കോഴിക്കോട്: ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ 17ന് ഉദ്ഘാടനം ചെയ്യും. വെര്‍ച്വല്‍ റാലി വഴിയാണ് ഉദ്ഘാടനമെന്ന് ജില്ല അധ്യക്ഷന്‍ വി.കെ. സജീവന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
14,279 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് കോഴിക്കോട് തളി ക്ഷേത്രത്തിന് സമീപം നിര്‍മ്മിച്ച പുതിയ ഓഫീസ് സമുച്ചയം. ചെറുതും വലുതുമായ രണ്ട് സമ്മേളനഹാളുകള്‍, രണ്ട് ബോര്‍ഡ് റൂമുകള്‍, താമസമുറികള്‍, വിവിധ മോര്‍ച്ചകളുടെ ഓഫീസ്, ലൈബ്രറി, അടുക്കള, റിസപ്ഷന്, പാര്‍ക്കിങ് ഏരിയ എന്നിവ ഓഫീസ് സമുച്ചയത്തിലുണ്ട്.
കോഴിക്കോട്ടെ ബിജെപി പ്രവര്‍ത്തകരുടെ ഏറെക്കാലത്തെ സ്വപ്നസാക്ഷാത്കാരമാണ് ഈ ഓഫീസ് കെട്ടിടമെന്ന് വി.കെ. സജീവന് പറഞ്ഞു. ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. മാരാരുടെ സ്മരണയ്ക്കായി മാരാര്‍ജി ഭവന് എന്നാണ് ഓഫീസിന് പേരിട്ടിരിക്കുന്നത്. ഓഫീസിന് മുന്നില്‍ മാരാര്‍ജിയുടെ പ്രതിമയും സ്ഥാപിക്കും. കോഴിക്കോടിന്റെ സാംസ്കാരിക പ്രൗഢി വെളിപ്പെടുത്തുന്ന ഒരു ചിത്രച്ചുമരും ഓഫീസിന് മുന്നില്‍ ഒരുക്കുന്നുണ്ട്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും ബിജെപിയുടെ പൂര്‍വ്വരൂപമായ ഭാരതീയ ജനസംഘത്തിന്റെയും കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച പ്രദേശമെന്ന നിലയില്‍ കോഴിക്കോടിന് സംഘടനാ ചരിത്രത്തില്‍ വലിയ പ്രധാന്യമുണ്ട്. 1967ല്‍ കോഴിക്കോട്ട് നടന്ന ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തിലാണ് ദീന് ദയാല്‍ ഉപാദ്ധ്യായ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് സമ്മേളന നഗരിയായ തളി സാമൂതിരി സ്കൂള്‍ ഗ്രൗണ്ടിന് തൊട്ടടുത്താണ് ഇപ്പോള്‍ ബിജെപി ജില്ലാ ആസ്ഥാനം.
ഉദ്ഘാടന പരിപാടി രണ്ട് വേദികളിലായാണ്. ഉദ്ഘാടകന്‍ ജെ.പി. നദ്ദ, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ബി.എല്‍. സന്തോഷ്, കേന്ദ്രമന്ത്രി വി. മുരളീധരന്, ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് എന്നിവര്‍ ദല്‍ഹിയിലെ വേദിയില്‍ പങ്കെടുക്കും. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, ഒ. രാജഗോപാല്‍, സി.പി. രാധാകൃഷ്ണന്, കുമ്മനം രാജശേഖരന്, സി.കെ. പദ്മനാഭന്, എം.ടി. രമേശ് തുടങ്ങിയ നേതാക്കള്‍ കോഴിക്കോട്ടെ വേദിയിലായിരിക്കും. ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി സോവനീര്‍ പുറത്തിറക്കുമെന്നും വി.കെ. സജീവന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ഉത്തര മേഖല ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ല ഉപാധ്യക്ഷന്‍ ബി.കെ. പ്രേമന്, ജില്ല സെക്രട്ടറി പി. പ്രശാന്ത്, ട്രഷറര്‍ വി.കെ. ജയന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: