ത്രാല്‍ : സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തി കൊടും ഭീകരന് ബുര്‍ഹാന്‍ വാനിയുടെ പിതാവ് മുസാഫര്‍ വാനി. ത്രാലിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലാണ് അദ്ദേഹം. സ്കൂളിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ തുടക്കമിട്ടാണ് അദ്ദേഹം ദേശീയ പതാക ഉയര്‍ത്തിയത്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75ാം വാര്‍ഷികത്തിന്റെ ഓര്‍മയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ പരമ്പരയാണ് ആസാദി കാ അമൃത് മഹോത്സവ്. അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തിലെ എല്ലാ സ്കൂളുകളിലും ത്രിവര്‍ണ പതാക ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് മുസാഫര്‍ വാനിയും സ്കൂളില്‍ പതാക ഉയര്‍ത്തിയത്.
അതേസമയം ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ താത്പര്യമില്ലാത്തതിനാല്‍ താന്‍ ജോലി രാജിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ ശനിയാഴ്ച വാനി തള്ളിയിരുന്നു. പ്രചരിച്ച വാര്‍ത്തകള്‍ കിംവദന്തി മാത്രമാണെന്നും അദ്ദേഹം അറിയിച്ചു. വാനി സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങളില്‍ ഇതിനോടകം തന്നെ വൈറല്‍ ആയിക്കഴിഞ്ഞു.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറും കൊടും ഭീകരനുമായിരുന്ന ബുര്‍ഹാന്‍ വാനിയെ 2016ലാണ് സൈന്യം വധിക്കുന്നത്. സോഷ്യല്‍ മീഡിയകള്‍ വഴി യുവാക്കളെ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുകയായിരുന്നു ബുര്‍ഹാന്‍ വാനിയുടെ പ്രധാന ലക്ഷ്യം. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പോസ്റ്റര്‍ ബോയി എന്നറിയപ്പെട്ടിരുന്ന ബുര്‍ഹാന്‍ തോക്കുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളുമായി നില്ക്കുന്ന ചിത്രം ഇടയ്ക്കിടെ ഇയാള്‍ പങ്കുവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: