കോഴിക്കോട്: മലനാട് മലബാര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള തെയ്യം ക്രൂസ് പദ്ധതിയിലെ പരാതിയില്‍ കേന്ദ്ര സര്‍ക്കാരിന് കേരളം നല്കിയ മറുപടി വസ്തുതാവിരുദ്ധം. കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്നതാണ് പദ്ധതി.
കണ്ണൂര്‍ ജില്ലയിലെ തെക്കുമ്പാട് ദ്വീപില്‍ നടപ്പാക്കുന്ന തെയ്യം ക്രൂസ് പദ്ധതി വിശ്വാസത്തെയും അനുഷ്ഠാന പാരമ്പര്യത്തെയും അവമതിക്കുന്നതാണെന്നും അതിനാല്‍ ഈ പദ്ധതി ഉപേക്ഷിക്കണമെന്നും കാണിച്ചാണ് കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി സന്തോഷ് വെങ്ങര പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയത്. പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാന ടൂറിസം വകുപ്പ് നല്കിയ മറുപടിയിലാണ് പിഎംഒയെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍.
കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്ശന് സ്കീം പ്രകാരമാണ് മലനാട് മലബാര്‍ ക്രൂസ് ടൂറിസം പദ്ധതിക്ക് 80.37 കോടി രൂപ അനുവദിച്ചത്. വളപട്ടണം പുഴയും കുപ്പം പുഴയും ബന്ധിപ്പിച്ച് നടത്തുന്ന നദിയാത്രയില്‍ വിനോദസഞ്ചാരികള്‍ക്ക് തെക്കുമ്പാട് ദ്വീപില്‍ തെയ്യം കാണാനും മറ്റും സൗകര്യം ഒരുക്കുന്ന പദ്ധതിയാണ് ഇത്. ഇതുപ്രകാരം തെക്കുമ്പാട് ദ്വീപില്‍ ടൂറിസ്റ്റുകള്‍ ആവശ്യപ്പെടുന്നതനുസരിച്ച് തെയ്യക്കോലങ്ങള്‍ കെട്ടിയാടിക്കുമെന്നും അതിനു വേണ്ടി തെയ്യം പെര്‍ഫോമിങ് യാര്‍ഡ് നിര്‍മ്മിക്കുമെന്നും വിശദ പദ്ധതി റിപ്പോര്‍ട്ടില്‍ (ഡിപിആര്‍) വിശദമായി പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ മറച്ചാണ് പിഎംഒയ്ക്ക് കേരള ടൂറിസം വകുപ്പ് റിപ്പോര്‍ട്ട് അയച്ചിരിക്കുന്നത്.
രണ്ട് വര്‍ഷം കൂടുമ്പോള്‍ ദേവക്കൂത്ത് എന്ന അത്യപൂര്‍വ്വമായ സ്ത്രീത്തെയ്യം അരങ്ങേറുന്ന സ്ഥലമാണ് തെക്കുമ്പാട് ദ്വീപ്. ഇവിടെ കാവില്‍ അനുഷ്ഠാനപൂര്‍വ്വം നടക്കുന്ന തെയ്യാട്ടത്തിന് ആയിരക്കണക്കിന് ജനങ്ങള്‍ ഭക്തിപൂര്‍വ്വം എത്തിച്ചേരാറുണ്ട്. ഈ കാവിലെ തെയ്യാട്ടം കാണാന്‍ അവസരമൊരുക്കുകയാണ് പദ്ധതിയില്‍ ലക്ഷ്യമിടുന്നതെന്നും പ്രത്യേകം തെയ്യാട്ടം ഒരുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കാവിന്റെ തിരുമുറ്റ നവീകരണമാണ് തെയ്യം പെര്‍ഫോമിങ് യാര്‍ഡ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നതെന്നുമാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ വിശദീകരണം.
എന്നാല്‍, ആദ്യ ഗഡു ധനസഹായം കൈപ്പറ്റിയതിനെ തുടര്‍ന്ന് ഡിപിആറില്‍ പറഞ്ഞ പ്രകാരം തന്നെ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം മറച്ചാണ്, അനുഷ്ഠാനത്തെയും വിശ്വാസത്തെയും അവമതിക്കുന്നതിന്റെ പേരില്‍ കേന്ദ്രം പദ്ധതി നിര്‍ത്തലാക്കാതിരിക്കാന്‍ വസ്തുതാ വിരുദ്ധമായ റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: