ലണ്ടന്‍: വാലറ്റത്തിന്റെ കരുത്തില്‍ പൊരുതികയറി ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അവസാന ദിനം ഇന്ത്യ കരകയറിയത് ബൗളര്‍മാരുടെ ബാറ്റ് കൊണ്ടുള്ള മികവില്‍. ഒമ്പതാം വിക്കറ്റില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷാമിയും നടത്തിയത് അപരാജിത ചെറുത്തു നില്‍പ്പ്. പുറത്താകാതെ ഇരുവരും ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് എന്ന നിലയിലെത്തിച്ചു.
ഇരുവരുടെയും ബാറ്റിങ് മികവ് ഇന്ത്യയുടെ ലീഡ് 271 റണ്‍സിലെത്തിച്ചു. 62 ഓവര്‍ ബാക്കി നില്‍ക്കെ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മുഹമ്മദ് ഷാമി അര്‍ധസെഞ്ചുറിയുമായി കുതിച്ചപ്പോള്‍ ജസ്പ്രീത് ബുംറ പുറത്താകാതെ ഒപ്പം നിന്നു. ഒരു സിക്സുള്‍പ്പെടെ 56 റണ്‍സാണ് ഷാമി നേടിയത്. ബുംറ 34 റണ്‍സ് നേടി. നേരത്തെ അജിങ്ക്യ രഹാനെയുടെ അര്‍ധസെഞ്ചുറി മികവിലാണ് ഇന്ത്യ ഇരുനൂറിനടുത്തേക്ക് നീങ്ങിയത്. രഹാനെ 61 റണ്‍സ് നേടി. പൂജാര 45 റണ്‍സെടുത്തു. തുടക്കം കിട്ടിയ ഋഷഭ് പന്ത് 22 റണ്‍സിന് പുറത്തായി.
ജഡേജ മൂന്ന് റണ്‍സിന് പുറത്തായി. പിന്നീട് വാലറ്റം കളിയേറ്റെടുക്കുകയായിരുന്നു. ഇഷാന്ത് ശര്‍മ 16 റണ്‍സ് നേടി പോരാട്ടത്തിന് തുടക്കമിട്ടു. പിന്നീട് ബുംറയും ഷാമിയും കളി മുന്നോട്ട് കൊണ്ടുപോയി. 272 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാര്‍ രണ്ട് പേരും പൂജ്യത്തിന് മടങ്ങി. ബാറ്റിങ്ങിലെ ഫോം ബൗളിങ്ങിലും തുടര്‍ന്ന ബുംറ-ഷാമി കൂട്ടുകെട്ട് ഓപ്പണര്‍മാരെ മടക്കുകയായിരുന്നു. ഹസീബ് ഹമീദിനെ ഇഷാന്ത് ശര്‍മയും പുറത്താക്കി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 48 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ പതറുകയാണ് ഇംഗ്ലണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: