Categories: Main Article

2021,കേരളം,പിന്നെ മുസ്ലിം രാഷ്‌ട്രീയം

ഇസ്ലാമിക -മതരാഷ്ട്രീയകക്ഷികള്‍ക്ക് ഭരണം കയ്യാളാന്‍ കഴിയുന്ന കാലം ഇന്ത്യയില്‍ ഏറെക്കുറെ അവസാനിച്ചിരിക്കുന്നു. അതായത് 2021 -ഓടെ മുസ്ലിംലീഗിനും നാഷണല്‍ കോണ്‍ഫ്രന്‍സിനുമൊക്കെ അധികാരം എന്നെന്നേക്കുമായി അകലെയായി എന്ന്. അതാണ് 2021 -ന്റെ ചരിത്ര പ്രാധാന്യം.

2021 കേരളത്തിലെ മുസ്ലിം രാഷ്‌ട്രീയത്തിന് നല്‍കുന്ന സന്ദേശമെന്താണ്? പ്രാഥമികമായി മൂന്ന് വിഷയങ്ങള്‍ ഇക്കാര്യത്തില്‍ പരിശോധിക്കേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് അപ്രമാദിത്യമുള്ള ഒരു മുന്നണിക്ക് അധികാരത്തിലേറാന്‍ കഴിയാതെ വന്നു എന്നതാണ്. രണ്ട്, മുസ്ലിംരാഷ്‌ട്രീയ നിലപാടുകള്‍ക്ക് പിറകെയായിരുന്നു കേരളത്തിലെ രാഷ്‌ട്രീയക്കാര്‍ എന്നും പാഞ്ഞുനടന്നിരുന്നത്; ഇന്നതിനും മാറ്റം കണ്ടുതുടങ്ങുന്നു. മൂന്ന്, ഹിന്ദുത്വ – ദേശീയ ശക്തികള്‍ക്ക് ഇവിടെ ഒരു ഇടമുണ്ടെന്നും അതിന്  വളരാനുള്ള രാഷ്‌ട്രീയ സാഹചര്യമുണ്ട് എന്നതും. ഇത് വിശദമായി പരിശോധിക്കാം.  

കേരളത്തെ  സംബന്ധിച്ചിടത്തോളം പ്രധാനമാണ് 2021  എന്നാണല്ലോ ‘മതേതരവാദികള്‍’ പറയുന്നത്; മാപ്പിള കലാപത്തിന്റെ നൂറാം വാര്‍ഷികം. നൂറുകണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയതിന്റെയും മതംമാറ്റിയതിന്റെയും ഹിന്ദുക്കളുടെ സ്വത്ത് കൊള്ളയടിച്ചതിന്റെയും ശതാബ്ദി. അതാഘോഷിക്കാന്‍ ഇസ്ലാമികശക്തികള്‍ കേരളത്തില്‍ ഒരുക്കം തുടങ്ങിയിട്ട് കാലമേറെയായി.  ‘1921- ല്‍ ഊരിയ വാള്‍ ഉറയില്‍ ഞങ്ങള്‍ വെച്ചിട്ടില്ല ‘ എന്ന് ഉറക്കെ വിളിച്ചുകൂവിയവരെയും ഇതിനിടയില്‍ നാം തെരുവുകളില്‍ കണ്ടതാണ്. എന്താണവര്‍ നല്‍കുന്ന സന്ദേശം എന്നത് വ്യക്തമാണല്ലോ. അതിനൊക്കെ കരുത്തു പകരുന്നതാവുമായിരുന്നു ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയം. യുഡിഎഫ് എന്നാല്‍ കോണ്‍ഗ്രസായിരുന്നു മുന്‍പൊക്കെ; മുന്നണിക്ക് നേതൃത്വമേകുന്നത് കോണ്‍ഗ്രസ്സ് ആയിരുന്നെങ്കിലും കടിഞ്ഞാണ്‍ ലീഗിന്റെ കയ്യിലായിരുന്നു. ഇന്നിപ്പോള്‍ യുഡിഎഫ് എന്നാല്‍ മുസ്ലിം ലീഗ് ആയിരിക്കുന്നു.  എന്നാല്‍ കേരളം ചെയ്ത ഏറ്റവും വലിയ കാര്യം, ആ ലീഗിന് അധികാരത്തിലെത്താനുള്ള അവസരം നിഷേധിച്ചു. ജയിച്ചത് അതിനേക്കാള്‍ അപകടകാരികളാണ് എന്നൊക്കെ പറയുന്നവരുണ്ട്. അതൊക്കെ ശരി; പക്ഷെ ലീഗ് അതിനൊപ്പം, അല്ലെങ്കില്‍ അതിനേക്കാളൊക്കെ, അപകടകാരിയാണ്.

യുഡിഎഫിന്റെ ഈ പരാജയം, അല്ല മുസ്ലിംലീഗിന്റെ ഈ തകര്‍ച്ചക്ക്,  പ്രാധാന്യമേറെയാണ്. ഇന്ത്യയില്‍ രണ്ടിടത്താണ് മുസ്ലിം ലീഗിനോ അല്ലെങ്കില്‍ അതേ സംസ്‌കാരവും ശൈലിയുമുള്ള പാര്‍ട്ടിക്ക് അധികാരത്തിലേറാന്‍ കഴിയുമായിരുന്നുള്ളൂ.  ഒന്ന്, കേരളത്തില്‍ മുസ്ലിം ലീഗിലൂടെ; മറ്റൊന്ന് കാശ്മീരില്‍, നാഷണല്‍ കോണ്‍ഫ്രന്‍സിലൂടെയും പിഡിപിയിലൂടെയുമൊക്കെ. രണ്ടും സ്വാതന്ത്ര്യത്തിന് മുന്‍പേ മുതല്‍  പാക്കിസ്ഥാനിലേക്ക്  നോക്കിയിരുന്നിരുന്ന കക്ഷികളാണ്. പാക്കിസ്ഥാന് വേണ്ടി നിലകൊണ്ടവരുടെ മനസുമായാണല്ലോ ലീഗ് വളര്‍ന്നത്; കാശ്മീരിനെ പാക്കിസ്ഥാനില്‍ എത്തിക്കാന്‍ പ്രതിജ്ഞയെടുത്തവരാണ് നാഷണല്‍കോണ്‍ഫ്രറന്‍സിലുണ്ടായിരുന്നത്.  അനുച്ഛേദം 370 എടുത്തു കളഞ്ഞതോടെ, ഒരു കൂട്ടരുടെ  മോഹങ്ങള്‍ക്ക്  അറുതി വന്നിരിക്കുന്നു എന്ന് കരുതുന്നവരാണ് ഇന്ത്യയിലെ രാഷ്‌ട്രീയ നിരീക്ഷകര്‍ അധികവും. ഇനി ജമ്മു കശ്മീരിലെ മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാവുമ്പോള്‍ ഇപ്പോഴുള്ള അവരുടെ പ്രതീക്ഷകളും അസ്തമിക്കുമെന്നും അവര്‍ പ്രവചിക്കുന്നുണ്ട്. മണ്ഡല പുനര്‍നിര്‍ണ്ണയം പൂര്‍ത്തിയാവാത്തിടത്തോളം ആ നിരീക്ഷണങ്ങളൊക്കെ  അങ്ങിനെതന്നെ നിലനില്‍ക്കട്ടെ.

കേരളത്തിലെ മുസ്ലിംലീഗിന്റെ സ്ഥിതിയും വളരെ പരിതാപകരമാണ് എന്ന് നിരീക്ഷിക്കാന്‍ ഏറെ പാണ്ഡിത്യമൊന്നും ആവശ്യമില്ല. പത്തുവര്‍ഷം അധികാരത്തില്‍നിന്ന് അകന്നു നില്‍ക്കേണ്ടുന്ന അവസ്ഥ അവരെ സംബന്ധിച്ചിടത്തോളം ചിന്തിക്കാനേ കഴിയാത്തതായിരുന്നു. മുന്‍പൊക്കെ കേരളത്തില്‍ അധികാരത്തിലില്ലെങ്കിലും കേന്ദ്രത്തില്‍ അവര്‍ കോണ്‍ഗ്രസിന്റെകൂടെ ഭരണത്തിലുണ്ടായിരുന്നല്ലോ; ഇപ്പോള്‍ രണ്ടുമില്ല; ഇനിയെന്ന്, എന്ത്  എന്നതും പറയാനാവാത്ത അവസ്ഥ.  

അപ്പുറത്ത് ജിഹാദി ശക്തികള്‍ തലയുയര്‍ത്തുന്നത് ശ്രദ്ധിക്കായ്കയല്ല;  അഫ്ഗാനിസ്ഥാനില്‍ നിന്ന് കേരളത്തിലേക്ക് വരെ എത്തുമെന്ന് പറയുന്നതും കേള്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് മുന്നണിയെപ്പോലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടികളും ഇത്തരം ശക്തികളെ  പ്രയോജനപ്പെടുത്തുന്നുണ്ട്  എന്നതും  ശരിയാണ്.  എന്നാലവര്‍ക്ക് ഇവിടെ ഇത്രയൊക്കെയേ ചെയ്യാനാവൂ. അവരുമായൊക്കെ പരസ്യമായ ചങ്ങാത്തത്തിന് രണ്ടു മുന്നണികള്‍ക്കും എളുപ്പമല്ല എന്നത് കാണേണ്ടതുണ്ട്.   ഹിന്ദുത്വ – ദേശീയ പ്രസ്ഥാനങ്ങളുടെ വേര് ആഴ്ന്നിറങ്ങുന്നത് തന്നെയാണ് അതിനുകാരണം. മറ്റൊന്ന് ഈ ജിഹാദി പ്രസ്ഥാനങ്ങളൊക്കെയും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് എന്നതും. പറഞ്ഞുവന്നത് ഇസ്ലാമിക -മത -രാഷ്‌ട്രീയ കക്ഷികള്‍ക്ക് ഭരണം കയ്യാളാന്‍ കഴിയുന്ന  കാലം  ഇന്ത്യയില്‍ ഏറെക്കുറെ അവസാനിച്ചിരിക്കുന്നു. അതായത് 2021 -ഓടെ മുസ്ലിം ലീഗിനും നാഷണല്‍ കോണ്‍ഫ്രന്‍സിനുമൊക്കെ അധികാരം എന്നെന്നേക്കുമായി അകലെയായി എന്ന്. അതാണ് 2021 -ന്റെ ചരിത്ര പ്രാധാന്യം.

കേരളം മാറും, ദേശീയ ശക്തികള്‍ വളരുന്നു

ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തില്‍ ഒരു വലിയ  രാഷ്‌ട്രീയ മാറ്റത്തിന് സാധ്യതയുണ്ടോ, ഉണ്ടെങ്കില്‍ എന്താണത്?  ഇവിടെ നമ്മുടെ മുന്നിലുള്ളത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഒരു പഠനമാണ്;  സെന്റര്‍ ഫോര്‍ ഡെവലപ്പമെന്റ് സ്റ്റഡീസ്  (സിഡിഎസ്) നടത്തിയത്. ഒരു തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും വിഭാഗം എങ്ങിനെയാണ് വോട്ട് ചെയ്തത് എന്നതൊക്കെ ഇത്തരത്തിലെ തിരിച്ചറിയാന്‍ കഴിയു. ആ സര്‍വേ നൂറ്റൊന്ന്  ശതമാനം ശരിയായിരുന്നു എന്ന് കരുതണ്ട; എന്നാല്‍ ഏറെക്കുറെ അത് ന്യായയുക്തമാണ് എന്ന് വിലയിരുത്തുകയുമാവാം. അവര്‍ പറഞ്ഞത്, കേരളത്തില്‍ ബിജെപിക്ക്- എന്‍ഡിഎ -ക്ക് 2016 -നെ അപേക്ഷിച്ച് ഹിന്ദു വോട്ടില്‍ വലിയ ചോര്‍ച്ച സംഭവിച്ചിട്ടില്ല എന്നാണ്.  (ഇതോടൊപ്പമുള്ള പട്ടിക അത് വ്യക്തമാക്കും).

2016 -ല്‍ സംസ്ഥാനത്തെ നായര്‍ വോട്ടില്‍ 33 ശതമാനം ബിജെപി കരസ്ഥമാക്കി; ഇത്തവണ അതില്‍ ചെറിയ മാറ്റം വന്നു; 27 ശതമാനമായി. ഈഴവ വോട്ടില്‍ പക്ഷെ ഗണ്യമായ വര്‍ധനയുമുണ്ടായി. 2016 -ല്‍ ഈ വിഭാഗത്തിലെ 17 % വോട്ടാണ് എന്‍ഡിഎ -ക്ക് കിട്ടിയതെങ്കില്‍ ഇത്തവണ അത് 22. 70 ശതമാനമായി ഉയര്‍ന്നു. മറ്റൊന്ന്, ക്രിസ്ത്യന്‍ വോട്ടിലുണ്ടായ കുറവാണ്. ഒന്‍പത് ശതമാനത്തില്‍ നിന്ന് അത് രണ്ട് ശതമാനമായി കുറഞ്ഞു.

ഇത് കാണിക്കുന്ന ഒരു ചിത്രമെന്താണ്? കേരളത്തിലെ വോട്ടര്‍മാരില്‍  നായര്‍ സമുദായം ഏതാണ്ട് 15 % വരും; ഈഴവര്‍ 26 ശതമാനവും. ഈ 41 ശതമാനംവരുന്ന  പ്രബലമായ ഹിന്ദു സമുദായങ്ങളിലെ വോട്ടര്‍മാരില്‍  ഗണ്യമായ സ്വാധീനം ദേശീയ പ്രസ്ഥാനങ്ങള്‍ക്കുണ്ട്. 2016- നെ അപേക്ഷിച്ച് നായര്‍ വോട്ടിലുണ്ടായ കുറവിന് കാരണം എന്‍എസ്എസ് ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമായി പരസ്യമായെടുത്ത നിലപാടുതന്നെയാണ്.  സിപിഎമ്മിന് ഇനി ഭരിക്കാന്‍ അവസരം നല്‍കരുതെന്ന് അവര്‍ ചിന്തിച്ചു; ശബരിമല പ്രശ്‌നമൊക്കെ അതിനുകാരണമാണ്.  അതിനര്‍ത്ഥം ആ വോട്ടുകള്‍ അവിടെ സ്ഥിരമായി നില്‍ക്കും എന്നല്ല.  

2016 -ല്‍ ലഭിച്ച 33 ശതമാനത്തിനപ്പുറം നായര്‍ വോട്ടുകള്‍  കരസ്ഥമാക്കാന്‍ നാളെകളില്‍ ബിജെപിക്ക് എളുപ്പത്തില്‍ കഴിയും. കോണ്‍ഗ്രസിന് കേന്ദ്രത്തിന്റെ കേരളത്തിലോ  ഭരണ കക്ഷിയാവാനുള്ള   സാധ്യതയില്ലാതാവുന്നു എന്നത് ആരാണ് തിരിച്ചറിയാത്തത്. മാത്രമല്ല ഇനി ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേത് പോലെ ഒരു പരസ്യ യുഡിഎഫ് അനുകൂല നിലപാട് ആ സമുദായ നേതൃത്വമെടുക്കും എന്നും കരുതിക്കൂടാ.   നായര്‍ സമുദായത്തിലെ  50 ശതമാനം വരെ എങ്കിലും വോട്ട് കരസ്ഥമാക്കാന്‍ അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സാധിക്കും, സാധിക്കണം.  

മറ്റൊന്ന് നേരത്തെ സൂചിപ്പിച്ചത് പോലെ, ഈഴവ സമുദായത്തിലെ വര്‍ധിത ബിജെപി  സ്വാധീനമാണ്.   കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏറ്റവുമധികം ആ സമുദായത്തിലേക്ക് കടന്നുചെല്ലാന്‍ ബിജെപിക്കായി എന്നത്  പ്രധാനമാണ്; 17-ല്‍ നിന്ന് 22.7 ശതമാനത്തിലേക്ക്. ശ്രീനാരായണ പ്രസ്ഥാനങ്ങളില്‍ നിന്ന് വേണ്ടത്ര സഹകരണം കിട്ടിയോ എന്നൊക്കെയുള്ള സംശയങ്ങള്‍  പല കോണുകളില്‍ നിന്നുമുയരുന്ന വേളയിലാണ് ഇതുണ്ടായത്. പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തില്‍ ആ വിഭാഗത്തില്‍നിന്നുള്ളവര്‍ വന്നതും ഇതിന് കാരണമായിട്ടുണ്ട്, തീര്‍ച്ച. അടുത്ത തെരഞ്ഞെടുപ്പില്‍ ഈഴവ സമുദായത്തിലെ 35  ശതമാനത്തിലേക്ക് എങ്കിലും എത്തിച്ചേരുക എന്നത് ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ഇന്നിപ്പോള്‍ സാധ്യമായ കാര്യമാണ്.   ഇതിനുപുറമെയാണ് പട്ടികജാതി -വര്‍ഗ മേഖലയിലെ പിന്തുണ. അവിടെയും സംഘടനാപരമായി വലിയ കടന്നുകയറ്റത്തിന് സാധ്യതയുണ്ട്, അത് പ്രയോജനപ്പെടുത്താന്‍ കഴിയും, കഴിയണം.

ഇത് ബിജെപിയുടെ മാത്രം കാര്യമല്ല, രാഷ്‌ട്രീയമായി ചിന്തിക്കുമ്പോള്‍ എന്‍ഡിഎയുടെ മനസ്സാണ് ഈ നിലക്ക് ചിന്തിക്കേണ്ടത്. എന്നാല്‍ മറ്റൊന്നുകൂടിയുണ്ട്, അത് സംഘ – ദേശീയ പ്രസ്ഥാനങ്ങളുടെ കാര്യമാണ്.   സാധാരണ നിലക്ക് ഇത്തരത്തിലൊക്കെ ജാതീയമായ വിലയിരുത്തല്‍ നടത്തുന്ന ശീലം സംഘപ്രസ്ഥാനങ്ങള്‍ക്ക് കുറവാണല്ലോ. അതിനൊക്കെയപ്പുറമാണവര്‍.  എന്നാല്‍ ചിലതൊക്കെ  ചൂണ്ടുപലകയാവാറുണ്ട് .

ക്രൈസ്തവ സഭകള്‍, വിശ്വാസികള്‍

ക്രൈസ്തവരില്‍ 9- 10 ശതമാനം ബിജെപിക്കൊപ്പമുണ്ടായിരുന്നു എന്നത് ചെറിയ കാര്യമല്ല; അത് കഴിഞ്ഞതവണ കുറഞ്ഞുപോയി. 2019 ലും 2021 ലും അവര്‍ കോണ്‍ഗ്രസിനൊപ്പം അണിനിരന്നു എന്നതാണ് കണക്കുകള്‍ കാണിക്കുന്നത്. എന്നിട്ട് അവര്‍ക്കെന്ത് നേടാനായി. സംവരണ – സ്‌കോളര്‍ഷിപ്പ് പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് ലീഗിനൊപ്പമായിരുന്നല്ലോ.  

മറ്റൊന്ന്  കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന് കരുതിയാണവര്‍ ലോകസഭാ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍  വോട്ട് ചെയ്തത്. ഇനി  അടുത്തെങ്ങും   ഭരണകക്ഷിയാവാന്‍  പോകുന്നില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്.  ആ തിരിച്ചറിവ് ഇപ്പോള്‍ തന്നെ കുറെയൊക്കെ അവര്‍ക്കിടയില്‍  ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിലും ബിജെപിക്ക് ആലോചനയോടെയുള്ള നീക്കങ്ങള്‍ നടത്താനാവും.  അതായത് മാറാനുള്ള സാഹചര്യമുണ്ട്, സാധ്യതകളും; എങ്ങിനെ പ്രയോജനപ്പെടുത്തുമെന്നതാണ് ചിന്തിക്കേണ്ടത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക