ബെയ്ജിങ്: ഭീകരസംഘടന താലിബാനുമായി അടുത്ത സൗഹൃദത്തിന് തയാറെന്ന് ചൈന. അഫ്ഗാനിസ്ഥാനുമായുള്ള ‘സൗഹൃദപരവും സഹകരണപരവുമായ’ ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ ചൈന തയ്യാറാണെന്ന് താലിബാന് രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതിനു പിന്നാലെ ചൈനീസ് വക്താവ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക പിന്വാങ്ങയപ്പോള് തന്നെ താലിബാനുമായി അനൗദ്യോഗിക ബന്ധം നിലനിര്‍ത്താന്‍ ചൈന ശ്രമിച്ചിരുന്നു.ചൈന അഫ്ഗാനിസ്ഥാനുമായി 76 കിലോമീറ്റര്‍ (47 മൈല്‍) അതിര്‍ത്തി പങ്കിടുന്നണ്ട്.
സിന്‍ജിയാങ്ങിലെ മുസ്ലീം ന്യൂനപക്ഷമായ ഉയ്ഗൂര്‍ വിഘടനവാദികള്‍ക്ക് ആശ്രയമായി അഫ്ഗാനിസ്ഥാന് മാറുമെന്ന് ചൈന വളരെക്കാലമായി ഭയപ്പെട്ടിരുന്നു.എന്നാല്‍, അഫ്ഗാനിസ്ഥാന് തീവ്രവാദികളുടെ താവളമായി ഉപയോഗിക്കില്ലെന്ന് വാഗ്ദാനം ചെയ്ത് ഒരു ഉന്നതതല താലിബാന് പ്രതിനിധി സംഘം കഴിഞ്ഞ മാസം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. പകരമായി, അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തിനായി ചൈന സാമ്പത്തിക പിന്തുണയും നിക്ഷേപവും വാഗ്ദാനം ചെയ്തു.
അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള അവസരത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ചൈന. ‘ചൈനയുമായി നല്ല ബന്ധം വളര്‍ത്തിയെടുക്കാമെന്ന് താലിബാന് ആവര്‍ത്തിച്ച് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെന്നും അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തിലും വികസനത്തിലും ചൈനയുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ടെന്നും’ വിദേശകാര്യ വക്താവ് ഹുവ ചുനിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ഞങ്ങള്‍ ഇത് സ്വാഗതം ചെയ്യുന്നു. അഫ്ഗാന് ജനതയ്ക്ക് അവരുടെ വിധി സ്വതന്ത്രമായി നിര്‍ണ്ണയിക്കാനുള്ള അവകാശത്തെ ചൈന ബഹുമാനിക്കുന്നു, അഫ്ഗാനിസ്ഥാനുമായി സൗഹൃദപരവും സഹകരണപരവുമായ ബന്ധം വികസിപ്പിക്കാന്‍ തുടരാന്‍ തയ്യാറാണ്.’ അധികാരത്തിന്റെ ‘സുഗമമായ പരിവര്‍ത്തനം ഉറപ്പാക്കാനും’ ‘തുറന്നതും ഉള്‍ക്കൊള്ളുന്നതുമായ ഇസ്ലാമിക സര്‍ക്കാര്‍’ സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്താനും അഫ്ഗാനികളുടെയും വിദേശ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാനും താലിബാനോട് ഹുവാ ആവശ്യപ്പെട്ടു. കാബൂളിലെ ചൈനയുടെ എംബസി പ്രവര്‍ത്തനക്ഷമമായി തുടരുകയാണ്. സുരക്ഷാ സാഹചര്യങ്ങള്‍ മോശമാകുന്നതിനിടയില്‍ മാസങ്ങള്‍ക്ക് മുമ്പ് ചൈന പൗരന്മാരെ രാജ്യത്ത് നിന്ന് ഒഴിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: