ന്യൂദല്‍ഹി: പെഗാസസ് വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ച ഹര്‍ജിക്കാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എന്‍. വി രമണ. കോടതിയെ നിങ്ങള്‍ ആശ്രയിക്കുകയാണെങ്കില്‍ ആ വ്യവസ്ഥയില്‍ വിശ്വാസം വേണമെന്നും അച്ചടക്കം പുലര്‍ത്തണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട സമാന്തര പ്രചരണങ്ങള്‍ അനുവദിക്കില്ലെന്നും കോടതി അറിയിച്ചു.
കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്‌ട്രീയ ലക്ഷ്യത്തോടെ നിരവധി ഹര്‍ജിക്കാര്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. മാധ്യമ ശ്രദ്ധയ്‌ക്കും സാമൂഹ്യ മാധ്യമ ചര്‍ച്ചകള്‍ക്കും വേണ്ടി കോടതിയുടെ ചോദ്യങ്ങള്‍ പോലും ഉപയോഗിക്കപ്പെടുകയാണെന്ന് ചീഫ് ജസ്റ്റിസ് പരാതിക്കാരുടെ അഭിഭാഷകനായ കപില്‍ സിബലിന് മുന്നറിയിപ്പ് നല്കി.
പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്തവര്‍ സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന്‍ ബാധ്യസ്ഥരാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹര്‍ജികളുടെ പകര്‍പ്പ് എല്ലാവരും കേന്ദ്രസര്‍ക്കാരിന് കൈമാറണം. കോടതി കേസുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മറുപടി ആവശ്യമാണ്. ഹര്‍ജിക്കാര്‍ പലരും സാമൂഹ്യ മാധ്യമങ്ങളിലും മാധ്യമ അഭിമുഖങ്ങളിലുമാണ് അഭിപ്രായം പറയുന്നത്. വ്യവസ്ഥയില്‍ വിശ്വാസമുള്ളവര്‍ അവരുടെ അഭിഭാഷകരിലൂടെ കോടതിയെ അറിയിക്കുകയാണ് വേണ്ടത്, എന്‍ റാമിന്റെ അഭിഭാഷകന്‍ കപില്‍ സിബലിനോട് കോടതി മുന്നറിയിപ്പിന്റെ സ്വരത്തില്‍ വ്യക്തമാക്കി. പുറത്തു ചര്‍ച്ച നടക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് സിബല്‍ മറുപടി നല്കിയപ്പോള്‍ ഇതു നിങ്ങളുടെ കക്ഷികളെക്കൂടി അറിയിക്കാനും കോടതി നിര്‍ദേശിച്ചു. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ നിലപാട് അറിയിക്കാന്‍ രണ്ടു ദിവസം സമയം വേണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യം പരിഗണിച്ച് കേസ് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: