ഗുവാഹത്തി: ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി വെങ്കലമെഡല്‍ സ്വന്തമാക്കിയ ലവ്‌ലിന ബോര്‍ഗൊഹെയ്‌നെ സംസ്ഥാന പോലീസ് സേനയിലേയ്‌ക്ക് ക്ഷണിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ. ലവ്‌ലിനയെ അനുമോദിക്കാന്‍ സംസ്ഥാന തലസ്ഥാനമായ ഗുവാഹത്തിയില്‍ നടത്തിയ പരിപാടിയിലാണ് മുഖ്യമന്ത്രി താരത്തോട് അഭ്യര്‍ത്ഥന നടത്തിയത്. ക്ഷണം സ്വീകരിച്ചാല്‍ ഡിഎസ്പി ആയിട്ടായിരിക്കും നിയമനം.
രാജ്യത്തിനായി വെങ്കലമെഡല്‍ കരസ്ഥമാക്കിയ ലവ്‌ലിനയ്‌ക്ക് കൂടുതല്‍ പാരിതോഷികങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അടുത്ത ഒളിമ്പിക്‌സ് വരെ ലവ്‌ലിനയ്‌ക്ക് പ്രതിമാസം ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കും. ഗാലഘട്ട് ജില്ലയിലെ സൗപത്താറില്‍ സ്ഥാപിക്കുന്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് ലവ്‌ലിനയുടെ പേര് നല്‍കുമെന്നും അസം മുഖ്യമന്ത്രി വ്യക്തമാക്കി.
വെങ്കല നേട്ടത്തിന്‌ശേഷം നാട്ടിലെത്തിയ ലവ്‌ലിനയ്‌ക്ക് വലിയ സ്വീകരണമാണ് സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. താരത്തെ സ്വീകരിക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയും കായിക മന്ത്രി ബിമല്‍ ബോറയും മറ്റു മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഗോഹട്ടി വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇത്ര വലിയ സ്വീകരണം പ്രതീക്ഷിച്ചിരുന്നില്ലെന്നും വലിയ സന്തോഷമുണ്ടെന്നും അസം സര്‍ക്കാര്‍ കാട്ടുന്ന സ്‌നേഹത്തിന് വലിയ നന്ദി ഉണ്ടെന്നുമായിരുന്നു ലവ്‌ലിനയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: