തിരുവനന്തപുരം : പ്രളയ സെസ് എന്ന പേരില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന സെസ് അവസാനിപ്പിച്ചു. 2021 ജൂലെ മാസത്തില്‍ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റില്‍ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഇന്ന് മുതല്‍ സെസ് നിര്‍ത്തലാക്കിയത്. ഇതോടെ സംസ്ഥാനത്തെ ഒട്ടുമിക്ക സാധനങ്ങള്‍ക്കും വിലകുറയും.
2019 ആഗസ്റ്റ് ഒന്ന് മുതലാണ് ഇത് ഏര്‍പ്പെടുത്തിയിരുന്നത്. അഞ്ച് ശതമാനത്തിന് മുകളില്‍ ജിഎസ്ടിയുള്ള സാധനങ്ങള്‍ക്ക് ഒരു ശതമാനമാണ് പ്രളയ സെസ് ചുമത്തിയിരുന്നത്. സ്വര്‍ണത്തിനും വെള്ളിക്കും കാല് ശതമാനമായിരുന്നു പ്രളയ സെസ്. പ്രളയ സെസ് വഴി ഏകദേശം 1600 കോടി രൂപ പ്രളയ സെസായി പിരിച്ചെടുക്കാന്‍ കഴിഞ്ഞുവെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. പ്രളയ സെസ് ഒഴിവാക്കാന്‍ ബില്ലിങ് സോഫ്ട്വെയറില് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്കി കഴിഞ്ഞു.
കാര്‍, ബൈക്ക്, ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്, മൊബൈല്‍ ഫോണ്‍, സിമന്റ്, പെയിന്റ് തുടങ്ങിയ ഉല്പന്നങ്ങള്ക്കെല്ലാം സെസ് ചുമത്തിയിരുന്നു. ഇവയുടെ വിലയില്‍ കുറവുണ്ടാകും. ജനങ്ങള്‍ ലഭിക്കുന്ന ബില്ലില്‍ പ്രളയ സെസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് ധനമന്ത്രി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: