ആലപ്പുഴ: കോഴിക്കോട് ആസ്ഥാനമായുളള മൈ ക്ലബ് ട്രേഡിങ് എന്ന സ്ഥാപനം മള്‍ട്ടി നാഷണല്‍ കമ്പനിയാണെന്നും നിക്ഷേപം നടത്തിയാല്‍ അധിക ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് മണിചെയിന്‍ മാതൃകയില്‍ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്.
ആലപ്പഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സിലെ പ്രതിയായ ആലപ്പുഴ മുന്‍സിപ്പല്‍ സ്റ്റേഡിയം വാര്‍ഡില്‍ അത്തിപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് സുഹൈല്‍(22), മുനിസിപ്പല്‍ സിവില്‍ സ്റ്റേഷന് വാര്ഡില്സജിത മന്‍സിലില്‍ മുനവ്വര്‍, കോട്ടയം വെള്ളൂര്‍ കളരിക്കല്‍ വീട്ടില്‍ ജിബു, ആലപ്പുഴ മുനിസിപ്പല്‍ ലജനത്ത് വാര്‍ഡില്‍ വട്ടപ്പള്ളി പട്ടേരി പറമ്പില്‍ വീട്ടില്‍ ആരിഫുദ്ദീന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തും. പ്രതികള്‍ ടോള്‍ ഡീല്‍ വെഞ്ച്വേര്‍സ് എന്ന കമ്പനിയുടെ ഉപ കമ്പനിയാണ് മൈ ക്ലബ് ട്രേഡിങ് എന്ന് വിശ്വസിപ്പിച്ചിരുന്നത്. രണ്ട് സ്ഥാപനങ്ങളും യഥാര്‍ത്ഥത്തില്‍ കമ്പനിയായല്ല എല്എല്പിയായിട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാങ്കോക്ക് ആസ്ഥാനമായി നിക്ഷേപകരില്‍ നിന്നും സ്വീകരിക്കുന്ന തുക ഉപയോഗിച്ച് ഓഹരി എന്നിവയില്‍ നിക്ഷേപിച്ച് 20% റിട്ടേണ്‍ ഒരു വര്‍ഷത്തേക്ക് നല്‍കാമെന്നാണ് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്.
സമാന സംഭവത്തിന് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. ഇപ്പോള്‍ വൈബ്സൈറ്റ് പുനര്‍ നാമകരണം ചെയ്ത് തട്ടിപ്പ് തുടരുകയാണ്. ഈ എല്‍എല്‍പി കളുടെ ഉടമസ്ഥരിലേക്കും പങ്കാളികളിലേക്കും അന്വേഷണം നടത്തുന്നതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: