ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന് ആധിപത്യം സ്ഥാപിച്ച സാഹചര്യത്തില്‍ അവിടെ കുടുങ്ങിയ സിഖുകാരുള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരെയും തിരികെയെത്തിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനോടാണ് ട്വിറ്ററിലൂടെ അമരീന്ദര്‍ സിങ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇരുനൂറോളം സിഖുകാരാണ് നിലവില്‍ അഫ്ഗാനിലുള്ളത്. അവിടെയുള്ള ഗുരുദ്വാര താലിബാന് കൈയേറി. ഈ സാഹചര്യത്തില്‍ അവിടെ നിന്ന് എത്രയും പെട്ടെന്ന് സിഖുകാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും സിങ് ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ അതിര്‍ത്തിയില്‍ അധിക ജാഗ്രത പുലര്‍ത്തേണ്ട ആവശ്യമുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
ഇന്ത്യയുടെ നല്ലതിന് വേണ്ടി താലിബാന് ഒന്നും ചെയ്യില്ല. നമുക്കെതിരായി ചൈനയോടും പാകിസ്ഥാനോടും ചേര്‍ന്ന് അവരുടെ ശക്തി വര്‍ധിപ്പിക്കും. താലിബാനുമായി സൗഹൃദത്തിന് താത്പര്യമുണ്ടെന്ന് ചൈന അറിയിക്കുയും ചെയ്തു. ഈ സൂചനകള്‍ നല്ലതിനല്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: