സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണാനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍, അവരെ പിന്നാക്കമായി പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന നിയമം പാര്‍ലമെന്റ് അംഗീകരിക്കുന്നു. പി ന്നാക്ക വിഭാഗങ്ങള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് സീറ്റ് സംവരണം ഏര്‍പ്പെടുത്തുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ബിജെപി സര്‍ക്കാരിന്റെ തീരുമാനങ്ങളാണ് നിയമമാകുന്നത്. രാജ്യത്തെ ഫെഡറല്‍ സംവിധാനം ശക്തിപ്പെടുത്തിക്കൊണ്ടുള്ള തീരുമാനംകൂടിയാണിത്.
മുപ്പതുവര്‍ഷം മുമ്പ്, ഇന്ത്യന്‍ ജനാധിപത്യത്തില്‍ വലിയൊരു വിപ്ലവം സംഭവിച്ചു. കോണ്‍ഗ്രസ് ഭരണക്കുത്തക തകര്‍ത്ത്, ആ പാര്‍ട്ടിയുടെയും നേതാക്കളുടെയും മുഖമുദ്രയായ അഴിമതിക്കെതിരെ ജനായത്ത മാര്‍ഗത്തില്‍ വിശ്വനാഥ് പ്രതാപ് സിങ് എന്ന പ്രധാനമന്ത്രി അധികാരത്തില്‍ വന്നു. ആ വഴി ഏറെച്ചുരുക്കിപ്പറയാം-രാജീവ് ഗാന്ധിയുടെ മന്ത്രിസഭാംഗമായിരുന്ന സിങ്, ബോഫോഴ്സ് ആയുധ ഇടപാടിലെ അഴിമതി, സ്വിസ്ബാങ്ക് നിക്ഷേപം തുടങ്ങിയ വിഷയങ്ങളില്‍ പിണങ്ങിപ്പിരിഞ്ഞ് നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവിലാണ്, ബിജെപിയുടെ പിന്തുണയോടെ പ്രധാനമന്ത്രിപദത്തിലെത്തിയത്. എന്നാല്‍, മികച്ച അവസരം പാഴാക്കിക്കളഞ്ഞു വി.പി. സിങ്. ‘ഇരിക്കും മുമ്പേ കാല്‍നീട്ടി’യെന്നു പറയാം, അങ്ങനെ വിപി വീണു.
വി.പി. സിങ്ങിന്റെ ഭരണകാലത്താണ് ജാതിരാഷ്ട്രീയത്തിന് ഭരണഘടനാപരമായ പരിരക്ഷയും ആദര്‍ശപരമായ അഗീകാരവും ശക്തമായത് എന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ കാണാം. അതിന് അവര്‍ ആയുധമാക്കിയത് മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ടായിരുന്നു. അതേക്കുറിച്ച് പറയും മുമ്പ്, ശേഷം സംഭവിച്ചതുകൂടി സൂചിപ്പിക്കാം, അപ്പോഴേ ഇപ്പോള്‍ ഇത് പറയാനുള്ള കാരണം ബോധ്യമാകൂ.
ബിജെപിയുടെ പിന്തുണയിലായിരുന്നു വി.പി. സിങ് സര്‍ക്കാര്‍. 197 സീറ്റ് കിട്ടിയ കോണ്‍ഗ്രസിനെ പുറത്തിരുത്താന്‍ 143 സീറ്റ് കിട്ടിയ വി.പി. സിങ്ങിന്റെ ജനതാദളിന് ആകില്ലെന്ന് വന്നപ്പോള്‍, കോണ്‍ഗ്രസ് ഭരണമുക്ത ഭാരതം ലക്ഷ്യമാക്കിയ ബിജെപി 85 സീറ്റുകൊണ്ട് പിന്തുണയ്ക്കുകയായിരുന്നു. സ്വാഭാവികമായും ബിജെപിക്ക് രണ്ട് സീറ്റില്‍നിന്ന് 85 സീറ്റിലേക്കുള്ള വളര്‍ച്ച തുടര്‍ വികസനത്തിനുള്ള ആവേശമായിരുന്നു. അതിനുള്ള പദ്ധതികള്‍ പാര്‍ട്ടി ആസൂത്രണം ചെയ്തുപോന്നു. എന്നാല്‍ തട്ടിക്കൂട്ടി രൂപപ്പെടുത്തിയ ജനതാദളിന് ആഭ്യന്തര പ്രശ്നങ്ങള്‍ ഏറെയായിരുന്നു. അധികാരകേന്ദ്രങ്ങളും. അഴിമതിക്കെതിരേയുള്ള പ്രഖ്യാപിത പോരാട്ടം നടത്താല്‍ സര്‍ക്കാരിന് ആയില്ല. അപ്പോഴാണ് മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് വി.പി. സിങ് പുറത്തെടുത്തത്. അതൊരു ജാതിക്കളിയും തീക്കളിയുമായി മാറി. അര്‍ഹതപ്പെട്ടവര്‍ക്ക് കൃത്യം മാനദണ്ഡങ്ങളോടെ സംവരണാനുകൂല്യങ്ങള്‍ നല്കാന് ശുപാര്‍ശ നല്കുന്ന റിപ്പോര്‍ട്ട് തികച്ചും രാഷ്ട്രീയമായി വിനിയോഗിച്ച് രാജ്യത്ത് തീയാളിക്കുകയായിരുന്നു സിങ്ങും കൂട്ടരും.
അഴിമതിക്കാരായ കോണ്‍ഗ്രസുകാരുടെ ഭരണത്തിനെതിരേ കിട്ടിയ അഴിമതി വിരുദ്ധ വോട്ടായിരുന്നു സിങ്ങിന്റെ വിജയം. അതിന് തുടര്‍ നടപടിയില്ലാതായതും ജാതി രാഷ്ട്രീയക്കളിയും ജനങ്ങളില്‍ സര്‍ക്കാരിനോട് അപ്രിയമുണ്ടാക്കി.
1985 ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അയോധ്യയില്‍ രാമക്ഷേത്ര പ്രവേശത്തിന് തടസം നീക്കിയത് ജനമനസിലുണ്ടാക്കിയ വികാരം, 1980 കളില്‍ത്തന്നെ രാമജന്മഭൂമി ക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഹിന്ദു സംഘടനകളുടെ ആവേശം വര്‍ദ്ധിപ്പിച്ചു. ആ വിഷയം ബിജെപി ഔദ്യോഗികമായി ഏറ്റെടുക്കുകയും രാമജന്മഭൂമി മോചനമെന്ന ആവശ്യമുന്നയിച്ച് ബിജെപി അധ്യക്ഷന്‍ എല്‍.കെ. അദ്വാനി സോമനാഥ ക്ഷേത്രത്തില്‍നിന്ന് അയോധ്യയിലേക്ക് രഥയാത്ര നടത്തുകയും ചെയ്തു. അദ്വാനിയെ ബീഹാറില്‍ അറസ്റ്റ് ചെയ്തതും വി.പി.സിങ് സര്‍ക്കാരിന് ബിജെപി പിന്തുണ പിന്‍വലിച്ചതും ബിജെപി പ്രബല രാഷ്ട്രീയ ശക്തിയായതും മറ്റും പില്ക്കാല ചരിത്രം. ഇത്രയും പറഞ്ഞത്, ചരിത്രം ഇതായിരിക്കെ, മണ്ഡല് കമ്മീഷന് ശുപര്‍ശ നടപ്പാക്കുന്നതിനെതിരേ, സവര്‍ണ പാര്‍ട്ടിയായ ബിജെപി കൊണ്ടുവന്ന ‘കമണ്ഡല്‍’ (ഹൈന്ദവ ചിഹ്നമായി ചിലര്‍ വ്യാഖ്യാനിക്കുന്ന, ധര്‍മാചാര്യന്മാരുടെ ഭിക്ഷാപാത്രം) ആയിരുന്നു അയോധ്യ പ്രസ്ഥാനം എന്നായിരുന്നു വിമര്‍ശനം. മണ്ഡലും കമണ്ഡലുവും എന്ന പ്രയോഗംതന്നെ ഉണ്ടായി. പക്ഷേ, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിയും നിയതിയും, ജനമനസിന്റെ ചിന്തയും വികാരവും മറ്റുപലര്‍ക്കും തിരിച്ചറിയാനായില്ല എന്നതാണ് വാസ്തവം. ആ യാഥാര്‍ഥ്യം ഇന്നിപ്പോള്‍ കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഒബിസി വിഭാഗത്തിനും സാമ്പത്തിക പിന്നാക്ക വിഭാഗത്തിനും അഖിലേന്ത്യാ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ യഥാക്രമം 27 ശതമാനവും 10 ശതമാനവും സീറ്റ് സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
അന്ന് ‘മണ്ഡല്- കമണ്ഡല്‍’ കുപ്രചാരണം നടത്തിയവരും ആരോപിക്കപ്പെട്ടവരും ഇന്നെവിടെ എത്തിയെന്നും കാണുന്നത് നന്നാകും. മണ്ഡല് വിഷയത്തില്‍ വി.പി. സിങ്ങിന്റെ വലംകൈയായി, പിന്നാക്ക വിഭാഗത്തിന്റെ രക്ഷകനായി, പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ഭാവി പ്രധാനമന്ത്രിയായി പ്രവചിക്കപ്പെട്ട രാം വിലാസ് പാസ്വാന് ബിജെപിയുടെ സഖ്യകക്ഷിയായി. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ബിജെപി നേതാവ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി. ജനതാദള്‍ അതിന്റെ ചിഹ്നമായിരുന്ന രഥചക്രം പൊട്ടിപ്പൊളിഞ്ഞാലെന്നപോലെ പല തുണ്ടുകളായി. കോണ്‍ഗ്രസ് അധികാര ഭ്രഷ്ടമായി. സംവരണം നടപ്പുള്ള രീതിയില്‍ മതിയോ, തുടരണമോ എന്ന ചര്‍ച്ചകള്‍ വന്നുതുടങ്ങി. ജാതിവാദം ശക്തമായി. അതിനിടയില്‍, മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജീവരക്തത്തിലുള്ള അഴിമതിക്കെതിരേയാണ് ജനമനസ്സെന്നറിഞ്ഞ ബിജെപിആ അഴിമതിവിരുദ്ധ വിഷയത്തില്‍ ജനവിധി നേടി രണ്ടാമതും അധികാരത്തില്‍ വന്നു. അഴിമതി എന്ന ആരോപണം പോലുമില്ലാത്ത വിധം ഭരണം തുടരുന്നു, കേന്ദ്രത്തില്‍ മാത്രമല്ല, അവര്‍ക്ക് ഭരണമുള്ള സംസ്ഥാനങ്ങളിലും. അയോധ്യാ വിഷയം പാര്‍ട്ടിക്ക് രാഷ്ട്രീയ വിഷയം മാത്രമായിരുന്നില്ല. ക്ഷേത്ര നിര്‍മ്മാണം തുടങ്ങി. ആ ചടങ്ങിന്റെ വേളയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞത് മൂന്ന് പതിറ്റാണ്ടിനുമുമ്പ് വിഭാവനം ചെയ്ത് ആസൂത്രണം നടത്തിയ ഒരു യജ്ഞത്തിന്റെ സാഫല്യമാണ് രാമക്ഷേത്ര നിര്‍മ്മാണം എന്നാണ്. അതിലെല്ലാം അടങ്ങിയിട്ടുണ്ട്.
അതായത്, മണ്ഡലിനെതിരേ കമണ്ഡലു ആയിരുന്നില്ല ബിജെപിക്ക് രാമക്ഷേത്രം. അങ്ങനെ ആരോപിച്ചവരും പ്രചരിപ്പിച്ചവരും അപ്രസക്തരായി. സംവരണ സമരങ്ങളും (വിരുദ്ധ) മരണങ്ങളും മറവിയിലായി. മണ്ഡല് കമ്മീഷന് ചര്ച്ചയിലില്ലാതായി. പകരം സച്ചാര്‍ കമ്മിറ്റിവന്നു, കേരളത്തില്‍ അത് പാലൊളിക്കമ്മറ്റിയായി. ജാതി വാദത്തെയും തോല്‍പ്പിച്ച് ചില മതങ്ങളുടെ ആധിപത്യവാദം വന്നു. പിന്നാക്കം നോക്കുന്നത് മതാടിസ്ഥാനത്തിലായി. അപ്പോഴാണ് പിന്നാക്ക വിഭാഗത്തിനും സാമ്പത്തിക പിന്നാക്കക്കാര്‍ക്കും സംവരണവുമായി, ‘സംവരണ വിരുദ്ധ’രെന്ന് ചിലരാല്‍ വിമര്‍ശിക്കപ്പെട്ടവര്‍ വരുന്നത്. കാലചക്രത്തിന്റെ ഗതി. ഇവിടെ ഏറെ കൗതുകകരമായ കാര്യമുണ്ട്; ഇതിനിടയിലും ചിലര്‍ വാദിച്ച് വിയര്‍ക്കുകയും സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി പോവുകയും കേരള സര്‍ക്കാര്‍ നിലവിട്ട് വാദിക്കുകയും ചെയ്യുന്ന സച്ചാര്‍ സമിതിക്കും അതിന്റെ പരാദമായ പാലൊളി സമിതിക്കും ഭരണഘടനാപരമായി അസ്തിത്വമില്ലാത്തതാണ്. അതെക്കുറിച്ച് പിന്നീട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: