ന്യൂദല്‍ഹി : ഒളിമ്പിക്സ് പുരുഷ ഹോക്കി മത്സരത്തില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 1980ന് ശേഷം ആദ്യമായാണ് ഇന്ത്യ ഒളിമ്പിക്സ് ഹോക്കിയില്‍ മെഡല്‍ നേടുന്നത്. ചരിത്ര വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ടീം ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ചിരുന്നു.
41 വര്‍ഷത്തിന് ശേഷം ഹോക്കിയില്‍ മെഡല്‍ നേടിയ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങള്‍. സമാനതകളില്ലാത്ത പോരാട്ടവും വൈദഗ്ദ്ധ്യവുമാണ് ടീം ഇന്ത്യ കാഴ്ച വച്ചത്. ഹോക്കിക്ക് പുതിയ തുടക്കമാണ് ഈ നേട്ടമെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ക്ക് പ്രോത്സാഹനം നല്കുന്നതാവും നേട്ടമെന്നും രാഷ്ട്രപതി ട്വിറ്ററിലൂടെ അറിയിച്ചു.
രാഷ്ട്രപതിയ്ക്ക് പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷാ, കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ തുടങ്ങി നിരവധി പ്രമുഖരാണ് ടീമിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്. നാല് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്സ് മെഡല്‍ സ്വന്തമാക്കുന്നത്.
ഈ നേട്ടം രാജ്യത്തിനാകെ അഭിമാനകരമാണെന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണം. നമ്മുടെ ആണ്‍കുട്ടികള്‍ പുതുചരിത്രം രചിച്ചിരിക്കുകയാണെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറും പ്രതികരിച്ചു. നിങ്ങളെക്കുറിച്ച് ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുകയാണെന്നും കായികമന്ത്രി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: