ആലപ്പുഴ : കെഎസ്ആര്‍ടിസി മൊബിലിറ്റി ഹബ്ബിന്റെ പൈലിങ് ജോലികള്‍ ഈ മാസം അവസാനത്തോടെ ആരംഭിക്കുവാന്‍ കഴിയുമെന്ന് എച്ച് സലാം എംഎല്‍എ അറിയിച്ചു.ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിന് ശേഷമാണ് എച്ച് സലാം എം എല്‍ എ ഇക്കാര്യം അറിയിച്ചത്.
കിഫ്ബി ധനസഹായത്തോടെ 129 കോടി രൂപ ചെലവില്‍ നാല് നിലകളിലായാണ് മൊബിലിറ്റി ഹബ്ബിന്റെ നിര്‍മ്മാണം. ഏഴുനിലകളില്‍ കാറുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കുമായി മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സൗകര്യമുണ്ടാകും. ആകെ 1.79 ലക്ഷം ചതുരശ്ര മീറ്റര്‍ കെട്ടിട സമുച്ഛയമാകും മൊബിലിറ്റി ഹബ്ബിന്റെ ഭാഗമായി ഉയരുക. പൊതുസ്വകാര്യസംരംഭമായ ഇന്‍കല്‍ ലിമിറ്റഡിനാണ് നിര്‍മാണചുമതല.
ബസ് ടെര്‍മിനല്‍, വര്‍ക് ഷോപ്പ്, ഓഫീസ് ബ്ലോക്ക്, എന്നിവയും ഇരുചക്രവാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ് സംവിധാനവുമുണ്ടാകും. വിദേശ, സ്വദേശ ടൂറിസ്റ്റുകള്‍ക്കായി സ്റ്റാര്‍ ഹോട്ടല്‍, സ്വിമ്മിങ് പൂള്, ബജറ്റ് ഹോട്ടല്‍, റസ്റ്റോറന്റ്, സൂപ്പര്‍മാര്‍ക്കറ്റ്, മറ്റ് ഷോപ്പിംങ് സെന്ററുകള്‍, രണ്ട് മള്‍ട്ടി ലെവല്‍ തീയറ്ററുകള്‍, ഓഫീസ്, റിസപ്ഷന്, എന്നിവയുമുണ്ട്.
ഭൂനിരപ്പിലുള്ള കെട്ടിടത്തില്‍ ബസ് ടെര്‍മിനല്‍, കെ എസ്ആര്ടിസി ജീവനക്കാര്‍ക്കുള്ള താമസ സൗകര്യം, യാത്രികര്‍ക്കും, വിനോദ സഞ്ചാരികള്‍ക്കും ഉപയോഗിക്കാനാകുന്ന ഡോര്‍മെറ്ററി, ലോക്കര്‍ സംവിധാനങ്ങള്‍, ബസ് ബേ സൗകര്യങ്ങളും, ബസ് ബേയില്‍ 44 ബസുകള്‍ ഒരേ സമയം നിര്‍ത്തിയിടാനാകുന്ന സൗകര്യമുണ്ടാകും.
സമീപത്ത് ഗ്യാരേജും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസുമുണ്ടാകും.കെ എസ് ആര് ടി സിക്കും ഇതര വാഹനങ്ങള്‍ക്കും ഇന്ധനം നിറക്കാവുന്ന പമ്പുകളും ഹബ്ബില്‍ ഒരുക്കും.നിര്‍മാണത്തിന് മുന്നോടിയായി ആലപ്പുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് താല്‍ക്കാലികമായി വളവനാട്ടേക്ക് മാറ്റും.അവിടെ താത്കാലിക ഗ്യാരേജ് നിര്‍മ്മാണം പൂര്‍ത്തിയായാലുടന്‍ പൈലിങ് തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: