ന്യൂദല്‍ഹി: മുഖ്യമന്ത്രിയുടെ കരുതലുകളെക്കുറിച്ച് കേട്ട് തഴമ്പിച്ച കാതുകളില്‍ ഒരു കുളിര്‍മ്മയായിരുന്നു ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ കരുതല്‍ കഥ.
ഹോക്കിയില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ ടോക്യോ ഒളിമ്പിക്സില്‍ മെഡല്‍ പട്ടികയില്‍ ഇടം നേടിയതോടെ ഇന്ത്യക്കാരുടെ കണ്ണുകള്‍ പായുന്നത് ഒഡീഷയിലേക്ക് കൂടിയാണ്. ഇന്ത്യന്‍ ഹോക്കി ടീമുകളുടെ വളര്‍ച്ചയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കിയ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനാണ് അഭിനന്ദനപ്രവാഹമാണ് സമൂഹമാധ്യമങ്ങളില്‍.
അധികമൊന്നും പിആര്‍ വര്‍ക്കില്ലാത്ത മുഖ്യമന്ത്രിയാണ് നവീന്‍ പട്നായിക്ക്. ആത്മാര്‍ത്ഥമായി കാര്യങ്ങള്‍ ചെയ്യും. അത് സമൂഹമാധ്യമങ്ങളില്‍ കൊട്ടിഘോഷിക്കുന്ന പ്രകൃതമില്ല. 2000 മുതല്‍ തുടര്‍ച്ചയായി ഒഡീഷയിലെ മുഖ്യമന്ത്രിയാണ്. ഒരു പക്ഷെ ബംഗാളിലെ ജ്യോതിബസു മാത്രമേ ഏറ്റവും ദീര്‍ഘകാലം മുഖ്യമന്ത്രി എന്ന പദവിയില്‍ നവീന്‍ പട്നായിക്കിന് മുന്നിലുള്ളൂ. ഇത്ര ദീര്‍ഘകാലം ഭരിച്ചിട്ടും ജനങ്ങള്‍ക്ക് ഭരണവിരുദ്ധ വികാരമില്ല. അതാണ് ആ മനുഷ്യന്റെ സവിശേഷത. പ്രധാനമന്ത്രി മോദിയെ ഇഷ്ടപ്പെടുന്ന, മോദി തിരിച്ചും സ്നേഹിക്കുന്ന നവീന്‍ പട്നായിക്കിനെ പക്ഷെ ബിജെപിക്ക് പുറത്തുള്ള മുഖ്യമന്ത്രിയെന്ന നിലയില്‍ കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷപാര്‍ട്ടികള്‍ക്കും ഇഷ്ടമില്ല. അദ്ദേഹത്തിന് ഒറ്റ ലക്ഷ്യമേയുള്ളൂ- ഒഡീഷയുടെ വികസനം. അതിനായുള്ള സമര്‍പ്പിത ജീവിതമാണ് നവീന്‍ പട്നായിക്കിന്റേത്.
ഡൂണ്‍ സ്കൂളില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം ഹോക്കി ഗോള്‍കീപ്പറായിരുന്നു. സമ്പന്ന സംസ്ഥാനമല്ലെങ്കിലും ഇന്ത്യയിലെ ഹോക്കി ടീമുകള്‍ക്ക് വേണ്ടി 150 കോടിയിലധികമാണ് ഇദ്ദേഹം സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിച്ചത്. ജൂനിയര്‍, പുരുഷ, വനിത ദേശീയ ടീമുകളുടെ സ്പോണ്‍സറാണ് ഒഡീഷ. പണം മാത്രമല്ല, അടിസ്ഥാന സൗകര്യവികസനവും അദ്ദേഹം ടീമിന് നല്കി. എല്ലാ സംസ്ഥാനങ്ങളും സ്വകാര്യകമ്പനികളും ഗ്ലാമര്‍ ഗെയിമായ ക്രിക്കറ്റിന് പിന്തുണ നല്കുമ്പോള്, നവീന്‍ പട്നായിക് മാത്രമേ ഹോക്കിക്ക് പിന്തുണ നല്കാനുണ്ടായിരുന്നുള്ളൂ. സഹാറ കമ്പനി ഔദ്യോഗിക സ്പോണ്സര് സ്ഥാനത്ത് നിന്നും പിന്മാറിയപ്പോഴാണ് ഇന്ത്യയിലെ ഹോക്കി ടീമിനെ കൈവിടാതെ നവീന്‍ പട്നായിക് ആ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തു.
ഹോക്കിക്കായി ഒരു ലോകകപ്പ് മത്സരം ഒഡീഷയില്‍ നടത്തി. എങ്ങിനെയാണ് അദ്ദേഹം ഹോക്കിക്കുള്ള പണം കണ്ടെത്തിയത്? നല്ല ലാഭമുണ്ടാക്കുന്ന ഒഡീഷ മൈനിങ് കോര്പറേഷന് (ഒഎംസി) എന്ന കമ്പനിയുടെ ലാഭത്തില്‍ നിന്നാണ് ഹോക്കി ടീമിന് വേണ്ടിയുള്ള പണം കണ്ടെത്തിയത്. 20 കോടിയാണ് ഓരോ വര്‍ഷവും കൊടുത്തത്. ഇപ്പോള്‍ ഇന്ത്യയുടെ പുരുഷ ഹോക്കി ടീം ബ്രിട്ടനെ തോല്പിച്ച് 41 വര്‍ഷത്തിന് ശേഷം സെമിയില്‍ കടന്നപ്പോഴും ഇന്ത്യന്‍ വനിതാ ടീം ബ്രിട്ടനെ തോല്പിച്ച് സെമിയില്‍ കടന്നപ്പോഴും ഒഡീഷയിലെ ഭുവനേശ്വറിലിരുന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് കളി കാണുന്നുണ്ടായിരുന്നു. ഓരോ നിമിഷവും അദ്ദേഹം ടീമിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ബീരേന്ദ്ര ലക്രയും വനിതാ ഹോക്കി ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ദീപ് ഗ്രേസ് എക്കയും ഒഡിഷയില്‍ നിന്നുള്ള താരങ്ങളാണ്. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ പുരുഷ, വനിതാ ഹോക്കിടീമിന്റെ സ്പോണ്‍സറും ഒഡീഷ സര്‍ക്കാരാണ്.
ആസ്ത്രേല്യയെ തോല്പിച്ച് ഇന്ത്യയുടെ വനിതാ ടീമിന് സെമി ബെര്‍ത്ത് നല്കിയ ഗംഭീര വിജയത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി നവീന്‍ പട്നായിക് തന്നെ തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.
ഹോക്കി ഇന്ത്യയുമായി ചേര്‍ന്ന് ഒഡിഷ ഭുവനേശ്വരില്‍ പുരുഷ ലോകകപ്പ്, വേള്‍ഡ് ലീഗ്, പ്രോലീഗ്, ഒളിമ്പിക് ക്വാളിഫയര്‍ എന്നിങ്ങനെ നിരവധി ഹോക്കി ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിച്ചിരുന്നു. ഈ അനുഭവ പരിചയം തീര്‍ച്ചയായും ഇന്ത്യയിലെ ഹോക്കി ടീമുകള്‍ക്ക് ടോക്യോയില്‍ വഴി കാട്ടിയിരിക്കാം.
ധാരളമായി വായിക്കാന്‍ സമയം കണ്ടെത്തുന്ന നവീന്‍ പട്നായിക്ക് മൂന്ന് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്:
മൂന്ന് പുസ്തകങ്ങളെഴുതിയിട്ടുണ്ട്. സെക്കന്റ് പാരഡൈസ്: ഇന്ത്യന്‍ കോര്‍ട്ലി ലൈഫ്
എ ഡെസെര്‍ട്ട് കിംഗ്ഡം-ദി പീപ്പിള്‍ ഓഫ് ബികാനെര്‍
ദി ഗാര്ഡന് ഓഫ് ലൈഫ് : എന്‍ ഇന്ഡ്രൊഡക്ഷന് ടു ദി ഹീലിംഗ് പ്ലാന്റ് ഓഫ് ഇന്ത്യ
അഴിമതിക്കെതിരായി നിലകൊള്ളുക, പാവങ്ങള്‍ക്കായി സഹായങ്ങള്‍ ചെയ്യുക- ഇതൊന്നും പിആര്‍ ഏജന്‍സികളെക്കൊണ്ട് ഉച്ചൈസ്തരം കൊട്ടിഘോഷിക്കാതിരിക്കുക. ഇതാണ് നവീന്‍ പട്നായിക്. 75 വയസ്സായ ഇദ്ദേഹം അവിവാഹിതനാണ്. ലളിത ജീവിതം നയിക്കുന്നതില്‍ ഇഷ്ടപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: