കശ്മീര്‍: പാകിസ്ഥാനില്‍ സ്റ്റുഡന്റ് / ടൂറിസ്റ്റ് വിസയില്‍ പഠനത്തിനായി പോയ 57 വിദ്യാര്‍ത്ഥികള്‍ 2017-2018 കാലത്ത് തീവ്രവാദികളായി മാറിയെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗിന്റെ വെളിപ്പെടുത്തല്‍.
‘പഠിക്കാനാണ് 57 പേരും പാകിസ്ഥാനില്‍ പോയത്. പക്ഷെ അവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. തിരിച്ചുവന്ന ഇവരില്‍ 17 പേര് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നിയമാനുസൃത പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് ഇവര്‍ പാകിസ്ഥാനില്‍ പോയത്. പക്ഷെ തീവ്രവാദ പരിശീലനം നേടിയ ശേഷം ഇവര്‍ അതിര്‍ത്തി മുറിച്ചുകടന്ന് നിയന്ത്രണ രേഖയിലൂടെയാണ് തിരിച്ചെത്തിയത്. പഠിക്കാനായി അവിടെ പോയ വിദ്യാര്‍ത്ഥികള്‍ തോക്കെടുക്കാനാണ് പഠിച്ചത്. പാകിസ്ഥാന്റെ മണ്ണില്‍ പേനയേക്കാള്‍ അവര്‍ വിലമതിച്ചത് തോക്കിനെയാണ്. പഠിക്കാനായി പോയവര്‍ തീവ്രവാദികളായി തിരിച്ചുവന്നു. ,’ ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു.
‘തീവ്രവാദവുമായി നേരിട്ട് ബന്ധമില്ലാത്തവര്‍ പിന്നീട് അതുമായി നേരിട്ട് ബന്ധപ്പെടുന്നത് കണ്ടു. ജമ്മു കശ്മീര്‍ പൊലീസ് മയക്കമരുന്ന്, ഐഇഡി, ആയുധങ്ങള്‍ വഴിയായ തീവ്രവാദശ്രമങ്ങളെ 50 ശതമാനവും നശിപ്പിച്ചു. ജമ്മുകശ്മീരില്‍ ഇപ്പോഴും വിവരകൈമാറ്റ സംവിധാനം സജീവമാണ്. അതിനാല്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നു,’- അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ അതിര്‍ത്തികള്‍ ശക്തമാക്കി. ഹൈവേകളും ഇന്റീരിയല്‍ ഗ്രിഡുകളും സുശക്തമാക്കി. പാകിസ്ഥാനും അവരുടെ ഏജന്‍സികളും ദുര്‍ബലരായവരെ തീവ്രവാദത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചു. തീവ്രവാദം പ്രചരിപ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചു. പാകിസ്ഥാന്റെ എല്ലാ ശ്രമങ്ങളെയും പൊലീസ് പരാജയപ്പെടുത്തി. ‘ അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: