കോഴിക്കോട്: ചര്‍ച്ചകള്‍ നടത്തിയിട്ടും ഒത്തുതീര്‍പ്പില്‍ എത്താന്‍ ആകാതെ ഐഎന്‍എലിലെ തര്‍ക്കം. ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനായി ശനിയാഴ്ച സുന്നി നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് ഇടപെട്ടിരുന്നു. എന്നിട്ടും പരിഹാരം കാണാന്‍ ആയില്ല.
മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കാസിം ഇരിക്കൂര്‍ പക്ഷക്കാരെ മാത്രം ഉള്‍പ്പെടുത്തി വരണാധികാരികളെ നിയോഗിച്ചതാണ് തര്‍ക്ക വിഷയം. അംഗത്വ വിതരണത്തിനായി 14 ജില്ലകളിലും നിയോഗിച്ചവരുടെ പട്ടികയാണ് പുറത്ത് വന്നത്. ഇതില്‍ കാസിം ഇരിക്കൂര്‍ പക്ഷക്കാര്‍ മാത്രമാണുള്ളത്. തര്‍ക്കം പരിഹരിക്കാന്‍ ശ്രമം നടക്കുമ്പോള്‍ ഒരു വിഭാഗത്തെ മാത്രം ഉള്‍പ്പെടുത്തി നടത്തുന്ന നീക്കം തെറ്റാണെന്ന് വഹാബ് വിഭാഗം കുറ്റപ്പെടുത്തുന്നു.
എന്നാല്‍ ഇത് പിളര്‍പ്പുണ്ടായതിന് ശേഷമെടുത്ത തീരുമാനമാണ്. അതില്‍ അസ്വാഭാവികത ഇല്ലെന്നാണ് കാസിം ഇരിക്കൂര്‍ പക്ഷത്തിന്റെ വാദം. സുന്നി നേതാവ് ഹക്കിം അസ്ഗരി പ്രശ്നപരിഹാരത്തിനായി ഇരു പക്ഷവുമായി സംസാരിച്ചതിന് പുറമേയാണ് വിഷയത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായും സംസാരിച്ചത്. മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകുന്നത് സമുദായത്തിന് നല്ലതല്ലെന്ന് കാന്തപുരം മന്ത്രിയോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനുമായി കാന്തപുരം നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി കൂടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കാന്തപുരം പ്രശ്നത്തില്‍ ഇടപെട്ടതെന്നാണ് സൂചന. കാസിം ഇരിക്കൂറിനെ ചുമതലയില്‍ നിന്ന് മാറ്റണമെന്നാണ് വഹാബ് പക്ഷത്തിന്റെ ആവശ്യം.ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ഇരുപക്ഷവും വീണ്ടും കൊമ്പ് കോര്‍ക്കുന്നത്. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനും പ്രശ്നത്തില്‍ ഇടപെട്ട് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: