കമ്യൂണിസ്റ്റുകള്‍ വൈരുദ്ധ്യാത്മക ഭൗതികവാദം ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. കാരണം അത് ശാസ്ത്രമാണത്രേ. ഈ ശാസ്ത്രത്തില്‍ വിശ്വാസത്തിനും വെളിപാടിനുമൊന്നും സ്ഥാനമില്ല. പക്ഷേ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക്, പ്രത്യേകിച്ച് അവരില്‍പ്പെട്ട സിപിഎമ്മിന്റെ നേതാക്കള്‍ക്ക് തുടരെ തുടരെ ഉണ്ടാവുന്നത് വെളിപാടുകളാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാതിരുന്നത് തെറ്റായിപ്പോയെന്നാണ് ഇവരുടെ ഏറ്റവും പുതിയ വെളിപാട്. ഇനി മുതല്‍ സ്വാതന്ത്ര്യദിനം പാര്‍ട്ടി പരിപാടിയായി നടത്താന്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരിക്കുന്നുവത്രേ. ദേശീയതലത്തില്‍ എല്ലാ പാര്‍ട്ടി ഘടകങ്ങളും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്യും. 1947 ലാണല്ലോ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത്. രാജ്യത്തെ ജനങ്ങള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ തുടങ്ങിയിട്ട് എഴുപത്തിനാല് വര്‍ഷം പിന്നിട്ടു. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനമാണ് ആഘോഷിക്കാന്‍ പോകുന്നത്. ഇത്രയും നീണ്ട കാലത്തിനിടെ ഒരിക്കല്‍പ്പോലും സ്വാതന്ത്ര്യദിനം ആഘോഷിക്കാതിരുന്ന, ആ സുദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താതിരുന്ന പാര്‍ട്ടിക്കാണ് ഇപ്പോള്‍ അങ്ങനെ വേണമെന്ന് തോന്നുന്നത്. അതിനാലാണ് ഇതിനെ വെളിപാട് എന്നു വിളിക്കേണ്ടി വരുന്നത്. ധൂര്‍ത്ത പുത്രന്മാര്ക്ക് എപ്പോള്‍ വേണമെങ്കിലും മടങ്ങിവരാം. പക്ഷേ അതിനു മുന്‍പ് തെറ്റ് സമ്മതിക്കുന്നതാണ് മാന്യത. സിപിഎമ്മിന്റെ നേതാക്കളില്‍നിന്ന് അതുണ്ടാവുന്നില്ല. തെറ്റുകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴും തങ്ങള്‍ ശരിമാത്രം ചെയ്തുകൊണ്ടിരിക്കുന്നുവെന്നാണ് അവരുടെ ഭാവം.
ചരിത്രം രണ്ട് തവണ ആവര്‍ത്തിക്കും, ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും എന്നാണല്ലോ കാറല്‍മാര്‍ക്സ് പറഞ്ഞിട്ടുള്ളത്. സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ തീരുമാനിച്ചതോടെ ആചാര്യനെപ്പോലും സിപിഎം കടത്തിവെട്ടിയിരിക്കുകയാണ്. കാരണം പാര്‍ട്ടിയുടെ ഇപ്പോഴത്തെ തീരുമാനത്തില്‍ ചരിത്രം ദുരന്തമായും പ്രഹസനമായും ഒരേസമയം സംഭവിച്ചിരിക്കുന്നു. പാര്‍ട്ടി അണികള്‍ അടിമകളാണ്. അവര്‍ അനുസരിക്കാന്‍ മാത്രം വിധിക്കപ്പെട്ടവരും. ഇതുപോലെയല്ല പൊതുജനം. അവരെ തെറ്റിദ്ധരിപ്പിക്കാമെന്ന് കരുതേണ്ട. നീണ്ടകാലത്തെ പോരാട്ടത്തിലൂടെ, ആയിരങ്ങളുടെ ജീവന് ബലിയര്‍പ്പിച്ച് നേടിയ സ്വാതന്ത്ര്യത്തെ അംഗീകരിക്കാന്‍ തയ്യാറാവാതെ കരിദിനം ആചരിച്ചവരാണ് കമ്യൂണിസ്റ്റുകള്‍. രാജ്യത്തിന് ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യം കപട സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ച് പുതുതായി അധികാരത്തില്‍ വന്ന സര്‍ക്കാരിനെ സായുധസമരത്തിലൂടെ അട്ടിമറിച്ച് അധികാരം പിടിക്കാനാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചത്. കൊല്‍ക്കത്ത തീസിസിന്റെ പേരില്‍ തെലങ്കാനയിലും തേഭാഗയിലും പുന്നപ്ര വയലാറിലുമൊക്കെ ആയിരങ്ങളെ കുരുതികൊടുത്തത് രാജ്യം സ്വാതന്ത്ര്യം നേടിയതിനെ അംഗീകരിക്കാതെയാണ്. പത്ത് വര്‍ഷം കഴിഞ്ഞാണ് സ്വാതന്ത്ര്യം നേടിയെന്ന് അംഗീകരിക്കാന്‍ ഈ പാര്‍ട്ടി തയ്യാറായത്. അതിനുശേഷവും സ്വാതന്ത്ര്യദിനാഘോഷം വിലക്കി. രാജ്യസ്നേഹം തൊട്ടുതെറിക്കാത്ത ഈ വിചിത്ര ജീവികള്‍ തങ്ങളുടെ പിതൃ ഭൂമികളായ സോവിയറ്റ് യൂണിയനെയും ചൈനയെയുമൊക്കെ ആരാധിച്ചുപോന്നു.
സ്വാതന്ത്ര്യസമരത്തിന്റെ നിര്‍ണായകഘട്ടങ്ങളിലൊക്കെ അതിനെ ഒറ്റുകൊടുക്കാനും അട്ടിമറിക്കാനും നടന്നവര്‍, സ്വാതന്ത്ര്യസമരത്തെ നയിച്ച ഗാന്ധിജിയെയും നേതാജി സുഭാഷ് ചന്ദ്രബോസിനെയുമൊക്കെ അപകീര്‍ത്തിപ്പെടുത്തിയവര്‍ രാജ്യം സ്വാതന്ത്ര്യം നേടിയതിനുശേഷവും ഈ നയം തുടരുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വാതന്ത്ര്യദിനം പോലും ആഘോഷിക്കാതിരുന്നത്. സാമ്രാജ്യത്വം, ബൂര്‍ഷ്വാ സ്വാതന്ത്ര്യം എന്നൊക്കെയുള്ള പദാവലികളില്‍ പൊതിഞ്ഞ് ദേശവിരുദ്ധ പ്രവര്‍ത്തനം തന്നെയാണ് ഇക്കൂട്ടര്‍ നടത്തിയത്. കുറ്റബോധം കൊണ്ട് ഇതിന് പ്രായശ്ചിത്തം ചെയ്യണമെന്ന് തോന്നുന്നുവെങ്കില്‍ അക്കാര്യം തുറന്നു പറയണം. ഇതിനു പകരം കാപട്യവും തൊലിക്കട്ടിയും കൈമുതലാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുന്നത് കടുത്ത വഞ്ചനയാണ്. ആര്‍എസ്എസിന്റെ ദേശീയവാദത്തെ നേരിടാനാണത്രേ സ്വാതന്ത്ര്യദിനാഘോഷം നടത്താന്‍ സിപിഎം തീരുമാനിച്ചിട്ടുള്ളത്. ആര്‍എസ്എസ് പിറന്നുവീണ കാലം മുതല്‍ സ്വന്തം തത്വശാസ്ത്രമായി ഉയര്‍ത്തിപ്പിടിക്കുന്നതാണ് ദേശീയത. ഈ മുന്നേറ്റത്തിന് നൂറ്റാണ്ടു തികയാന്‍ നാല് വര്‍ഷം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇപ്പോള്‍ ആര്‍എസ്എസിനെ നേരിടാന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവര്‍ വിഡ്ഢികള്‍ക്ക് മാത്രം പ്രവേശനമുള്ള സമത്വസുന്ദര ലോകത്ത് കഴിയുന്നവരാണ്. രാജ്യസ്നേഹമെന്ന വികാരം സിപിഎമ്മിന്റെ സ്വര്‍ഗ ഭൂമിയായ ചൈനയില്‍നിന്നും ഉത്തരകൊറിയയില്‍നിന്നും ഇറക്കുമതി ചെയ്യാന്‍ കഴിയുന്നതല്ല. ജനങ്ങള്‍ സമ്പൂര്‍ണമായി തിരസ്കരിക്കുകയാണെന്ന് വേദനയോടെ തിരിച്ചറിയുന്നവര്‍ക്ക് സമനില തെറ്റിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: