മൂന്നാര്‍: പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരാണ്ട് തികയുമ്പോള്‍ വേദനയോടെ മകനെ ഇനി ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന യാഥാര്‍ഥ്യം ഹൃദയത്തില്‍ ഏറ്റുവാങ്ങി ഒരു അച്ഛന്. മൂന്നാര്‍ സ്വദേശിയായ ഷണ്മുഖനാഥന്റെ മക്കളായ ദിനേശ്കുമാറും, നിതീഷ്കുമാറും ബന്ധുനായ കുട്ടിയുടെ പിറന്നാളാഘോഷത്തിനായാണ് ഉപെട്ടിമുടിയിലെത്തിയത്. എന്നാല്‍ കഴിഞ്ഞ ആഗസ്റ്റ് ആറിന് രാത്രിയെത്തിയ ഉരുള്‍പൊട്ടല്‍ ഇരുവരെയും തട്ടിയെടുത്തു.
നിതീഷിന്റെ മൃതദേഹം ലഭിച്ചെങ്കിലും ദിനേശിനെ ഇനിയും കണ്ടെത്താനായിട്ടില്ല. കണ്ടെത്താന്‍ അവശേഷിക്കുന്ന നാലില്‍ മൂന്നുപേരും ഷണ്മുഖനാഥന്റെ ബന്ധുക്കളാണ്. അപകട ദിവസം മുതല്‍ ഷണ്മുഖനാഥന് പെട്ടിമുടിയിലെ നിരന്തര സാന്നിധ്യമായിരുന്നു. സര്‍ക്കാര്‍ തലത്തിലുള്ള തിരച്ചില്‍ നിര്‍ത്തിയിട്ടും ഈ അച്ഛന് മാസങ്ങളോളം മൂന്നാറില്‍ നിന്ന് 23 കിലോമീറ്റര്‍ സഞ്ചരിച്ച് പെട്ടിമുടിയിലെത്തി മകനെ തേടിയലഞ്ഞു. ഒടുവില്‍ മകന്റെ വേര്പാടിന് ഒരാണ്ട് പൂര്‍ത്തിയാകുമ്പോള്‍ മകന്റെ മരണം സ്വയം സ്ഥിരീകരിച്ച് ചടങ്ങ് നടത്തുകയായിരുന്നു.
മകന് മരണപ്പെട്ട നക്ഷത്രം കണക്കാക്കി രാമേശ്വരത്തെത്തിയാണ് ചടങ്ങ് നടത്തിയത്. ശിവന് പൂജ ചെയ്ത് നാരായണ ബലിയും നടത്തി. പിന്നീട് തലമുണ്ഡനം ചെയ്ത് കടലില്‍ കുളിച്ച ശേഷമാണ് മടങ്ങിയെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെ പെട്ടിമുടിയിലെത്തി സംസ്കരിച്ച സ്ഥലത്ത് മാലയിട്ട് പ്രാര്‍ത്ഥിക്കുമെന്നും ഷണ്മുഖനാഥന് പറഞ്ഞു. അതേ സമയം മകന്റെ മരണ സര്‍ട്ടിഫിക്കറ്റും നഷ്ടപരിഹാരവും കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് മക്കളടക്കം ഷണ്മുഖനാഥന്റെ കുടുംബത്തിലെ 22 പേരാണ് ഉരുള്‍പൊട്ടലില്‍ ഭൂമിയില്‍ നിന്ന് തുടച്ച് നീക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: