Categories: India

ടോക്യോ വെങ്കലത്തിന് ചുക്കാന്‍ പിടിച്ച ശ്രീജേഷിനില്ലേ പാരിതോഷികം? പഞ്ചാബ് അവരുടെ 8 പേര്‍ക്കും മധ്യപ്രദേശ് 2 പേര്‍ക്കും പ്രഖ്യാപിച്ചത് ഓരോ കോടി വീതം!

ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ടോക്യോവില്‍ വെങ്കലും നേടിയപ്പോള്‍ ഏറ്റവുമധികം ആഘോഷിക്കേണ്ടിയരുന്നത് കേരളമാണ്. കാരണം ഈ വിജയത്തില്‍ മതില്‍ പോലെ നിന്ന് ജര്‍മ്മനിയുടെ ഗോളാകേണ്ട ഷോട്ടുകള്‍ തട്ടിത്തെറിപ്പിച്ച് ഇന്ത്യന്‍ ടീമിന് വിജയം ഉറപ്പിച്ചത് മലയാളിയായ ഗോളി ശ്രീജേഷാണ്.

Published by

ന്യൂദല്‍ഹി: ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ടോക്യോവില്‍ വെങ്കലും നേടിയപ്പോള്‍ ഏറ്റവുമധികം ആഘോഷിക്കേണ്ടിയരുന്നത് കേരളമാണ്. കാരണം ഈ വിജയത്തില്‍ മതില്‍ പോലെ നിന്ന് ജര്‍മ്മനിയുടെ ഗോളാകേണ്ട ഷോട്ടുകള്‍ തട്ടിത്തെറിപ്പിച്ച്  ഇന്ത്യന്‍ ടീമിന് വിജയം ഉറപ്പിച്ചത് മലയാളിയായ ഗോളി ശ്രീജേഷാണ്.  

പക്ഷെ ഇന്ത്യയില്‍ നിന്നാകെ കിട്ടിയ പ്രതികരണവുമായി താരതമ്യം ചെയ്യുമ്പോള്‍ ശ്രീജേഷിന് കേരളത്തില്‍ നിന്നും കിട്ടിയത് തണുപ്പന്‍ പ്രതികരണം. ഇടതു രാഷ്‌ട്രീയമല്ലാത്തതാണ് ഇതിന് കാരണമെന്ന രീതിയിലുള്ള പ്രചാരണം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. അതിന് ഉദാഹരണമാണ് ഒരു കെട്ട് പുസ്തകങ്ങള്‍ ഇടതു കയ്യില്‍ ഏന്തി നില്‍ക്കുമ്പോള്‍ തന്നെ വലതുകയ്യില്‍ ഭഗവദ്ഗീത ഉയര്‍ത്തിക്കാണിച്ച് നില്‍ക്കുന്ന ശ്രീജേഷിന്റെ ചിത്രം.  

അപൂര്‍വ്വ നേട്ടങ്ങള്‍ കൊണ്ടുവരുന്ന മലയാളികളുടെ  വിജയം രാഷ്‌ട്രീയവും കൊടിനിറവും നോക്കി ആഘോഷിക്കപ്പെടേണ്ടതാണോ? ഇസ്രയേലില്‍ പലസ്തീന്‍ ഭീകരരുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൗമ്യയ്‌ക്ക് സംസ്ഥാനസര്‍ക്കാരില്‍ നിന്നുള്ള അവഗണന കയ്പേറിയ അനുഭവമായിരുന്നു.  

ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കായികമന്ത്രിമാരും അവരവരുടെ സംസ്ഥാനങ്ങളില്‍ നിന്നുള്ള കളിക്കാര്‍ക്ക് ഒരോ കോടി വീതമാണ് സമ്മാനം പ്രഖ്യാപിച്ചത്. വെങ്കലമെഡല്‍ നേടിയ വാര്‍ത്ത പുറത്തുവന്നതോടെ തന്നെയായിരുന്നു ഈ മുഖ്യമന്ത്രിമാര്‍ അവരുടെ കളിക്കാര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചത്.  

ഈ വിജയത്തിന്റെ പ്രാധാന്യം ശരിക്കും മനസ്സിലാക്കുന്നവരായിരുന്നു ഈ മുഖ്യമന്ത്രിമാരും കായികമന്ത്രിമാരും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിംഗ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ വെങ്കലമെഡലിന്റെ പ്രാധാന്യം തന്റെ ട്വീറ്റില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ‘ജര്‍മ്മനിയെ തോല്‍പിച്ച് ഒളിമ്പിക്‌സില്‍ പുരുഷഹോക്കി ടീം വെങ്കലമെഡല്‍ നേടിയത് രാജ്യത്തിന് അഭിമാനാര്‍ഹവും ചരിത്രപരവുമായ നിമിഷമാണ്. 41 വര്‍ഷത്തിന് ശേഷമാണ് ഒരു ഗംഭീരനേട്ടം കൊയ്യുന്നത്. ഹോക്കിയിലെ ഈ വെങ്കലത്തിന് സ്വര്‍ണ്ണപ്പതക്കത്തിന്റെ മൂല്യമുണ്ട്. നന്ദി,’ ഇതായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ട്വീറ്റ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ നിര്‍ദേശപ്രകാരം സ്‌പോര്‍ട്‌സ് മന്ത്രി റാണ ഗുര്‍മിത് സിംഗ് സോധിയാണ് ഒരു കോടിയുടെ വാഗ്ദാനം പ്രഖ്യാപിച്ചത്.  

പഞ്ചാബ് സര്‍ക്കാര്‍ ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ പൊരുതി നേടിയ ഇന്ത്യന്‍ ടീമിലെ പഞ്ചാബികളായ കളിക്കാര്‍ക്ക് ഒരു കോടി രൂപ വീതമാണ് പ്രഖ്യാപിച്ചത്. മന്‍പ്രീത് സിംഗ് ഉള്‍പ്പെടെ എട്ട് കളിക്കാരാണ് പഞ്ചാബില്‍ നിന്നും ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിലുള്ളത്. ഹര്‍മന്‍പ്രീത് സിംഗ്, രൂപീന്ദര്‍ പാല്‍ സിംഗ്, ഹാര്‍ദിക് സിംഗ്, ഷംഷെര്‍ സിംഗ്, ദില്‍പ്രീത് സിംഗ്, ഗുര്‍ജന്ത് സിംഗ്, മന്‍ദീപ് സിംഗ് എന്നിവരാണ് പഞ്ചാബികളായ എട്ട് ഹോക്കി താരങ്ങള്‍. സ്വര്‍ണ്ണമെഡല്‍ നേടിയാല്‍ 2.25 കോടി നല്‍കുമെന്ന് നേരത്തെ തന്നെ പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.  

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും സംസ്ഥാനത്തുനിന്നുള്ള രണ്ട് പേര്‍ക്ക് ഓരോ കോടി രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.  

‘ടോക്യോ ഒളിമ്പിക്‌സിലെ പ്രകടനത്തിന്റെ പേരില്‍ മധ്യപ്രദേശില്‍ നിന്നുള്ള വിവേക് സാഗര്‍, നീലകാന്ത ശര്‍മ്മ എന്നിവര്‍ക്ക് ഓരോ കോടി വീതം നല്‍കും.,’ ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റല്‍ പറഞ്ഞു.

രണ്ട് ദിവസം മുമ്പ് ടോക്യോയില്‍ നേടിയ വെങ്കലത്തിന് മുമ്പ് ഇന്ത്യയ്‌ക്ക് ഹോക്കിയില്‍ ഒരു മെഡല്‍ ലഭിച്ചത് 1980ലെ മോസ്‌കോ ഗെയിംസിലാണ് വി.ഭാസ്കരന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം  ഒരു സ്വര്‍ണ്ണമെഡല്‍ നേടിയത്. 41 വര്‍ഷത്തെ വരള്‍ച്ചക്ക് ശേഷം ഇന്ത്യ  അവരുടെ ദേശീയഗെയിമായ ഹോക്കിയില്‍ ഒരു മെഡല്‍ വീണ്ടും നേടിയെന്നതാണ് ഇതിന്റെ ചരിത്രപ്രാധാന്യം.  

വെങ്കലമെഡല്‍ പോരാട്ടത്തില്‍ ജര്‍മ്മനിയെ 5-4നാണ് ഇന്ത്യ തോല്‍പിച്ചത്.  ഇന്ത്യയുടെ ഈ തിളക്കമാര്‍ വിജയത്തിന് ചുക്കാന്‍ പിടിച്ച ഗോളി ശ്രീജേഷിന് ഇതുവരെ കേരളസര്‍ക്കാര്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. ആകെ ശ്രീജേഷിന് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള പാരിതോഷികം  കേരളത്തിലെ ഹോക്കി അസോസിയേഷന്‍ ആകെ പ്രഖ്യാപിച്ചത് അഞ്ച് ലക്ഷം മാത്രമാണ്.  കേരളത്തിന്റെ കായികമന്ത്രി വി. അബ്ദുറഹിമാനോ മുഖ്യമന്ത്രി പിണറായി വിജയനോ ഒരു പാരിതോഷികവും പ്രഖ്യാപിച്ചിട്ടില്ല. അഭിനന്ദനമല്ലാതെ.  

മെഡലൊന്നും നേടിയില്ലെങ്കിലും സ്വന്തം സംസ്ഥാനത്തിലെ ഒമ്പത് വനിതാ ഹോക്കി താരങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതമാണ് പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടിലെ പട്ടാളി മക്കള്‍ കച്ചി യുവനേതാവ് അംബുമണി രാമദോസ് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് 10 ലക്ഷം പ്രഖ്യാപിച്ചു. ഇതെല്ലാം കണ്ടിട്ടും കേരളത്തിന് മാത്രം അനക്കമില്ല.നിയമസഭ കൂടുന്ന ദിവസമായിട്ടും ഭരണ-പ്രതിപക്ഷമേന്യേ ആരും ഇന്ത്യന്‍ ഹോക്കിയെ മറ്റൊരു ചരിത്രനിമിഷത്തിലെത്തിച്ച ശ്രീജേഷിന് ഒരു ആകര്‍ഷകമായ പാരിതോഷികം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടില്ല. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക