ആര്. കൃഷ്ണനുണ്ണി
കുണ്ടറ (കൊല്ലം): ഇടതുപക്ഷം ഭരിക്കുന്ന കിഴക്കേകല്ലട സൗത്ത് സഹ. ബാങ്കിലൂടെ മരിച്ചവര്‍ നേരിട്ട് ക്ഷേമപെന്ഷന് വാങ്ങിയതായി രേഖകള്‍. കിഴക്കേകല്ലട ഗ്രാമ പഞ്ചായത്ത് ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ബാങ്കിലെ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ബാങ്കിനെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് ഓഡിറ്റിങ് വിഭാഗം കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിന് കൈമാറി.
67,600 രൂപയാണ് ഇപ്രകാരം വിതരണം ചെയ്തിരിക്കുന്നത്. ഈ തുക തിരികെ പിടിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കിഴക്കേകല്ലട കൊടുവിള പള്ളിയാടിയില്‍ വീട്ടില്‍ തങ്കമ്മ മരിക്കുന്നത് 2020 ഫെബ്രുവരി 31നാണ്. തങ്കമ്മയ്ക്ക് വിധവാ പെന്ഷന് നല്‍കിയിരുന്നത് കിഴക്കേകല്ലട സൗത്ത് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നുമായിരുന്നു.
തങ്കമ്മ മരണപ്പെട്ടതിനാല്‍ 2019 ഡിസംബര്‍ മുതല്‍ 2020 ജൂണ്‍ വരെയുള്ള പെന്ഷന് നല്‍കിയിട്ടില്ല. എന്നാല്‍ 2020 ജൂലൈ ആഗസ്ത് മാസങ്ങളില്‍ പെന്ഷന് 2600 രൂപ തങ്കമ്മ കൈപ്പറ്റിയതായി ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇതുപോലെ 2018 മെയ് 27ന് മരിച്ച സെലീനയ്ക്ക് 2018 ഏപ്രില്‍ മുതല്‍ 2018 ജൂലൈ വരെ പെന്ഷന് നേരിട്ട് നല്കിയെന്നുള്ള രേഖകളും ഓഡിറ്റിങ്ങില്‍ കണ്ടെത്തി. ഈ തുക ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരി വിതരണം ചെയ്തതായാണ് കാണിച്ചിരിക്കുന്നത്.
കിഴക്കേകല്ലട പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മരണങ്ങളുടെ മാത്രം പരിശോധനയിലാണ് ഇപ്പോള്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്. രജിസ്റ്റര്‍ ചെയ്യാത്ത മരണങ്ങളിലും മറ്റു പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്ത മരണങ്ങള് സംബന്ധിച്ചുള്ള അന്വേഷണത്തിലും കൂടുതല്‍ ക്രമക്കേടുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പോലീസില്‍ പരാതി നല്‍കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബാങ്ക് വഴിയുള്ള പെന്ഷന് വിതരണത്തില്‍ വിശദമായ പരിശോധന നടത്തണമെന്നും, ഈ വിവരം ഭരണവകുപ്പ് വഴി സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്നും പഞ്ചായത്തിന് നല്കിയ റിപ്പോര്‍ട്ടില്‍ ഓഡിറ്റിങ് വിഭാഗം പറയുന്നു.
മരണപ്പെട്ടവരുടെ പേരില്‍ വിതരണം ചെയ്തതായി കണ്ടെത്തിയ 67,600 രൂപ കിഴക്കേകല്ലടയിലെ സഹകരണ ബാങ്കില്‍ നിന്ന് പിടിക്കണമെന്നും ഓഡിറ്റിങ് വിഭാഗം ആവശ്യപ്പെടുന്നുണ്ട്. ഓഡിറ്റിങ് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ബാങ്കിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
കിഴക്കേകല്ലട സൗത്ത് സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ നേരത്തെയും കണ്ടെത്തിയിരുന്നു. ലോണ്‍ എഴുതിത്തള്ളുന്നതിലും പലിശ സബ്സിഡി നല്‍കുന്നതിലും 33 ലക്ഷം രൂപയുടെ വെട്ടിപ്പുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു. ഈ കേസ് വിജിലന്‍സ് അന്വേഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: