ന്യൂദല്‍ഹി: സിപിഎം നേതാവ് എളമരം കരീം അപമര്യാദയായി പെരുമാറിയതില്‍ ഉപരാഷ്ട്രപതിയ്ക്ക് പരാതി നല്കി രാജ്യസഭയിലെ മാര്‍ഷല്‍മാര്‍. കരീം കഴുത്തിന് പിടിച്ചുവെന്നും പരാതിയില്‍ പറയുന്നു. രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ മാര്‍ഷല്‍മാരെ കയ്യേറ്റം ചെയ്യുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സിപിഎം രാജ്യസഭാ കക്ഷി നേതാവിനെതിരെ ഗാഡുകള്‍ സഭാ അധ്യക്ഷന്‍ പരാതി നല്‍കിയിരിക്കുന്നത്.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് നല്കിയ പരാതിയില്‍ പരാതിയില്‍ സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ഇന്‍ഷുറന്‍സ് ബില്‍ പാസാക്കിയതിനെ തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷ എംപിമാര്‍ സുരക്ഷയ്ക്കായി നിലയുറപ്പിച്ചിരുന്ന മാര്‍ഷല്‍മാര്‍ക്കെതിരെ തിരിയുകയും ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കോണ്‍ഗ്രസ് എംപിമാര്‍ മാര്‍ഷലുമാരെ തുടര്‍ച്ചായായി പിടിച്ചുതള്ളുന്നത് കാണാം. രണ്ട് വനിതാ എംപിമാര്‍ വനിതകളായ സുരക്ഷാ ഉദ്യോഗസ്ഥരുടെ കോളറുകളില്‍ പിടിച്ചിരിക്കുന്നതും ദൃശ്യത്തിലുണ്ട്. സംഭവത്തില്‍ പരിക്കേറ്റ രണ്ടു മര്‍ഷല്‍മാരില്‍ ഒരാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
സംഭവത്തില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് മന്ത്രിമാര്‍ രംഗത്തുവന്നു. പ്രതിപക്ഷത്തിന്റെ പെരുമാറ്റം രാജ്യത്തിനാകെ അപമാനമാണ്. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ചേരുന്ന വിധത്തിലല്ല പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തിയെന്നും സഭാ സമ്മേളനത്തിനിടെ പ്രതിപക്ഷ എംപിമാര്‍ മേശപ്പുറത്തുകയറിയതില്‍ വിമര്‍ശിച്ചു. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ ജനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ചില ചുമതലകള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷം പാര്‍ലമെന്റ് സമ്മേളനം പൂര്‍ണമായും തടസപ്പെടുത്തുകയാണ്. മുതലക്കണ്ണീര് ഒഴുക്കുന്നതിന് പകരം രാജ്യത്തെ ജനങ്ങളോട് പ്രതിപക്ഷം മാപ്പ് ചോദിക്കുകയാണ് വേണ്ടതെന്നും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ആവശ്യപ്പെട്ടു.
പ്രതിഷേധമെന്ന പേരില്‍ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തടസപ്പെടുത്തിയതില്‍ പ്രതിപക്ഷം രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രിമാര്‍ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ പ്രതിപക്ഷം മനപ്പൂര്‍വ്വം അലങ്കോലപ്പെടുത്തി. സമ്മേളനം സുഗമമായി നടത്താനായി പലതവണ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രതിപക്ഷം ഒന്നിനോടും സഹകരിച്ചിരുന്നില്ല. പാര്‍മെന്റ് സമ്മേളനം നടത്തിക്കില്ലെന്ന് മുന്‍കൂട്ടി നിശ്ചയിച്ചാണ് പ്രതിപക്ഷം പ്രവര്‍ത്തിച്ചതെന്നും കേന്ദ്രം വിമര്‍ശിച്ചു.
കേന്ദ്രമന്ത്രിമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിപക്ഷത്തിനെതിരെ ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. സഭയില്‍ ബില്ലുകള്‍ പാസാക്കിയാല്‍ കൂടുതല്‍ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതിപക്ഷം ഭീഷണിപ്പെടുത്തിയതായും കേന്ദ്രമന്ത്രിമാര്‍ അരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: