തിരുവനന്തപുരം ആയിരക്കണക്കിന് പേർക്ക് ജോലി നൽകിയിരുന്ന ഇംഗ്ലീഷ് ഇൻഡ്യൻ ക്ലേയ്സ് കേരളം വിടാനൊരുങ്ങുന്നു. നിലവിലെ നിക്ഷേപങ്ങളെല്ലാം ഗുജറാത്തിലെ കമ്പനിയുടെ പ്രവർത്തനങ്ങളിലേക്ക് കേന്ദ്രീകരിക്കാനാണ് കമ്പനി ആലോചിക്കുന്നത്.
കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക അഘാതത്തിനൊപ്പം അസംസ്കൃത വസ്തുവായ ക്ലേ ഖനനത്തിന് അനുമതി കൂടി ഇല്ലാതായതോടെ കമ്പനി നേരിടുന്നത് ഗുരുതര പ്രതിസന്ധിയാണെന്നാണ് അധികൃതരുടെ ഭാഷ്യം. കമ്പനി പ്രവർത്തനം പ്രതിസന്ധിയിലായതോടെ മാർക്കറ്റ് ഷെയറിലും ഉത്പന്ന വിപണനത്തിലും ഇടിവുണ്ടായി വൻ സാമ്പത്തിക തകർച്ച ഉണ്ടായതായി കമ്പനി അറിയിച്ചു. ഇതോടെ ഭാവിയിൽ കേരളത്തിലെ നിക്ഷേപ സാധ്യതകളിലും കമ്പനിക്ക് ആശങ്കയുണ്ട്.
ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ തോന്നയ്‌ക്കലിലെ ഫാക്ടറിയുടെ പ്രവർത്തനങ്ങളും വേളിയിലേതിന് സമാനമായി കുറയാൻ സാധ്യതയുണ്ടെന്നും കമ്പനി ആശങ്കപ്പെടുന്നു. പരിമിതമായ രീതിയിൽ മാത്രം മൈനിങ് നടക്കുന്ന തോന്നയ്‌ക്കലിൽ നിന്ന് ലഭിക്കുന്ന ക്ലേ ആവശ്യമായ ഗുണമേന്മയില്ലാത്തതാണ്. ഗുണനിലവാരവും അളവും വേണ്ടത്രയില്ലാത്തതും കമ്പനിയുടെ പ്രവർത്തനത്തിന് തിരിച്ചടിയായി. വിപണിയിടിവ് കൂടിയായതോടെ ആഘാതം ഇരട്ടിയായതായും കമ്പനി അറിയിച്ചു.
സർക്കാരിന്റെ വിവിധ തലങ്ങളിൽ കമ്പനി ഇതിനോടകം ബന്ധപ്പെട്ടെങ്കിലും അസംസ്കൃത വസ്തുക്കളുടെ കുറവ് ഗുരുതരമായ വെല്ലുവിളിയായി തുടരുന്നതിനാൽ കമ്പനി ഇപ്പോഴും കടുത്ത പ്രതിസന്ധിയിലാണ്. രണ്ടുവർഷമായി തുടരുന്നുവരുന്ന കളിമിണ്ണ് ലഭിക്കുന്നതിലുള്ള അപര്യാപ്തത കാരണം കമ്പനിയുടെ പ്രവർത്തനം മന്ദഗതിയിലായിരുന്നു.
2022 ഓഗസ്റ്റ് പത്തോടെയാണ് കമ്പനിയുടെ കൊച്ചുവേളിയിലേയും തോന്നയ്‌ക്കലിലെയും ഫാക്ടറികൾ അടച്ചു പൂട്ടിയത്. പിന്നീട് കമ്പനി ഭാഗികമായി തുറന്നു പ്രവർത്തിക്കുകയായിരുന്നു.
















