‘ഹര്‍ദാനില്‍ നിന്ന് അയാള്‍ കൊണ്ടുപോയ ഒരു യസീദി പെണ്‍കുട്ടിയെ മാറ്റിയെടുക്കാനായിരുന്നു ആ വരവ്. ഞാന്‍ അയാളെ ഒളിഞ്ഞു നോക്കി. അത്രയും ഭീമാകാരനായ മനുഷ്യനെ ഞാന്‍ മുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല. രാക്ഷസന്‍ വെള്ള കന്തുറയണിഞ്ഞിരിയ്‌ക്കുന്നത് പോലെയോ ഒരു കൂറ്റന്‍ കൂടാരം പോലെയോ തോന്നും ചുവപ്പന്‍ താടിയുമായുള്ള അയാളുടെ നില്‍പ്പ്’
‘ഞങ്ങള്‍ വേര്‍പെട്ടതോടെ വഷളന്‍ ചിരിയുമായി സല്വാന്‍ എന്റെ മുന്നില്‍ നിന്നു. ഞാനയാളെ ശരിക്ക് കണ്ടു. ആഴത്തിലുള്ള കണ്ണുകള്‍, മുഖം മുഴുവന്‍ നിറഞ്ഞ താടിരോമങ്ങള്‍. മനുഷ്യനെപ്പോലെയല്ല, ചെകുത്താന്റേതായിരുന്നു ആ രൂപം. ഞങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല’
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാരുടെ കൈകളില്‍ അകപ്പെട്ട യസീദി പെണ്‍കുട്ടി നാദിയ മുറാദ് എഴുതിയ അനുഭവക്കുറിപ്പാണ് ദി ലാസ്റ്റ് ഗേള്‍ എന്ന പുസ്തകം. ഇതിനകം ലോകപ്രശസ്തമായി കഴിഞ്ഞ ഈ പുസ്തകം ‘അവസാനത്തെ പെണ്‍കുട്ടി’ എന്ന പേരില്‍ മാദ്ധ്യമ പ്രവര്‍ത്തക നിഷാ പുരുഷോത്തമന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിയ്‌ക്കുന്നു. തലയ്‌ക്കു പിടിയ്‌ക്കുന്ന തെറ്റായ മതവിശ്വാസങ്ങള്‍ ഭീകരമായ മനോവൈകല്യത്തിനും, മനുഷ്യ വിരുദ്ധമായ രാക്ഷസീയതയ്‌ക്കും വഴിമരുന്നിടുന്നത് എങ്ങനെ എന്ന് ഓരോ നിമിഷവും ഈ അനുഭവക്കുറിപ്പ് നമ്മെ ഓര്‍മ്മിപ്പിയ്‌ക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ടുമെന്റും, സ്ലീപ്പര്‍ സെല്ലുകളും വാര്‍ത്തകളില്‍ നിറയുന്ന കേരളത്തില്‍ വ്യാപകമായി ചര്‍ച്ചയാവേണ്ട ഒന്നാണ് ഈ പുസ്തകം.
സദ്ദാം ഹുസൈന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനെ തുടര്‍ന്ന് ഇറക്കില്‍ വളര്‍ന്നു വന്ന അരാജകത്വവും അധികാര വടംവലികളും 2014 വരെ പുറം ലോകത്തെ വളരെയൊന്നും ബാധിച്ചിരുന്നില്ല. എന്നാല്‍ 2014 ഓടുകൂടി ഇറാക്ക് സിറിയന്‍ പ്രദേശങ്ങളില്‍ പുതിയൊരു ഭീകരസംഘം ഉടലെടുക്കുകയുണ്ടായി. ഇസ്ലാമിക് സ്റ്റേറ്റ് എന്നറിയപ്പെട്ട ഈ രാക്ഷസക്കൂട്ടം, പൈശാചികതയുടെ അതുവരെയുള്ള എല്ലാ അതിര്‍വരമ്പുകളും ഭേദിച്ചു. തങ്ങളുടെ വികല വിശ്വാസങ്ങള്‍ അക്ഷരം പ്രതി നടപ്പാക്കാന്‍ കഴിയുന്ന ഒരു രാക്ഷസരാജ്യം സ്ഥാപിച്ചെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. വിധിവൈപരീത്യവും, മാനവരാശിയുടെ കരുതലിന്റെ അഭാവവും കൊണ്ട് കുറേക്കാലത്തേക്ക് വടക്കന്‍ ഇറാക്കും സിറിയയുടെ ചിലഭാഗങ്ങളും ഉള്‍പ്പെടുന്ന വലിയ ഒരു ഭൂപ്രദേശം തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കുവാന്‍ ഈ രാക്ഷസ ശക്തിയ്‌ക്ക് കഴിഞ്ഞു. മനുഷ്യസമൂഹം ഇന്നോളം കേട്ടിട്ടില്ലാത്ത വിധത്തിലുള്ള പൈശാചികതയായിരുന്നു അവര്‍ ലോകത്തിനു മുമ്പില്‍ കാഴ്ചവച്ചത്.
ചരിത്രത്തില്‍ മാത്രം പരിചയിച്ചിട്ടുള്ള കിരാതന്മാരായ മതഭ്രാന്തന്മാരുടെ തേര്‍വാഴ്ച എന്തായിരുന്നു എന്ന് ഇന്ന് ഊഹിക്കാനേ കഴിയുകയുള്ളൂ. എന്നാല്‍ അത്തരം ഒന്നിന്റെ ദൃഷ്ടാന്തം ഈ ആധുനിക ലോകത്തിനു മുമ്പില്‍ പച്ചയായി നടപ്പാക്കി കാട്ടുകയായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ് ചെയ്തത്. ഇത്തവണ ആ ദുരന്തത്തിന്റെ ഭീകരത മുഴുവന്‍ അനുഭവിക്കേണ്ടി വന്നത് യസീദികള്‍ എന്ന തദ്ദേശീയ ജനതയ്‌ക്കായിരുന്നു. ആരേയും മതം മാറ്റാതെയും, സ്വയം മതം മാറാന്‍ താല്പര്യമില്ലാതെയും ഹിന്ദുക്കളെ പോലെ തങ്ങളുടെ പാരമ്പര്യ മതത്തിലും ആചാര വിശ്വാസങ്ങളിലും തൃപ്തരായി ജീവിയ്‌ക്കുന്ന ന്യൂനപക്ഷ സമൂഹമാണ് യസീദികള്‍. പുനര്‍ജന്മത്തിലും ജീവിതത്തിലെ ഉന്നത മൂല്യങ്ങളിലും ഉള്ള അടിയുറച്ച വിശ്വാസം, പ്രകൃതിയിലും പൂര്‍വികരിലും വിശുദ്ധിയും ദിവ്യതയും കാണുന്ന സംസ്‌ക്കാരം, സ്ത്രീപുരുഷ സമത്വബോധം ഇതെല്ലാം അവരെ സംഘടിത മതങ്ങളുടെ അധിനിവേശത്തിനു മുമ്പ് ലോകമെങ്ങും നിലനിന്നിരുന്ന പ്രാചീന സംസ്‌കൃതിയുടെ ഭാഗമാക്കി മാറ്റുന്നു.
നിഷ്‌ക്കളങ്കരും, ദരിദ്രരുമെങ്കിലും ജീവിതത്തെക്കുറിച്ച് പ്രത്യാശയോടെ മുന്നേറിയിരുന്നവരാണ് യസീദികള്‍. അവര്‍ ജീവിച്ചിരുന്ന വടക്കന്‍ ഇറാക്കിലെ സിഞ്ചാര്‍ മേഖലയിലേക്ക് ഇസ്ലാമിക്ക് സ്റ്റേറ്റ് നടത്തിയ അധിനിവേശത്തോടെ ഭൂമിയിലെ നരകകവാടം യസീദികള്‍ക്കു മുന്നില്‍ മലര്‍ക്കെ തുറക്കപ്പെടുകയായിരുന്നു.
അകലെ തലയുയര്‍ത്തി നില്‍ക്കുന്ന സിഞ്ചാര്‍ മലനിരകള്‍ അതിനു ചുറ്റും ജീവിച്ചിരുന്ന യസീദികള്‍ക്ക് വിശുദ്ധിയുടെ ചിഹ്നമായിരുന്നു. ആ മലയിലെ ആരാധനാ കേന്ദ്രവും, അവിടെ കുടികൊള്ളുന്നു എന്നവര്‍ വിശ്വസിച്ച തങ്ങളുടെ ദേവതകളും അവര്‍ക്ക് എന്തെന്നില്ലാത്ത പ്രത്യാശയും സുരക്ഷിതത്വ ബോധവും പകര്‍ന്നിരുന്നു. ആധുനിക വിദ്യാഭ്യാസമോ, ആഡംബരങ്ങളോ, ലോക രാഷ്‌ട്രീയത്തിലെ കോളിളക്കങ്ങളോ എത്തി നോക്കാത്ത യസീദി ഗ്രാമമായിരുന്നു കൊച്ചോ. അവിടെ കാര്‍ഷിക വൃത്തിയും കാലിമേയ്‌ക്കലുമായി ദാരിദ്ര്യത്തോട് മല്ലിട്ട്, സ്വസ്ഥമായി ജീവിച്ചിരുന്ന ഒരു സാധാരണ ഗ്രാമീണ പെണ്‍കുട്ടിയായിരുന്നു നാദിയ മുറാദ്. ആ ഗ്രാമത്തിലേക്ക് ഒരു ദിവസം ഭീകരമായ ആയുധ ശക്തിയുടെ പിന്‍ബലത്തോടെ ഇസ്ലാമിക ഭീകരര്‍ കടന്നുകയറുന്നു. മാന്‍പറ്റത്തെ ചെന്നായ്‌ക്കൂട്ടം ആക്രമിയ്‌ക്കുന്നതു പോലെ നൂറുക്കണക്കിന് നിഷ്‌ക്കളങ്കരായ മനുഷ്യര്‍ ഇസ്ലാമിക മതഭ്രാന്തിന്റെ ഘോര ദംഷ്‌ട്രകളാല്‍ കടിച്ചു കുടയപ്പെടുന്നു. കൗമാരം പിന്നിട്ടു കഴിഞ്ഞ മുഴുവന്‍ പുരുഷന്മാരും നിഷ്‌ക്കരുണം കൊല ചെയ്യപ്പെടുന്നു. കൊല്ലപ്പെടേണ്ടവരെ നിശ്ചയിച്ചതു പോലും ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് മതയുദ്ധത്തില്‍ ചെയ്ത അതേപോലെ. ശരീരത്തിലെ രോമവളര്‍ച്ച നോക്കിയായിരുന്നു കൗമാരക്കാരെയും യുവാക്കളേയും വേര്‍തിരിച്ചത്. തൊട്ടുമുമ്പു വരെ കളിചിരികളുമായി ജീവിച്ചിരുന്ന കൂട്ടുകുടുംബങ്ങളിലെ ചെറിയ പെണ്‍കുട്ടികള്‍ മുതല്‍ വൃദ്ധകള്‍ വരെയുള്ള സ്ത്രീകള്‍ അടിമകളാക്കി പിടിക്കപ്പെടുന്നു. നിമിഷനേരം കൊണ്ട് തീര്‍ത്തും അപരിചിതരായ ഭീകരരുടെ കൊള്ളമുതലുകളായി അവര്‍ മാറ്റപ്പെടുന്നു. എന്നെന്നേക്കുമായി വേര്‍പിരിക്കപ്പെട്ട് ആട്ടിന്‍പറ്റം പോലെ എങ്ങോട്ടോക്കെയോ നയിക്കപ്പെടുന്നു. അവരിലെ രോഗികളും, വൃദ്ധരും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഒരിയ്‌ക്കലും അറിയപ്പെടാന്‍ കഴിയാത്ത വിധം വേര്‍പിരിയ്‌ക്കപ്പെട്ട് അജ്ഞാത കൊലക്കളങ്ങളില്‍ നിഷ്‌ക്കരുണം കൊലചെയ്യപ്പെടുന്നു.
യുവതികളും ചെറിയ പെണ്‍കുട്ടികളും അടങ്ങുന്ന ബാക്കിയായ മനുഷ്യര്‍ക്ക് എന്തു സംഭവിയ്‌ക്കുന്നു ? കഴിഞ്ഞ ആയിരത്തിലേറെ വര്‍ഷങ്ങളില്‍ സംഭവിച്ചതു പോലെ ആര്‍ക്കും ഊഹിയ്‌ക്കാവുന്നതു തന്നെയാണ് പിന്നീട് അവര്‍ക്ക് സംഭവിയ്‌ക്കുന്നത്. അവരുടെ പിന്നീടുള്ള ജീവിതം സബയകള്‍ അഥവാ ലൈംഗിക അടിമകള്‍ ആയിട്ടാണ്. മതയുദ്ധത്തില്‍ പങ്കെടുക്കുന്നതിന് പോരാളികള്‍ക്ക് ഇഹലോകത്തില്‍ കിട്ടുന്ന പ്രതിഫലമാണത്.
നദിയയുടെ ഗ്രാമത്തില്‍ ഇത് സംഭവിയ്‌ക്കുമ്പോള്‍ ചുറ്റുമുള്ള അനേകം യസീദി ഗ്രാമങ്ങളിലും ഇതുതന്നെ അരങ്ങേറുകയായിരുന്നു. രക്ഷപ്പെട്ടോടാന്‍ അവസരം കിട്ടിയ ആയിരക്കണക്കിന് മനുഷ്യര്‍ ഉടുതുണിയ്‌ക്ക് മറുതുണിയില്ലാതെ കൈക്കുഞ്ഞുങ്ങളേയും വൃദ്ധരേയും രോഗികളേയും ചേര്‍ത്തു പിടിച്ച് അങ്ങകലെ പ്രത്യാശയുടെ ഗോപുരം പോലെ ഉയര്‍ന്നു നില്‍ക്കുന്ന സിഞ്ചാര്‍ മലയിലേക്ക് നടന്നു നീങ്ങി. ഒരിറ്റു വെള്ളം കിട്ടാതെ പകലത്തെ കൊടിയ ചൂടിലും, പുതയ്‌ക്കാന്‍ ഒരുതുണ്ട് തുണിയില്ലാതെ രാത്രിയിലെ തണുപ്പിലും നൂറുക്കണക്കിന് പേര്‍ മരിച്ചു വീണു. വല്ലപാടും മലയില്‍ കയറിപ്പറ്റിയവരും കടന്നു പോയത് അതേ അനുഭവത്തിലൂടെ തന്നെയായിരുന്നു. മലമുകളിലേക്ക് കയറിയവര്‍ അവിടെ നിന്ന് രക്ഷപ്പെട്ടു പോകാതിരിയ്‌ക്കാന്‍ താഴ്വാരത്ത് ഐസിസ് ക്യാമ്പടിച്ച് കാത്തുനിന്നു. ഹൃദയം നുറുക്കുന്ന ഈ കാഴ്ച ലോകത്തിനു മുമ്പില്‍ ആഴ്ചകളോളം ദൃശ്യ മാദ്ധ്യമങ്ങള്‍ അവതരിപ്പിച്ചു. എന്നിട്ടും ഏറെക്കുറേ നിസ്സഹായരായി നോക്കി നില്‍ക്കാനേ അന്ന് ലോക സമൂഹത്തിന് കഴിഞ്ഞുള്ളൂ.
‘നീയെന്റെ നാലാമത്തെ സബയ ആണ്. അയാള്‍ പറഞ്ഞു. ബാക്കി മൂന്നു പേരും ഇപ്പോള്‍ മുസ്ലീം ആയിക്കഴിഞ്ഞു. ഞാനാണ് അവരെ മതപരിവര്‍ത്തനം നടത്തിയത്. യസീദികള്‍ നാസ്തികരാണ്. നിങ്ങളെ സഹായിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്’. ഐസിസ് സമൂഹത്തിലെ ഒരു പ്രധാനപ്പെട്ട ന്യായാധിപനായിരുന്ന ഹാജി സല്‍മാന്റെ വാക്കുകളാണിത്. അയാളായിരുന്നു നാദിയയെ ലൈംഗിക അടിമയായി ആദ്യം വാങ്ങിയ യജമാനന്‍.
യസീദികള്‍ ഈ നരകയാതനയെ നേരിടുമ്പോള്‍, ഇസ്ലാമിക ഭീകരരെ അകമഴിഞ്ഞ് സഹായിക്കാനും അവിടെ കുറേപ്പേര്‍ ഉണ്ടായിരുന്നു. ഭീകരരുടെ അധിനിവേശത്തില്‍ നിന്ന് പലവിധത്തിലുള്ള നേട്ടങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ഐഎസ് അനുഭവികളായ യസീദികളുടെ അയല്‍ക്കാര്‍ തന്നെയായിരുന്നു അത്. നാദിയ എഴുതുന്നു
‘സുന്നി അറബ് അയല്‍വാസികള്‍ തീവ്രവാദികളെ സ്വാഗതം ചെയ്യുന്നതായി ഞങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടു. യസീദികള്‍ രക്ഷപ്പെടാതിരിയ്‌ക്കാന്‍ ഗതാഗത തടസ്സം സൃഷ്ടിച്ചും, യസീദി ഗ്രാമങ്ങള്‍ കൊള്ളയടിച്ചും അവര്‍ തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നു’.
ആക്രമിച്ചു കീഴടക്കിയ മൊസൂളിലെ സമ്പന്ന ക്രൈസ്തവ ഷിയാ ബംഗ്ലാവുകള്‍ തങ്ങളെ സഹായിച്ച സുന്നി മുസ്ലീങ്ങള്‍ക്കും ഭീകരന്മാര്‍ക്കുമായി ഐസിസ് വീതം വച്ചു. യഥാര്‍ത്ഥ ഉടമകള്‍ പ്രാണ രക്ഷാര്‍ഥം അയല്‍ നാടുകളിലേക്ക് ഓടി രക്ഷപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. പഞ്ച നക്ഷത്ര ഹോട്ടലുകള്‍ പ്രമുഖ ഭീകരന്മാരുടെയോ ചാവേറുകളുടേയോ താമസത്തിനായി മാറ്റി വച്ചു.
ഒരു ഭാരതീയനെ സംബന്ധിച്ചിടത്തോളം ഈ പുസ്തകത്തിലെ ഓരോ വരിയും ഇന്നും മുറിവുണങ്ങാത്ത കശ്മീരിനെയും നൂറു വര്‍ഷങ്ങള്‍ക്കു മുമ്പു മാത്രം നടന്ന മാപ്പിള ലഹളയേയും നമ്മുടെ കണ്‍മുന്നില്‍ പുന:സൃഷ്ടിയ്‌ക്കുന്നതായിട്ടാണ് അനുഭവപ്പെടുക. 1990 കളുടെ തുടക്കത്തില്‍ തങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും ദു:ഖങ്ങളുമായി ശാന്തമായി ജീവിച്ചിരുന്ന കശ്മീരിലെ ഹിന്ദുക്കളുടെ കാതുകളില്‍ പൊടുന്നനെ, 48 മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാം ഇട്ടെറിഞ്ഞിട്ട് നാട് വിട്ടോടാനുള്ള ഫത്വയാണ് അടുത്ത തെരുവുകളിലെ ലൗഡ് സ്പീക്കറുകളിലൂടെ മുഴങ്ങിയത്. ആ പോക്കില്‍ തങ്ങളുടെ സ്വത്തു വകകളേയും സ്ത്രീകളെയും മറന്നേയ്‌ക്കാനും വ്യക്തമായി തന്നെ നിര്‍ദ്ദേശമുണ്ടായിരുന്നു. തുടര്‍ന്ന് നൂറുക്കണക്കിന് പേര്‍ അരും കൊല ചെയ്യപ്പെട്ടു. ആയിരങ്ങള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു. ആയിരക്കണക്കിന് ഹിന്ദു തറവാടുകള്‍ മുസ്ലീം ഭീകരരും അവരെ പിന്തുണയ്‌ക്കുന്നവരും ചേര്‍ന്ന് കൈയ്യടക്കി സ്വന്തമാക്കി. ഡസന്‍ കണക്കിന് ക്ഷേത്രങ്ങള്‍ കൊള്ളയടിയ്‌ക്കപ്പെട്ടു. കല്ലോട് കല്ല് തകര്‍ത്തെറിഞ്ഞു. അന്ന് അവര്‍ കടന്നു പോയത് എന്തായിരുന്നു എന്നറിയാന്‍ ഇസ്ലാമിക ഭീകരതയുടെ ഇന്നത്തെ ഒരു ഇര തന്റെ ഹൃദയരക്തം കൊണ്ടെഴുതിയ ഈ പുസ്തകം ഒരാവര്‍ത്തി വായിച്ചാല്‍ മതിയാകും.
ഇതേപോലെ കാഫിറുകളോട് ചെയ്യുന്ന എന്തു ഹീനകൃത്യവും അല്ലാഹുവിനാല്‍ അനുവദിക്കപ്പെട്ടതാണെന്ന മതഭ്രാന്തില്‍ മുഴുകിയവരായിരുന്നു മാപ്പിള ലഹളക്കാരും. ആ മനോനിലയില്‍ തങ്ങളുടെ അയല്‍ക്കാരെയും തങ്ങളെ പൂര്‍ണ്ണമായും വിശ്വസിച്ചവരെ തന്നെയും ചതിച്ചതിന്റെയും ദ്രോഹിച്ചതിന്റെയും നിരവധി സംഭവങ്ങള്‍ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് പൂഴിക്കല്‍ നാരായണന്‍ നായരുടെ പതിനെട്ടുകാരിയായ മകളെ വീടു കാവലിന് ഏല്‍പ്പിച്ചിരുന്ന കൊടിഞ്ഞി പൂക്കോയ തങ്ങള്‍ തന്നെ പിടിച്ചു കൊണ്ടു പോയി ലൈംഗിക അടിമയാക്കിയ ചരിത്രം പി മാധവന്‍നായരുടെ മലബാര്‍ കലാപം എന്ന പുസ്തകത്തില്‍ വായിയ്‌ക്കാം (പേജ് 229).
‘പൂഴിക്കല്‍ ഈ അക്രമങ്ങളെല്ലാം നടത്തിയത് അവിടെ കാവല്‍ കാത്തിരുന്ന മാപ്പിളമാരുടെ സഹായത്തോടും ഒത്താശയോടും കൂടി അബ്ദുള്ളക്കുട്ടിയും സംഘങ്ങളുമായിരുന്നു’. (പേജ് 229). കോണ്‍ഗ്രസ്സിന്റേയും ഖിലാഫത്തിന്റേയും നേതാവായിരുന്ന മാധവന്‍ നായരെ തന്നെ മതം മാറ്റാന്‍ പദ്ധതിയിടുകയും, അദ്ദേഹത്തിന്റെ വീടിന് കാവല്‍ നിന്നിരുന്ന സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന ചില മാപ്പിളമാര്‍ അവരോടൊപ്പം ചേരുകയും ചെയ്തു. ‘മത പരിവര്‍ത്തനത്തിനായി അന്യദിക്കില്‍ നിന്ന് മാപ്പിളമാര്‍ വരുന്ന പക്ഷം ഞങ്ങളെ സഹായിക്കാന്‍ ഏറ്റ അവരുടെ നില എന്തായിരിയ്‌ക്കുമെന്ന് ചോദിച്ചപ്പോള്‍ അക്കാര്യത്തില്‍ തടസ്സം ചെയ്യാന്‍ മതം ഞങ്ങളെ അനുവദിയ്‌ക്കുന്നില്ലെന്ന് അവര്‍ തുറന്നു പറഞ്ഞു’ (പേജ് 166)
ഇന്ന് നാദിയ സ്വതന്ത്രയാണ്. ഈ കഥ ലോകത്തോട് വിളിച്ചു പറയാന്‍ അവള്‍ ജീവിച്ചിരിയ്‌ക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലായ മൊസൂളില്‍ നിന്ന് വളരെ അവിശ്വസനീയമായ വിധത്തില്‍ നാദിയ രക്ഷപ്പെടുകയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ യുദ്ധക്കുറ്റം ചുമത്തി വിചാരണ ചെയ്യിക്കുന്നതിനും, യസീദികളുടെ മനുഷ്യാവകാശ സംരക്ഷണത്തിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ അവര്‍ മുഴുകിയിരിയ്‌ക്കുന്നു. 2018 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനും അര്‍ഹയായിട്ടുണ്ട്. എത്ര കൊടിയ രാക്ഷസീയതയ്‌ക്കും മനുഷ്യാത്മാവിന്റെ അതിജീവന ശക്തിയെ പൂര്‍ണ്ണമായി തകര്‍ക്കാനാവില്ല എന്ന സനാതന സത്യം വിളിച്ചോതുന്നതാണ് ഈ പുസ്തകത്തിലെ ഓരോ താളുകളും. നാദിയയുടെ പ്രവര്‍ത്തനം ഇസ്ലാമിക ഭീകരതയുടെ ലോകമെമ്പാടുമുള്ള ഇരകള്‍ക്ക് പ്രത്യാശ നല്‍കുന്നു. കശ്മീരിലെ ഹിന്ദുക്കള്‍ക്ക് നഷ്ടപ്പെട്ട അവകാശങ്ങള്‍ പതിയെ ആണെങ്കിലും തിരികെ കിട്ടിക്കൊണ്ടിരിയ്‌ക്കുന്നു. എല്ലാ തമസ്‌ക്കരണ ശ്രമങ്ങളേയും തരണം ചെയ്തു കൊണ്ട് മലബാറിലെ വംശഹത്യാ ചരിത്രം ഇന്ന് പുനര്‍വായനയ്‌ക്ക് വിധേയമാകുന്നു.
ഇന്നിതാ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലതൊട്ടപ്പന്മാരായ താലിബാന്‍, അഫ്ഗാനിലെ ഗ്രാമങ്ങളും പട്ടണങ്ങളും കീഴടക്കി ജനങ്ങളെ ഇതേപോലെ അടിമകളാക്കി കൊണ്ട് മുന്നേറുന്നതായി വാര്‍ത്തകളില്‍ നിറയുന്നു. തങ്ങളുടെ പെണ്‍കുട്ടികളേയും സ്ത്രീകളേയും എവിടെ ഒളിപ്പിക്കണം എന്നറിയാതെ ജനങ്ങള്‍ പരക്കം പായുന്നു. അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്യ പോരാട്ടം അവര്‍ തന്നെ നയിക്കേണ്ടതാണ് എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബൈഡന്‍ അര്‍ത്ഥ ശങ്കയ്‌ക്കിടയില്ലാതെ വ്യക്തമാക്കിയിരിയ്‌ക്കുന്നു. അതാണ് എക്കാലത്തേയും പ്രായോഗിക യാഥാര്‍ഥ്യം. സ്വന്തം ആത്മാഭിമാനവും സ്വാതന്ത്യവും സ്വത്വവും അവരവര്‍ തന്നെ രക്ഷിച്ചേ പറ്റൂ.
രാമാനുജന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: