ശ്രീനഗര്‍: അരക്ഷിതാവസ്ഥയുടെ നാളുകള്‍ പതുക്കെ പതുക്കെ മറയുന്നു. ശാന്തസുന്ദരമായ, സുരക്ഷിതമായ കശ്മീര്‍ കണ്‍മുന്‍പില്‍ തെളിഞ്ഞു തുടങ്ങി. ഭീകരപ്രവര്‍ത്തനം ശക്തമായ നാളുകളില്‍, വീടും സകല സ്വത്തുക്കളും ഉപേക്ഷിച്ച് ജീവന്‍ കൈയില്‍ പിടിച്ച് പലായനം ചെയ്ത പണ്ഡിറ്റുകള്‍ ഒറ്റയ്‌ക്കും കൂട്ടമായും ജന്മനാട്ടിലേക്ക് മടങ്ങിത്തുടങ്ങി.
പ്രധാനമന്ത്രിയുടെ പുനരവധിവാസ പാക്കേജ് പ്രകാരം തൊഴില്‍ ലഭിച്ച നാലായിരത്തോളം ചെറുപ്പക്കാരായ പണ്ഡിറ്റുകള്‍ കശ്മീരിലേക്ക് മടങ്ങിയെത്തിക്കഴിഞ്ഞു. രണ്ടായിരത്തോളം പേര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ ജോലി നല്‍കി. അവരും ഉടന്‍ മടങ്ങിയെത്തും. 26,684 ലേറെ യുവാക്കള്‍ മടങ്ങിവരാന്‍ സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. ഇവരെ ഘട്ടം ഘട്ടമായി തൊഴില്‍ നല്‍കി പുനരധിവസിപ്പിക്കും.
മടങ്ങിയെത്തുന്നവര്‍ക്ക് താമസിക്കാന്‍ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളും ഒരുങ്ങുന്നുണ്ട്. ഇതിനകം ആറായിരത്തോളം വീടുകള്‍ പണിതു കഴിഞ്ഞു. ഇവയില്‍ കശ്മീരി പണ്ഡിറ്റുകള്‍, ദോഗ്ര ഹിന്ദുക്കള്‍ എന്നിവരുടെ തൊള്ളായിരത്തിലേറെ കുടുംബങ്ങളിലായി ആയിരം പേര്‍ താമസം തുടങ്ങി. സുരക്ഷാപ്രശ്‌നം മൂലം കശ്മീരില്‍ നിന്ന് പലായനം ചെയ്തവരില്‍ അരലക്ഷത്തോളം പേര്‍ പുനരധിവാസത്തിനുള്ള സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നാല്‍പ്പതിനായിരം കുടുംബങ്ങളും കശ്മീരിഹിന്ദു കുടുംബങ്ങളാണ്.
മടങ്ങിവരുന്നവരുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികളും എടുത്തു തുടങ്ങി. ഭീകരര്‍ക്കെതിരായ സൈനിക നടപടികള്‍ ശക്തമാക്കിയും അവരെ ഉന്മൂലനം ചെയ്തും ഭീകരരെ പിന്തുണയ്‌ക്കുന്നവരെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചും നിരോധിത സംഘടനകളുടെ ആള്‍ക്കാര്‍ക്കെതിരെ കടുത്ത നടപടികളെടുത്തും ജമ്മുകശ്മീര്‍ ഭരണകൂടം മുന്നേറുകയാണ്. സൈന്യവും സുരക്ഷാ സേനകളും രാത്രികാല പട്രോളിങ്ങും ഉഷാറാക്കിയിട്ടുണ്ട്. രഹസ്യാന്വേഷണ ഏജന്‍സികളുടെ ഏകോപനവും മെച്ചപ്പെടുത്തി. ഇത്തരം നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ലഫ്. ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹയാണ്.
370-ാം വകുപ്പ് നീക്കിയത് കരുത്തു പകര്‍ന്നു
ജമ്മു കശ്മീരിലെ അന്തരീക്ഷം ക്രമേണ സുരക്ഷിതമാകാനും പലായനം ചെയ്തവര്‍ക്ക് മടങ്ങിവരാന്‍ ആത്മവിശ്വാസം ലഭിക്കാനുമുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് 370-ാം വകുപ്പ് നീക്കിയത്. പുനരവധിവാസത്തിന്റെ ഭാഗമായി അഞ്ച് ജില്ലകളിലായി 35 ഏക്കര്‍ ഭൂമിയാണ് മടങ്ങിവരുന്നവര്‍ക്ക് ഫ്‌ളാറ്റുകള്‍ പണിയാന്‍ ഭരണകൂടം വിട്ടു നല്‍കിയത്. 2600 ഫ്‌ലാറ്റ് സമുച്ചയങ്ങളാണ് ഇവിടങ്ങളില്‍ നിര്‍മ്മിക്കുക. 80,000 കോടിയുടെ പുനരധിവാസ പാക്കേജാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതും.
എണ്‍പതുകളില്‍ ഇവിടെ നിന്ന് പലായനം ചെയ്ത മുഴുവന്‍ പണ്ഡിറ്റുകളെയും ദ്രോഗ്ര കുടുംബങ്ങളെയും അടുത്ത വര്‍ഷത്തോടെ സ്വന്തം നാട്ടില്‍ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. 920 കോടി ചെലവില്‍ ആറായിരം താത്ക്കാലിക വസതികളും ഒരുങ്ങുന്നുണ്ട്. കശ്മീരിലെ കുല്‍ഗാം, ബദ്ഗാം, ഗണ്ടേര്‍ബാല്‍, ഷോപ്പിയാന്‍, ബന്ദിപ്പോര, ബാരാമുള്ള, കുപ്‌വാര തുടങ്ങിയ ജില്ലകളിലാണ് ഇവ പണിയുന്നത്. സമീപകാലം വരെ ഭീകരപ്രവര്‍ത്തനം അതിശക്തമായി നടന്നിരുന്ന ജില്ലകളാണ് ഇവയില്‍ മിക്കവയും. ദല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലും രാജ്യത്തിന്റെ മറ്റു പലഭാഗങ്ങളിലും താമസിക്കുന്ന, കശ്മീരിലേക്ക് മടങ്ങിവരാന്‍ സന്നദ്ധരായ കുടുംബങ്ങളെയാകും ഇവിടങ്ങളില്‍ താമസിപ്പിക്കുക, ലഫ്. ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. ഓരോ കുടുംബത്തിനും മടങ്ങിവരാന്‍ സന്നദ്ധത അറിയിച്ച, 44,000 കുടുംബങ്ങള്‍ക്കും മാസം 13,000 രൂപ വീതം നല്‍കും. ഇവര്‍ക്ക് സൗജന്യ താമസം, സൗജന്യ റേഷന്‍ എന്നിവയും ഉറപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: