ന്യൂദല്‍ഹി: ടോക്കിയോ ഒളിമ്പിക്സിന് സമാപനമായെങ്കിലും ഇന്ത്യയില്‍ ആഘോഷത്തിന് കുറവില്ല. രാജ്യമാകെ അലതല്ലുകയാണ് മെഡല്‍ പോരാട്ടത്തിന്റെ ആവേശം. തെരുവുകള്‍ തോറും നീരജ് ചോപ്രയുടെയും മീരാബായ് ചാനുവിന്റെയും രവി ദാഹിയയുടെയുമെല്ലാം ബോര്‍ഡുകള്‍ നിറയുന്നു. ക്രിക്കറ്റും ഫുട്ബോളും അല്ലാതെ ഹോക്കിയും ചര്‍ച്ചകളാകുന്നു. ഇന്ത്യന്‍ കായിക മേഖലയില്‍ മാറ്റത്തിന്റെ സൂചന വീശുകയാണ്്.
ടോക്കിയോയില്‍ ഇന്ത്യന്‍ താരങ്ങളുടേത് മികവുറ്റ പ്രകടനമായിരുന്നു. ഏഴ് മെഡലുകളെന്ന റെക്കോഡ് നേട്ടത്തിലേക്ക് ഇന്ത്യയെത്തി. വരും ഒളിമ്പിക്സുകളില്‍ ഇതിലും വലിയ നേട്ടം വേണം. അതിനുള്ള തയാറെടുപ്പുകളാണ് ഇനി വേണ്ടത്. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര എറിഞ്ഞിട്ട സ്വര്‍ണ മെഡല്‍ ആവേശമാകും. ഒളിമ്പിക്സില്‍ ഇന്ത്യക്കും സ്വര്‍ണം നേടാമെന്ന പ്രതീക്ഷയും. സുവര്‍ണ നേട്ടം വിവിധ മേഖലകളിലേക്ക് വര്‍ധിപ്പിക്കേണ്ടതുണ്ട്. ട്രാക്ക് ഇനങ്ങളില്‍ കൂടുതല്‍ മികവ് കാട്ടണം. പരിശീലന കേന്ദ്രങ്ങളില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഉണ്ടാകണം. ഇതിനെല്ലാമുള്ള തുടക്കമാണ് വേണ്ടത്. ഒളിമ്പിക്സിന് മാസങ്ങള്‍ക്ക് മുമ്പുള്ള ഒരുക്കം ഒഴിവാക്കി നീണ്ട കാലത്തെ തയാറെടുപ്പിനുള്ള അവസരം ഒരുങ്ങണം. പരിശീലന മുറകള്‍ വര്‍ധിച്ചാല്‍ മെഡലുകളുടെ എണ്ണം കൂടുമെന്നുറപ്പ്.
നേട്ടങ്ങള്‍ക്കൊപ്പം നഷ്ടങ്ങളുടെ കണക്കും ഇന്ത്യക്ക് പരിശോധിക്കേണ്ടതുണ്ട്. ഷൂട്ടിങ്ങും അമ്പെയ്ത്തും ഏറെ ശ്രദ്ധിക്കേണ്ട ഇനങ്ങളായിരിക്കുന്നു. ലോക ഒന്നാം നമ്പര്‍ താരങ്ങള്‍ ആദ്യ റൗണ്ടില്‍ പേലും വീഴുന്ന കാഴ്ചകള്‍ അമ്പെയ്ത്തില്‍ കണ്ടു. ഷൂട്ടിങ്ങിലും നിരാശയായി. ചൈനയ്ക്കും അമേരിക്കയ്ക്കും ജപ്പാനും ബ്രിട്ടനുമൊപ്പം മെഡല്‍ കൊയ്ത്തുമായി ഇന്ത്യ മുന്നില്‍ നില്ക്കാന് പോരായ്മകള്‍ പരിഹരിച്ചേ മതിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: