ന്യൂദല്‍ഹി: രാജ്യത്തെ ജൂലായിലെ ചില്ലറ വില്പനയിലെ നാണ്യപ്പെരുപ്പം 5.5 ശതമാനം കുറഞ്ഞത് ആശ്വാസമായി. റിസര്‍വ്വ് ബാങ്ക് ആഗ്രഹിച്ച നിലവാരത്തിലേക്കാണ് പുതിയ കണക്കുകള്‍ എത്തിയിരിക്കുന്നതെന്നത് കോവിഡ് ഭയാശങ്കകള്‍ക്കിടയിലും സാമ്പത്തിക മേഖലയ്ക്ക് ആശ്വാസമേകും. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഇതാദ്യമായാണ് റിസര്‍വ്വ് ബാങ്ക് ആഗ്രഹിച്ച നിലയിലേക്ക് ചില്ലറ വില്പന മേഖലയിലെ നാണ്യപ്പെരുപ്പം എത്തുന്നത്. നാല് എന്ന സംഖ്യയില്‍ നിന്ന് രണ്ട് കൂടുതലോ രണ്ട് കുറവോ വരെയാകാം എന്നതാണ് റിസര്‍വ്വ് ബാങ്കിന്റെ അനുവദനീയമായ റീട്ടെയ്ല്‍ നാണ്യപ്പെരുപ്പ നിരക്ക്. 5.5 എന്നത് ആറിനേക്കാള്‍ താഴ്ന്നുനില്‍ക്കുന്നതിനാല്‍ ആശ്വാസകരമാണ്.
രാജ്യത്തിന്റെ ധനനയം തീരുമാനിക്കുന്നതില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണ് റീട്ടെയ്ല്‍ നാണ്യപ്പെരുപ്പം. നാണ്യപ്പെരുപ്പം കൂടിയാല്‍ പലിശനിരക്ക് കുറച്ച് പരമാവധി പണം വിപണയില്‍ എത്തിച്ച് വളര്‍ച്ച കൈവരിക്കാനാണ് റിസര്‍വ്വ് ബാങ്ക് ശ്രമിക്കുക.
അതേ സമയം പയറുവര്‍ഗ്ഗങ്ങള്‍, വസ്ത്രങ്ങള്‍, ചെരിപ്പ്, ആരോഗ്യച്ചെലവ് തുടങ്ങിയ ചില ഇനങ്ങളുടെ വിലനിലവാരം ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നതെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ ഡേറ്റ സൂചിപ്പിക്കുന്നു. ഉപഭോക്തൃ വിലസൂചികയിലെ വില നിലവാരം കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. കാരണം കോവിഡ് മൂലം കൂലിയില്ലാതെയും വരുമാനക്കുറവുമൂലവും വലിയ ബുദ്ധിമുട്ടനുഭവിക്കുകയാണ് ജനങ്ങള്‍.
അതേ സമയം ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും വില 4.4 ശതമാനം ഉയര്‍ന്നിരിക്കുകയാണ്. എങ്കിലും ജൂണില്‍ ഉണ്ടായ 5.58 ശതമാനം വളര്‍ച്ചയേക്കാള്‍ കുറവാണെന്നത് ആശ്വാസകരം തന്നെ. ഇതിന് കാരണം പച്ചക്കറി വില കുറഞ്ഞതാകാമെന്ന് കരുതുന്നു.
നാണ്യപ്പെരുപ്പം കൂടുകയും വളര്‍ച്ച നിശ്ചലമാകുകയും ചെയ്യുന്നതിനെ സ്റ്റാഗ്ഫ്ളേഷന് എന്ന ആശങ്കയുളവാക്കുന്ന സാഹചര്യം എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. എന്നാല്‍ ഇന്ത്യ സ്റ്റാഗ്ഫ്ളേഷനിലേക്ക് വഴുതി വീഴില്ല എന്നതാണ് വ്യാഴാഴ്ച പുറപ്പെടുവിച്ച സര്‍ക്കാര്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ജൂലായിലെ ആശ്വാസകരമായ നാണ്യപ്പെരുപ്പ് തോത് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ ഇപ്പോള്‍ ആശങ്കയുണ്ട്.
പയറുവര്‍ഗ്ഗങ്ങളുടെ വിലയിലുണ്ടായ 9.4 ശതമാനം വര്‍ധന ആശങ്കയുളവാക്കുന്നു. എങ്കിലും ജൂണില്‍ ഇത് 10.01 ശതമാനം വര്‍ധനയായിരുന്നു എന്നത് വീണ്ടും ആശ്വാസം പകരുന്നു. ഇന്ധനവിലയില്‍ 12.38 ശതമാനം വര്‍ധനയും വസ്ത്രങ്ങള്‍, ചെരിപ്പ് എന്നിവയുടെ വിലയില്‍ 6.4 ശതമാനം വര്‍ധനയും ഉണ്ടായിട്ടുണ്ട്.
വിലയില്‍ ഉണ്ടായ ആശ്വാസം സാധനങ്ങളുടെ വിതരണത്തിലുണ്ടായ തടസ്സങ്ങള്‍ നീങ്ങിയെന്നതിന്റെ സൂചന കൂടിയാണ്. കാരണം പല സംസ്ഥാനങ്ങളിലും കര്‍ശനമായ ലോക്ഡൗണുകള്‍ പിന്‍വലിച്ച് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: