുണ്ടായിരുന്ന പോലീസുകാര്‍, പേഴ്സണല്‍ സ്റ്റാഫ് എന്നിവരുടെ മൊഴിയെടുത്തായിരുന്നു അന്വേഷണം.
പരാതിക്കാരി അന്നേ ദിവസം ക്ലിഫ് ഹൗസില്‍ വന്നായി ആരും മൊഴി നല്‍കിയിട്ടില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ ടൂര്‍ ഡയറിയും മറ്റ് രേഖകളും ശേഖരിക്കാനും കഴിഞ്ഞില്ല. സംഭവം നടന്ന് ഏഴു വര്‍ഷം കഴിഞ്ഞതിനാല്‍ ഫോണ്‍ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന് മൊബൈല്‍ കമ്പനികളും രേഖാ മൂലം അറിയിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴിയല്ലാതെ മറ്റ് തെളിവുകളൊന്നും ഇതേ വരെ കൈമാറിയില്ലെന്നായിരുന്നു പോലീസിന്റെ റിപ്പേര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: