ജറുസലേം: ലബനനില്നിന്നുള്ള റോക്കറ്റ് ആക്രമണത്തെ തുടര്ന്ന് തിരിച്ചടിച്ച് ഇസ്രയേല്. റോക്കറ്റുകള് പതിച്ചതിന് മറുപടിയായി അര്ട്ടിലറി ഫയറിംഗ് നടത്തിയതായി ഇസ്രയേല് സൈന്യം ബുധനാഴ്ച അറിയിച്ചു. ആക്രമണത്തില് ഇസ്രയേലിന്റെ ഭാഗത്ത് അപകടങ്ങളുണ്ടായിട്ടില്ലെന്ന് ഇസ്രയേലിന്റെ മേഗന് ഡേവിഡ് ആദം ആംബുലന്സ് സര്വീസ് അറിയിച്ചു. പാടത്തുനിന്ന് പുക ഉയരുന്നതിന്റെ ചിത്രവും ട്വീറ്റ് ചെയ്തു.
ലബനീസ് അതിര്ത്തിക്ക് സമീപത്തെ നഗരമായ കിര്യത് ഷ്മോണ ഉള്പ്പെടെ ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളില് റോക്കറ്റ് ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് ശബ്ദം മുഴങ്ങി. മൂന്ന് റോക്കറ്റുകളാണ് ലബനനില്നിന്ന് തൊടുത്തതെന്ന് ഇസ്രയേല് സൈന്യം പ്രസ്താവനയില് അറിയിച്ചു. ഇതിലൊന്ന് അതിര്ത്തിക്ക് അപ്പുറം പതിച്ചു. രണ്ടെണ്ണം മാത്രമാണ് ഇസ്രയേലില് വീണത്.
നിരവധി റോക്കറ്റുകള് ഇസ്രയേലിലേക്ക് അയച്ചുവെന്ന് ലബനനില്നിന്നുള്ള ദൃക്സാക്ഷികളും പറയുന്നു. തുടര്ന്നാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ആര്ട്ടിലറി ഫയറിംഗ് ഉണ്ടായത്. ഹിസ്ബുല്ല ഗറില്ലകള്ക്ക് എതിരായ ഇസ്രയേലിന്റെ 2006-ലെ പോരാട്ടത്തിനുശേഷം അതിര്ത്തി പൂര്ണമായും ശാന്തമായിരുന്നു. എന്നാല് ലബനനിലുള്ള ചെറു പലസ്തീന് സംഘങ്ങള് ഇടയ്ക്ക് ആക്രമണം നടത്തിയിരുന്നു. ജൂലൈ 20ന് രണ്ട് റോക്കറ്റുകള് ഇസ്രയേലില് പതിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: