കൊല്ലം: സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം മത്സ്യകൃഷിയുടെ പേരില്‍ മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ജില്ലാ കമ്മിറ്റി നടപടിയിലേക്ക്. തിരുമുല്ലവാരം ലോക്കല്‍ കമ്മിറ്റി അംഗവും പുന്നത്തല ബി ബ്രാഞ്ച് സെക്രട്ടറിയുമായ തോട്ടുംമുഖത്ത് ഷാജിക്ക് എതിരെയാണ് പരാതി ഉയര്‍ന്നത്.
ഇയാള്‍ നേതൃത്വം നല്കി പുന്നത്തലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇ.കെ. നായനാര്‍ സാന്ത്വന പരിചരണ കേന്ദ്രത്തിന്റെ ഓഫീസ് ജില്ലാ നേതൃത്വം പൂട്ടി താക്കോല്‍ വാങ്ങി. മുമ്പ് പുന്നത്തല സര്‍വ്വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഇ.കെ. നയനാരുടെ പേരില്‍ സാന്ത്വന പരിചരണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ നേതൃത്വം ഇടപെട്ടാണ് നടപടിക്ക് തുടങ്ങിയത്. 1.25 കോടി രൂപ യുടെ തട്ടിപ്പാണ് നടന്നതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന് ലഭിച്ച വിവരം. നിരവധി തട്ടിപ്പ് കേസിലെ പ്രതിയായ സുബിനുമായി ചേര്‍ന്നാണ് സിപിഎം നേതാവ് പലരില്‍ നിന്നായി പണം വാങ്ങി എടുത്തത്. സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമാണ് കൂടുതല്‍ തട്ടിപ്പിന് ഇരയായത്.
വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നേതൃത്വം ഇടപെട്ട് കേസ് നല്‍കുന്നതിനെ വിലക്കുകയും പാര്‍ട്ടി മൂന്നംഗം അന്വേഷണ സംഘത്തിനെ നിയോഗിക്കുകയുമായിരുന്നു. ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദ്ദേശമാണ് അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്നത്. ഇതിനിടയില്‍ സിപിഎം നേതൃത്വത്തിന്റെ ഭരണത്തിലിരിക്കുന്ന പുന്നത്തല സര്‍വ്വീസ് സഹകരണ ബാങ്കില്‍ ആരോപണ വിധേയനായ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യക്ക് ജോലി ലഭിച്ചതിനു പിന്നിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതൃത്വത്തിനുമിടയില്‍ അമര്‍ഷമുണ്ട്. അര്‍ഹതപ്പെട്ടവരെ പലരെയും തഴഞ്ഞിട്ടാണ് ജോലി തരപ്പെടുത്തിയതെന്നാണ് അരോപണം. ഇതിനൊടെപ്പം തട്ടിപ്പ് കൂടി ഉയര്‍ന്നത് ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഒത്തുതീര്‍പ്പാനുള്ള ശ്രമവും ഒരു ഭാഗത്ത് നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: