തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സായുധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിവിധ പരിപാടികളോടെ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിച്ചു. പാങ്ങോട് മിലിട്ടറി സ്റ്റേഷന്റെ നേതൃത്വത്തില്‍ രാജ്ഭവനില്‍ ധീര യോദ്ധാക്കളെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ധീരതക്കുള്ള അവാര്‍ഡ് നേടിയ ഹവീല്‍ദാര്‍ ആല്‍ബി ഡിക്രൂസ് (അശോക ചക്ര ക്ലാസ്3), കേണല്‍ മോഹന്‍ദാസ് (ശൗര്യ ചക്ര), ലഫ്. കൃഷ്ണകുമാര്‍ (ഹോണററി സേനാമെഡല്‍) എന്നിവരേയും ക്യാപ്റ്റന്‍ ജെറി പ്രേംരാജിന്റെ (വീര്‍ ചക്ര) മാതാവ് വി.ചെല്ലതായ്, നായിക് എസ്.ജയപ്രകാശിന്റെ (വീര്‍ ചക്ര) ഭാര്യ കെ.സുധ, മേജര്‍ ഗോപകുമാര്‍ രാമന്‍പിള്ളയുടെ (വീര്‍ ചക്ര) ഭാര്യ ഗീതാ ഗോപകുമാര്‍, ലഫ്.കേണല്‍ എസ്.ആനന്ദിന്റെ (ശൗര്യ ചക്ര) ഭാര്യ പ്രിയങ്ക നായര്‍ എന്നീ വീരവനിതകളേയും ആദരിച്ചു.
മദ്രാസ് റെജിമെന്റിന്റെ നേതൃത്വത്തില്‍ ആക്കുളം കായലില്‍ വച്ച് 75 സൈനികര്‍ പങ്കെടുത്ത ബോട്ട് റേസ് സംഘടിപ്പിക്കുകയും മത്സ്യബന്ധന ബോട്ടുകള്‍ ചേര്‍ത്തുവെച്ച് 75 എന്ന് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പാങ്ങോട് മിലിട്ടറി സ്റ്റേഷന് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ കാര്‍ത്തിക് ശേഷാദ്രി പരിപാടി ഉദ്ഘാടനം ചെയ്തു.
വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷനില്‍ നടന്ന പരേഡില്‍ സ്റ്റേഷന് കമാന്‍ഡര്‍ ജി. ശ്രീകുമാര്‍ സല്യൂട്ട് സ്വീകരിച്ചു. സൈനികര്‍ കോവളത്ത് പതാക ഉയര്‍ത്തി. സേനയുടെ കപ്പലായ സി441, സി427 എന്നിവയില്‍ പതാക ഉയര്‍ത്തുകയും ഡ്രെസ്സിങ് ഓവര്‍ ഓള് നടത്തുകയും ചെയ്തു. എന്‍.സി.സി (കേരളലക്ഷദ്വീപ്) ഡയറക്ടറേറ്റിന്റെ കീഴിലുള്ള വിവിധ എന്‍.സി.സി യൂണിറ്റുകളുടെ നേതൃത്വത്തില്‍ കേരളത്തിലുടനീളവും ലക്ഷദ്വീപിലും സ്വാതന്ത്ര്യ സമരസേനാനികള്‍ക്കും ധീരരക്തസാക്ഷികള്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കല്‍, ഫ്രീഡം റണ്‍, ക്ലീനിംഗ് ഡ്രൈവ്, ദേശിയസംയോജനത്തേയും രാഷ്ട്ര നിര്‍മ്മാണത്തെക്കുറിച്ചുമുള്ള വെബിനാര്‍, ദേശീയതലത്തിലുള്ള ക്വിസ് മത്സരങ്ങള്‍, ധീരതക്കുള്ള അവാര്‍ഡ് നേടിയവരേയും കുടുംബാംഗങ്ങളേയും ആദരിക്കല്‍, ദേശസ്നേഹത്തെക്കുറിച്ചുള്ള ഡാന്‍സ് മത്സരങ്ങള്‍, രക്തദാന ക്യാംപുകള്‍, തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: