ഡെറാഡൂണ്‍: കോവിഡ് രണ്ടാം തരംഗത്തിന് കൂടി വഴിവെച്ച കുംഭമേളയിലെ കോവിഡ് വ്യാപനത്തിന് കാരണമായത് വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്കിയ അഞ്ച് ലാബുകളാണെന്ന് കണ്ടെത്തല്‍.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് വിവിധ ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഈ തട്ടിപ്പ് നടത്തിയ ലാബുകളില്‍ നിന്ന് ഒരു ലക്ഷത്തോളം വ്യാജ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്. 30.9 ലക്ഷം രൂപയും ഈ ലാബുകളില്‍ നിന്നും കണ്ടെത്തി.
ഡെറാഡൂണ്‍, ഹരിദ്വാര്‍, ദല്‍ഹി, നോയ്ഡ, ഹിസാര്‍ എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡുകളിലാണ് കുംഭമേള സമയത്ത് വ്യാജ കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ നല്കിയ അഞ്ച് കമ്പനികളെ പിടികൂടിയത്. നോവിസ് പാത് ലാബ്സ്, മാക്സ് കോര്‍പറേറ്റ് സര്‍വ്വീസസ്, ഡോ.ലാല്‍ ചാന്ദ്നി ലാബ്സ് പ്രൈവറ്റ് ലി., നല്വ ലാബ് എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയ ഇഡി തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നത്. ഉത്തരാഖണ്ഡ് പ്രത്യേക അന്വേഷണ സംഘം ദല്‍ഹിയിലെ മാക്സ് കോര്‍പറേറ്റ് സര്‍വ്വീസസ്, ഹര്യാനയിലെ നല്വ ലാബ്, ഡോ.ലാല്‍ ചാന്ദ്നി ലാബ്സ് എന്നിവയുടെ ഉടമസ്ഥരെ ചോദ്യം ചെയ്തു.
ആളുകളില്‍ നിന്നും സ്രവമെടുക്കാതെയും ടെസ്റ്റ് നടത്താതെയുമാണ് വ്യാജ കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ പണം വാങ്ങി വിതരണം ചെയ്തിരുന്നത്. ഹരിദ്വാര്‍ കുംഭമേളയാണ് കോവിഡ് രണ്ടാംതരംഗമുണ്ടാക്കിയതെന്ന് ആരോപണമുണ്ടായിരുന്നു. 48.51 ലക്ഷം പേരാണ് ഇതില്‍ പങ്കെടുത്തത്. എന്നാല്‍ ഒന്നും രണ്ടും ഘട്ടത്തിന് ശേഷം കോവിഡ് പരന്നതിനെ തുടര്‍ന്ന് കുംഭമേളയുടെ മൂന്നാംഘട്ടം റദ്ദാക്കുകയായിരുന്നു. 200 സന്യാസിമാര്‍ക്ക് കോവിഡ് നെഗറ്റീവ് കണ്ടെത്തിയതോടെ പ്രധാനമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് കുംഭമേള നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: