ആയൂര്‍: ലോറി ഡ്രൈവര്‍ കേരളപുരം സ്വദേശി അജയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഇന്നലെ വൈകിട്ട് അഞ്ചമണിയാണ് പ്രതികളെ സംഭവ സ്ഥലത്തെത്തിച്ചത്.
അഖിലാണ് അജയന്‍പിള്ളയെ കുത്തിയതെന്നും മറ്റുള്ളവര്‍ ലോറിക്കുള്ളില്‍ നിന്നും പണവും മൊബൈല്‍ ഫോണും കവരാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്നും പ്രതികള്‍ പറഞ്ഞു. അഞ്ച് ദിവസത്തേക്കാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്. ബൈക്കിലെത്തിയ വഴിയും കൊലപാതകം നടത്തിയ രീതിയിലും ശേഷം ബൈക്കും കത്തിയും ഉപേക്ഷിച്ച സ്ഥലവും പ്രതികള്‍ പോലീസിന് കാണിച്ചു നല്‍കി.
പള്ളിമുക്ക് കോളേജ് നഗര്‍ മുംതസീര്‍ (33) കാഞ്ഞിരംവിള മേലതില്‍ വീട്ടില്‍ അനില്‍ ജോബ് (20), തഴുത്തല വടക്കേ മൈലക്കാട് പുത്തന്‍വിള വീട്ടില്‍ ഹരികൃഷ്ണന്‍ (20), ഇത്തിക്കര കല്ലുവിള വീട്ടില്‍ അഖില്‍ (20), വയലില്‍ പുത്തന്‍വീട്ടില്‍ സുധിന്‍ (19) എന്നിവരാണ് കേസിലെ പ്രതികള്‍. തെളിവെടുപ്പെടുക്കുന്ന വിവരം അറിഞ്ഞ് പരിസരവാസികളും നാട്ടുകാരും തടിച്ചുകൂടിയിരുന്നു.
ജൂലൈ 22ന് പുലര്‍ച്ചെയാണ് കേരളപുരം സ്വദേശി അജയന്‍ പിള്ള (64) ആയൂര്‍ അഞ്ചല്‍ റോഡില്‍ ഇടമുളയ്‌ക്കല്‍ പെരിങ്ങള്ളൂര്‍ കാട്ടുവാമുക്കില്‍ കുത്തേറ്റു മരിക്കുന്നത്. റോഡ് വശത്ത് ലോറി പാര്‍ക്ക് ചെയ്ത ശേഷം വിശ്രമിക്കുകയായിരുന്നു അജയന്‍പിള്ള. മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്യുകയായിരുന്നു അക്രമി സംഘത്തിന്റെ ലക്ഷ്യം. മൊബൈല്‍ഫോണുകളും നിരീക്ഷണ ക്യാമറകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: