പാപ്പിനിശ്ശേരി: പെട്രോള്‍ വില്‍പ്പന രംഗത്ത് വിജയഗാഥ രചിച്ച് പൊതുമേഖല സ്ഥാപനമായി ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സും. ജയില്‍ വകുപ്പ് കണ്ണൂര്‍ പളളിക്കുന്ന് സെന്‍ട്രല്‍ ജയിലിനോട് ചേര്‍ന്ന് ആരംഭിച്ച പെട്രോള്‍ പമ്പ് വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പമ്പിന് ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.
ജില്ലയിലെ കെസിസിപി ലിമിറ്റഡ് പാപ്പിനിശ്ശേരിയില്‍ അതിന്റെ ഹെഡോഫീസിന് ചേര്‍ന്നുള്ള സ്ഥലത്താണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്ലുമായി സഹകരിച്ച് ഒരു വര്‍ഷം മുമ്പ് ആദ്യ പെട്രോള്‍ പമ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. വൈവിധ്യവല്‍ക്കരണത്തിന്റെ മറ്റൊരു ചുവടുവെയ്‌പെന്ന നിലയില്‍ ആരംഭിച്ച പെട്രോള്‍ പമ്പ് വളരെ വിജയകരമായും മാതൃകാപരമായും പ്രവര്‍ത്തിച്ചു വരികയാണ്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പമ്പ് 2020 ആഗസ്ത് 13 ന് അന്നത്തെ വ്യവസായ കായികയുവജനക്ഷേമവകുപ്പ് മന്ത്രി ഇ.പി. ജയരാജനാണ് ഉദ്ഘാടനം ചെയ്തത്. അതിരൂക്ഷമായ കൊവിഡിന്റെ പ്രതികൂല സാഹചര്യത്തിലും കഴിഞ്ഞ ഒരു വര്‍ഷം 36 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാക്കാന്‍ കമ്പനിക്ക് കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. പ്രതിദിനം ശരാശരി 12000 ലിറ്റര്‍ പെട്രോള്‍ / ഡീസല്‍ വീല്‍പ്പന നടത്തുന്ന ഇവിടെ അടുത്ത മൂന്ന് മാസത്തിനകം 20000 ലിറ്റര്‍ ആക്കുവാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.
വടക്കേ മലബാറില്‍ ഏറ്റവും കൂടൂതല്‍ വിറ്റുവരവുള്ള പമ്പ് സര്‍വ്വീസിന്റെ കാര്യത്തിലും ഒന്നാമതാണ്. ഓയില്‍ ചേയ്ഞ്ച്, ഫ്രീ എയര്‍സര്‍വ്വീസ്,എ.ടി.എം കൗണ്ടര്‍ തുടങ്ങി മറ്റ് അനുബന്ധ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഓയില്‍ വില്‍പ്പനയില്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡും ലഭിച്ചൂ. കെസിസിപിഎല്‍, മില്‍മ, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള സ്റ്റാളും ഉണ്ട്. 33 ജീവനക്കാര്‍ക്ക് ഇവിടെ ജോലി ചെയ്ത് വരുന്നുണ്ട്.
പാപ്പിനിശ്ശേരിയിലെ വിജയകരമായ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ലോകോത്തര നിലവാരമുള്ള പെട്രോള്‍ പമ്പ് ശൃംഖലകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികളുടെ പ്രവര്‍ത്തനവും ഇതിന്റെ ഭാഗമായി കരിന്തളത്തും മാങ്ങാട്ട്പറമ്പിലും സെപ്റ്റംബര്‍ മാസം പമ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുന്നതാണെന്നും മാനേജിങ് ഡയരക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍ വ്യക്തമാക്കി.
ജില്ലയില്‍ തന്നെ നാടുകാണിയില്‍ പെട്രോള്‍ പമ്പ് ആരംഭിക്കുവാന്‍ ബിപിസിഎല്ലുമായി ധാരണാ പത്രം ഒപ്പിട്ടിട്ടുണ്ട്. കെഎസ്‌ഐഡിസി, കിന്‍ഫ്ര, കെഎസ്‌ഐഇ തുടങ്ങിയ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലം ലഭ്യമാകുന്നതിന് വ്യവസായ വകുപ്പിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ പെട്രോള്‍ പമ്പ് ശൃംഖല തന്നെ ആരംഭിക്കാനാണ് കമ്പനി പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. സ്ഥാപനത്തെ പുനരുദ്ധരിക്കാന്‍ വ്യവസായ വകുപ്പും മാനേജ്‌മെന്റും വൈവിദ്ധ്യവല്‍ക്കരണം മുന്‍നിര്‍ത്തി ബൃഹത്തായ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്നും മാനേജിങ് ഡയരക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: