ഹരിപ്പാട്: ചമ്പക്കുളം മൂലം വള്ളംകളിയോടെ കുട്ടനാട്ടില്‍ തുടക്കം കുറിക്കുന്ന ജലമേളകള്‍ ഇക്കുറിയും തുഴപ്പെരുക്കമോ വഞ്ചിപ്പാട്ടിന്റെ താളലയമോ ഇല്ലാതെ കടന്നു പോകും. കോവിഡിന്റെ പശ്ചാത്തലത്തിലാണ് അരങ്ങൊഴിഞ്ഞ ഒരുജലോത്സവ കാലം കൂടി കടന്നു പോകുന്നത്. ചമ്പക്കുളം മൂലംകളി ആചാരത്തില്‍ ഒതുങ്ങിയപ്പോള്‍ ചരിത്രപ്രസിദ്ധമായ നെഹ്രുട്രോഫി മത്സരം ആചാരത്തില്‍ പോലും ഇല്ലാതായി.
സംസ്ഥാനത്ത് ഉടനീളം നടത്തുന്ന ജലമേളകള്‍ ഇക്കുറിയും ഇല്ലാതാകുന്നതോടെ മാലിപ്പുരകളില്‍ രണ്ട് വര്‍ഷമായി വിശ്രമിക്കുന്ന ജലരാജാക്കന്മാര് ഉള്‍പ്പടെ അറുപതിലധികം വള്ളങ്ങള്‍ സംരക്ഷണമില്ലാതെ പ്രതിസന്ധി നേരിടും. അപ്പര്‍കുട്ടനാട്ടിലെ വീയപുരം ചെറുതന കരുവറ്റ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലായി വീയപുരം, പായിപ്പാട്, കാരിച്ചാല്‍ വെള്ളം കുളങ്ങര ,ശ്രീകാര്ത്തികേയന്, ശ്രീ ഗണേശന്, ആയാപറമ്പ് പാണ്ടി, വലിയ ദിവാന്‍ജി, ചെറുതന, ആനാരി, കരുവറ്റ, കരുവറ്റാ ശ്രീ വിനായകന്, കാട്ടില്‍ തെക്കതില്‍, ദേവാസ് ഉള്‍പ്പടെ പതിനാലോളം ചുണ്ടന് വള്ളങ്ങളാണ് മാലിപ്പുരയില്‍ ഇരിക്കുന്നത്. കൂടാതെ ഇരുപത്തിയഞ്ചിലധികം ചുണ്ടന് വളളങ്ങളും ഒപ്പം മറ്റു കളിവള്ളങ്ങളുടേയും സ്ഥിതി ഇതുതന്നെ.
ഓരോ ജലോത്സവ സീസണുകളിലും മാസങ്ങള്‍ക്ക് മുമ്പ് തന്നെ വള്ളസമിതികള്‍ ഉണരും വള്ളത്തിന്റെ അറ്റകുറ്റ പണികള്‍ തീര്‍ത്തും, നെയ് പുരട്ടിയുമൊക്കെ വളളത്തെ അണിയിച്ചൊരുക്കും. പേരും പെരുമയുമുള്ള വള്ളങ്ങള്‍ സ്വന്തമാക്കാന്‍ ക്ലബ്ബുകളും നേരത്തെ കളത്തിലിറങ്ങും.
എന്നാല്‍ ഇത്തരം ആഘോഷങ്ങളെല്ലാം അവസാനിച്ചിട്ട് രണ്ടുവര്‍ഷമാകുന്നു. ചുണ്ടന് വള്ളങ്ങള്‍ വാടകയ്ക്ക് നല്കി കളിച്ചിരുന്ന കാലം മാറി കോര്‍പറേറ്റ് കളികളിലേക്ക് ജലമേളകള്‍ മാറി. അരക്കോടിയിലധികം ചിലവഴിച്ചു നിര്‍മ്മിക്കുന്ന ചുണ്ടന് വള്ളങ്ങള്‍ കളിക്കണമെങ്കില്‍ പ്രശസ്ത ക്ലബ്ബുകള്‍ക്ക് പത്ത് ലക്ഷം മുതല്‍ മുകളിലേക്ക് നല്കാന് വള്ള സമിതിയും നിര്‍ബന്ധമാവുകയാണ്.
പണം കണ്ടെത്താന്‍ വള്ളസമിതിയും അനുഭവിക്കുന്ന പിരിമുറുക്കങ്ങള്‍ ഏറെയാണ്. ഇതിനിടെ വള്ളങ്ങള്‍ക്ക് നല്കി വന്നിരുന്ന മെയിന്റനന്‍സ് ഗ്രാന്റും സര്‍ക്കാര്‍ നല്‍കാതായതോടെ വള്ളങ്ങളുടെ സംരക്ഷണവും പ്രതിസന്ധിയിലായി.
കോവിഡ് മഹാമാരി മാറി ജലമേളകള്‍ പഴയ പ്രതാപത്തോടെ നടത്തുന്ന ജലപ്പരപ്പില്‍ തുഴ മുറുകുന്ന നാളെയുടെ പ്രതീക്ഷകളുമായി കാത്തിരിക്കയാണ് കുട്ടനാട്ടിലെ ജലോത്സവ പ്രേമികളും വള്ള സമിതിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: