കുണ്ടറ(കൊല്ലം): ഇടതുപക്ഷം ഭരിക്കുന്ന കിഴക്കേകല്ലട സൗത്ത് സഹകരണ ബാങ്കിലൂടെ മരിച്ചവര്‍ നേരിട്ട് ക്ഷേമപെന്ഷന് വാങ്ങിയതായി കണ്ടെത്തിയ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്നും ഇതിനായി നാളെ അടിയന്തര യോഗം ചേരുമെന്നും കിഴക്കേകല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ഉമാദേവി ജന്മഭൂമിയോട് പറഞ്ഞു. വെള്ളിയാഴ്ച ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി അവസാനിക്കുന്നതിനു തൊട്ടു മുന്‍പാണ് ഓഡിറ്റ് റിപ്പോര്‍ട്ട് വച്ചത്. അതിനാല്‍ വിശദമായി പരിശോധിക്കാന്‍ സാധിച്ചില്ല.
ബാങ്ക് വഴിയുള്ള പെന്ഷന് വിതരണത്തില്‍ ക്രമക്കേടുള്ളതായി നേരത്തെ സൂചന ലഭിച്ചിരുന്നു. അതിനാല്‍ ബാങ്കുവഴി പെന്ഷന് നല്‍കുന്നവരുടെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ തയ്യാറാക്കി അതാതു മെമ്പര്‍മാര്‍ക്ക് കൈമാറാന്‍ ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്തില്‍ നിന്ന് മരണ വിവരം കൈമാറിയ ശേഷവും ബാങ്ക് വഴി ചിലര്‍ക്ക് പെന്ഷന് വിതരണം നല്കി. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രസിഡന്റ് പറഞ്ഞു. നിലവില്‍ കോണ്‍ഗ്രസ് ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്.
കിഴക്കേകല്ലട ഗ്രാമ പഞ്ചായത്ത് ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് സഹ. ബാങ്കിലെ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ബാങ്കിനെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് ഓഡിറ്റിങ് വിഭാഗം കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിന് കൈമാറി. 67,600 രൂപയാണ് സഹകരണ ബാങ്കുവഴി മരിച്ചവര്‍ക്ക് വിതരണം ചെയ്തത്.
ഓഡിറ്റ് റിപ്പോര്‍ട്ട് വൈകിപ്പിച്ച് സെക്രട്ടറി
ഓഡിറ്റ് റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നേരത്തെ ലഭിച്ചിരുന്നെന്നും അത് ഭരണസമിതിയെ അറിയിക്കുന്നതില്‍ കാലതാമസം വരുത്തിയെന്നും ആരോപണമുണ്ട്. സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ പഞ്ചായത്ത് ഭരണസമിതിയെ അറിയിക്കാതെ സെക്രട്ടറി ബാങ്കിനു നേരിട്ടു നോട്ടീസ് അയയ്ക്കുകയായിരുന്നു.
ഇന്ന് പഞ്ചായത്ത് കമ്മിറ്റി യോഗം അവസാനിക്കുന്ന സമയത്താണ് സെക്രട്ടറി ഓഡിറ്റ് റിപ്പോര്‍ട്ടിനെ കുറിച്ച് ഭരണസമിതിയെ അറിയിച്ചത്. അതിനാല്‍, വിശദമായ ചര്‍ച്ച നടത്താതെ റിപ്പോര്‍ട്ട് മാറ്റി വച്ചു. സഹകരണ ബാങ്കു വഴി പെന്ഷന് വിതരണത്തില്‍ ക്രമക്കേടുള്ളതായി സെക്രട്ടറി നേരത്തെ സൂചന നല്കിയെന്നു മാത്രമാണ് പഞ്ചായത്ത് പ്രസിഡന്റും പറയുന്നത്. എന്നാല്‍, ഇടതുപക്ഷത്തിന്റെ തട്ടിപ്പ് അറിഞ്ഞിട്ടും കോണ്‍ഗ്രസുകാരിയായ പ്രസിഡന്റ് ഭരണസമിതിയെ അറിയിക്കാതിരുന്നതും ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: