സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം പിറന്നാളാണ് ഇന്ന് നാം ആഘോഷിക്കുന്നത്. ഇത്തവണത്തെ പിറന്നാള്‍ മധുരതരമാക്കാന്‍ ടോക്യോ ഒളിംപിക്സില്‍ നമുക്ക് സുവര്‍ണ മെഡല്‍ അടക്കം ലഭിച്ചിട്ടുണ്ട്. ഈ പ്ലാറ്റിനം ജൂബിലി ഒരു മഹാസംഭവമായി മാറുകയാണ്. ദൈവത്തിന്റെ നാട്ടുകാരനായ ശ്രീജേഷും ഒളിംപിക്സ് അവാര്‍ഡു കൊണ്ടുവന്ന സുവര്‍ണ സംഘത്തിലുണ്ടായതിന്റെ പ്രത്യേക അഭിമാനം നമുക്കുണ്ട്; സംസ്ഥാന സര്‍ക്കാരിന് അതില്ലെങ്കിലും. (ഒടുവില്‍ അപമാനിതരായ സര്‍ക്കാര്‍ രണ്ടു കോടിയും ശ്രീജേഷിന് പ്രമോഷനും അനുവദിച്ച കാര്യം മറക്കുന്നില്ല)
നമുക്ക് യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചോ എന്ന ചോദ്യം ചില കോണുകളില്‍ നിന്ന് ഉയരാറുണ്ട്. എന്താണ് സ്വാതന്ത്ര്യമെന്ന മറുചോദ്യവും. എന്തായാലും സ്വാതന്ത്ര്യ സമ്പാദനത്തിന് മുക്കാല്‍ നൂറ്റാണ്ടായിട്ടും അടിമത്തത്തിന്റെ ശേഷിപ്പുകള്‍ പലതരത്തിലും വിധത്തിലും നമ്മെ ചുറ്റിവരിഞ്ഞു കൊണ്ടിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ഇതിനെക്കുറിച്ച് അടുത്തിടെ പാര്‍ലമെന്റിലും പരാമര്‍ശമുയര്‍ന്നു.
രാജ്യസഭയില്‍ തരുണ്‍ വിജയ് ആണ് ഒരു ചോദ്യമുന്നയിച്ച് അംഗങ്ങളെ ഞെട്ടിച്ചത്. വിമാനങ്ങളുടെ ചിറകിലും ബോഡിയിലും വി.ടി എന്ന് എഴുതി വെച്ചത് എന്തിനെ സൂചിപ്പിക്കുന്നു എന്നായിരുന്നു ചോദ്യം. അംഗങ്ങള്‍ പരസ്പരം നോക്കി തല താഴ്ത്തിയിരുന്നതല്ലാതെ മറുപടി ഉണ്ടായില്ല. ഒടുവില്‍ തരുണ്‍ തന്നെ വിശദീകരണവുമായി എഴുന്നേറ്റു.
വിമാനച്ചിറകിലും ബോഡിയിലും സൂചിപ്പിച്ച വി.ടി. എന്നതിന്റെ പൂര്‍ണരൂപം അടിമത്തത്തിന്റെ തെളിവാണ്. ബ്രിട്ടീഷുകാര്‍ കൈയടക്കി വെച്ച പ്രദേശത്തിന്റെ വാഹനമാണ് ഇതെന്ന് ! അതായത് ‘വൈസ്രോയി ടെറിട്ടറി’ (വൈസ്രോയിയുടെ അധികാര പരിധിയിലെ രാജ്യം).
അന്താരാഷ്ട്ര നിയമമനുസരിച്ച് ഏതൊരു വിമാനത്തിനും ഏതു രാജ്യത്തിന്റെയാണെന്നതിന് തെളിവു വേണം. അതിന്റെ ചുരുക്കപ്പേര് കോഡില്‍ രേഖപ്പെടുത്തണം. അഞ്ചക്ഷരങ്ങള്‍ ചേര്‍ന്നതിലെ ആദ്യ രണ്ടക്ഷരമാണ് ഈ കോഡ്. ശേഷിക്കുന്നത് ഏതു കമ്പനിയുടേതാണെന്നും.
ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനാണ് (ഐസിഎഒ) ഈ കോഡ് രാജ്യങ്ങള്‍ക്ക് അനുവദിച്ചു കൊടുക്കുന്നത്.1929 ല്‍ ബ്രിട്ടീഷുകാര്‍ക്ക് അനുവദിച്ചു കൊടുത്ത (വൈസ്രോയി ടെറിട്ടറി) ലൈസന്‍സ് കോഡുമായാണ് ഇന്ത്യന്‍ എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും പറക്കുന്നതെന്നര്ഥം! സ്വന്തംരാജ്യത്തിനു വേണ്ടി ഇത്ര കാലമായിട്ടും നമ്മുടെ അഭിമാന യന്ത്രപ്പക്ഷിക്ക് രാജ്യത്തിന്റെ പേരുള്ള കോഡ് കൊടുക്കാനായില്ല എന്നു ചുരുക്കം. തങ്ങളുടെ അധികാര പരിധിയില്‍ നിന്നു തന്നെയാണ് ഇന്ത്യയിലെ വിമാനങ്ങള്‍ പറക്കുന്നതെന്നറിഞ്ഞ് ബ്രിട്ടീഷുകാര്‍ ഉള്ളാലെ പൊട്ടിച്ചിരിക്കുന്നുണ്ടാകും. അഭിമാന ബോധമുള്ള ഒരു രാജ്യത്തിന് അനുവദിച്ചു കൊടുക്കാനാവുമോ ഇത് ? മറ്റു രാജ്യങ്ങളുടെ ചുരുക്കപ്പേരുമായി ആകാശപ്പക്ഷികള്‍ പറക്കുമ്പോള്‍ ബ്രിട്ടീഷുകാരന്റെ പ്രേതപ്പേരുമായി ഇന്ത്യന്‍ എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും! എങ്ങനെ നമുക്കു സ്വത്വബോധമുണ്ടാവും? 87 കൊല്ലമായി നാമതങ്ങനെ സ്വന്തമാക്കി അഭിമാനിക്കുകയാണ്.
മെക്കാളെ എങ്ങനെയൊക്കെ നമ്മുടെ വിദ്യാഭ്യാസ സൈദ്ധാന്തിക മേഖലകളില്‍ അള്ളിപ്പിടിച്ചു കിടക്കുന്നു എന്നതിന്റെ വാചാലമായ മുഖമാണിത്. ചരിത്ര പുസ്തകങ്ങളിലൂടെ ഇന്ത്യന്‍ മസ്തിഷ്കങ്ങളെ കീഴ്മേല്‍ മറിക്കുന്ന ആ മെക്കാളെ രീതി ഇന്നും തുടരുകയല്ലേ? അതിനെതിരെ ചെറിയ നീക്കങ്ങളുണ്ടാവുമ്പോള്‍ തല്‍പ്പരകക്ഷികള്‍ ഒന്നിച്ചെതിര്ക്കുകയല്ലേ? ഭൗതികമായി മാത്രമേ ഇംഗ്ലീഷുകാരന് ഇന്ത്യ വിട്ടിട്ടുള്ളൂ എന്നതിന് എത്രയെത്ര ഉദാഹരണങ്ങള്‍ വേണം.
ഒരു വമ്പന്‍ സദസ്സിനെ അഭിസംബോധന ചെയ്യവേ എങ്ങനെയാണ് നമ്മള് ചരിത്രത്തില്‍ നിന്നും സാംസ്കാരിക-പാരമ്പര്യത്തനിമയില്‍ നിന്നും അകന്നു പോയതെന്ന് മന്ത്ര മധുരമായി സദ്ഗുരു ജഗ്ഗി വാസുദേവ് ചൂണ്ടിക്കാണിക്കുന്നുണ്ട്. കൊല്ലും കൊലയും അധിനിവേശവും ഉള്‍പ്പെടെയുള്ളവയൊക്കെ പാഠശാലകളിലെ പുസ്തകങ്ങളില്‍ പഠിപ്പിക്കുന്നു. എന്നാല്‍ ഗരിമയായ ഭാരത പൈതൃകവും അഭിമാനകരമായ സ്ഥാപനങ്ങളും സംസ്കാരവും അന്യം!
ലബനനിലെ സ്കൂളില്‍ കുട്ടികള്‍ പഠിക്കുന്ന ചരിത്രമെന്താണ്?4300 വര്‍ഷം മുമ്പ് അവിടെ ബാള്ബക്ക് ക്ഷേത്രം പണിത തമിഴ് രാജാക്കന്മാരെപ്പറ്റി. ഭാരതീയ കരകൗശലത്തെപ്പറ്റി! യോഗിമാരെപ്പറ്റി, യോഗയെപ്പറ്റി. ക്ഷേത്രത്തിന്റെ തറയ്ക്കുവേണ്ടി ഉപയോഗിച്ച കല്ലുകള്‍ക്ക് കുറഞ്ഞത് 300 കിലോയാണ് ഭാരം! ഈജിപ്തില്‍ നിന്നാണ് കനാലിലൂടെ ഗ്രാനൈറ്റ് കൊണ്ടുവന്നത്. എല്ലാ പണിക്കാരും ഇന്ത്യാക്കാര്‍. ഇതേ പോലെ കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രവും പണികഴിപ്പിച്ചത് തമിഴ് രാജാക്കന്മാര്. ഭൂമിയിലെ ഏറ്റവും വലിയ ക്ഷേത്രമാണത്. ഇന്ത്യയിലെ ഏതെങ്കിലും ചരിത്ര പുസ്തകത്തില്‍ ഇതിനെപ്പറ്റി പരാമര്‍ശമുണ്ടോ? കുട്ടികള്‍ പഠിക്കുന്നുണ്ടോ? ഇന്ത്യയുടെ വൈഭവശാലിത്വമാര്‍ന്ന പാരമ്പര്യവും സംസ്കാരവും അറിയുന്നതും മനസ്സിലാക്കുന്നതും പഠിക്കുന്നതും വിദേശികളാണ്. അതേസമയം അവരുടെ ബാലിശമായ രീതികളിലാണ് നാം അഭിരമിക്കുന്നത്. അതുകൊണ്ട് തന്നെ അവരെ യോഗ പഠിപ്പിക്കാനാണ് താനിനി ശ്രദ്ധവെയ്ക്കുന്നതെന്ന് സദ്ഗുരു പറയുന്നു.
സ്വാതന്ത്ര്യ മധുരം നുകരാന്‍ നാം തയാറെടുക്കുമ്പോള്‍ മനസ്സിലുണ്ടാവണ്ടേ ഇതൊക്കെ? വൈഭവമാര്‍ന്ന ഭാരതത്തിന്റെ ശരിയായ ചരിത്രം മനസ്സിലാക്കിയെങ്കില്‍ മാത്രമേ ഈ സ്വാതന്ത്ര്യദിനം സാര്‍ഥകമായെന്ന് പറയാനാവൂ. ‘ലോകാഃ സമസ്താ സുഖിനോ ഭവന്തു ‘ എന്ന അക്ഷരങ്ങളില്‍ തുടിച്ചു തുള്ളുന്നത് ഇന്ത്യന്‍ സ്വത്വമാണ്. അതിന്റെ ഓര്‍മ്മ കൂടി ഇന്നത്തെ സ്വാതന്ത്ര്യദിനാഘോഷവേളയില്‍ ഉണ്ടായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: