തിരുവനന്തപുരം: പ്രതിപക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തി കോണ്‍ഗ്രസില്‍ കത്ത് വിവാദം. മാസങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം പരാതികള്‍ക്കും വിഴുപ്പലക്കലിനും കോണ്‍ഗ്രസില്‍ വീണ്ടും തുടക്കമായി. വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവും കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റുമായി ഏതാനും മാസങ്ങള്‍ കഴിയുമ്പോഴാണ് പാര്‍ട്ടിക്കുള്ളില്‍ പരാതികള്‍ തലപൊക്കുന്നത്.
കത്ത് യുദ്ധം കോണ്‍ഗ്രസില്‍ പതിവാണെങ്കിലും പുതിയ നേതൃത്വത്തിനെതിരേയുള്ള നീക്കം ആദ്യമാണ് കത്തായി ഹൈക്കമാന്‍ഡിന് മുമ്പിലെത്തുന്നത്. ഇതിന് ചരട് വലിക്കുന്നത് പ്രബല ഗ്രൂപ്പുകളുടെ നേതാക്കളാണെന്ന ആക്ഷേപവുമുണ്ട്. നിരവധി സുവര്‍ണാവസരങ്ങള്‍ പ്രതിപക്ഷത്തിന് ലഭിച്ചിട്ടും ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാനായില്ലെന്നാണ് പ്രധാന ആരോപണം. പുതിയ നേതൃത്വവും പ്രതിപക്ഷ നേതാവും നടത്തിയ ആദ്യ അഞ്ച് മാസത്തെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ പരാജയമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.
മന്ത്രിയായ എ.കെ. ശശീന്ദ്രനെ രാജിവയ്‌പിക്കാന്‍ ലഭിച്ച അവസരം പ്രതിപക്ഷം പാഴാക്കി. മുട്ടില്‍ മരം മുറിയിലും നേട്ടം ഉണ്ടാക്കിയില്ല. നിയമസഭയില്‍ അഴിഞ്ഞാട്ടം നടത്തിയ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരേയുള്ള കോടതി പരാമര്‍ശത്തില്‍ നിയമസഭയ്‌ക്കകത്തും പുറത്തും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചെങ്കിലും മുന്നോട്ട് കൊണ്ടുപോകാനായില്ല. കൊവിഡ് നിയന്ത്രണത്തില്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തിന് ഘടക വിരുദ്ധമായി ചീഫ് സെക്രട്ടറിയുടെ ഉത്തരവും വേണ്ട വിധം ഉപയോഗിച്ചില്ല. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഒത്തുകളിക്കുന്നുവെന്ന സൂചനയാണിതെന്നാണ് ഗ്രൂപ്പ് മാനേജര്‍മാര്‍ കത്തിലൂടെ തുറന്നുകാട്ടാന്‍ ശ്രമിക്കുന്നത്.
സതീശനും മുഖ്യമന്ത്രിയും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്നും ഇതിന്റെ ഭാഗമായാണ് ലോക്‌സഭാ ടിവിയില്‍ പിണറായിയുമായി വി.ഡി. സതീശന്‍ അഭിമുഖം നടത്തിയതെന്നും കത്തില്‍ പറയുന്നു. ഇതടക്കം ചര്‍ച്ചയാക്കി പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തെ നേതൃത്വത്തിനെതിരാക്കുകയാണ് പരാതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ട വിഷയങ്ങള്‍ നിരവധി ഉണ്ടായിട്ടും കോണ്‍ഗ്രസ് നേതൃത്വം മൃദുസമീപനം സ്വീകരിച്ചുവെന്നും കത്തില്‍ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരം മുതലാക്കാന്‍ യുഡിഎഫിനാകാതെ വന്നതോടെയാണ് നേതൃമാറ്റമെന്ന തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തിയത്. പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് രാജിവയ്‌ക്കാന്‍ അവസരം നല്‍കാതെ നാണംകെടുത്തിയാണ് രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍ഡ് പടിയിറക്കി വിട്ടത്. പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത് ഉമ്മന്‍ചാണ്ടിയോടുപോലും ആലോചിക്കാതെയായിരുന്നു. അതേസമയം പുതിയ കത്ത് വിവാദത്തോട് കോണ്‍ഗ്രസിലെ പ്രധാന നേതാക്കളൊന്നും പ്രതികരിച്ചിട്ടില്ല.
















