കൊച്ചി: ജില്ലയില്‍ കൊവിഡ് തരംഗം രൂക്ഷമാകുന്നു. ബക്രീദിനുശേഷം ജില്ലയില്‍ ക്രമാതീതമായിട്ടാണ് രോഗികളുടെ എണ്ണം ഉയരുന്നത്. മുന്‍പ് ടിപിആര്‍ പത്തില്‍ താഴെ നിലനിന്നിരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ടിപിആര്‍ 13 ശതമാനത്തിനു മുകളിലായിരിക്കുകയാണ്. 15 ശതമാനം എന്ന തീവ്രനിരക്കിലേക്ക് കടക്കുമോ എന്ന ആശങ്കയിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യ രംഗത്തുള്ളവരും. ഭരണകൂടം ടിപിആര്‍ നിരക്ക് പത്ത് ശതമാനത്തില്‍ താഴെ എത്തിക്കുമെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും ടിപിആര്‍ നിരക്ക് വര്‍ധിച്ച് തന്നെ എന്നത് ഭരണ നിര്‍വഹണത്തിലെ അപാകതയെ എടുത്ത് കാണിക്കുന്നു. ബക്രീദിനോട് അനുബന്ധിച്ച് മൂന്ന് ദിവസം ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണമായും വെട്ടിച്ചുരുക്കിയതാണ് ജില്ലയില്‍ ഇത്രയും രോഗികളുടെ എണ്ണത്തില്‍ വര്‍ധനക്ക് ഇടയാക്കിയത്. ജില്ലയുടെ കിഴക്കന്‍ മേഖലകളായ മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കോതമംഗലം എന്നിവിടങ്ങളിലും രോഗം വ്യാപിക്കുന്നത് ഏറെ ആശങ്കാജനകമാണ്.
ഇന്നലെ മൂവാറ്റുപുഴ താലൂക്കിലെ പായിപ്രയില്‍ മാത്രം 88 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനു പുറമെ കുന്നത്തുനാട് താലുക്കിലെ കൂവപ്പടി(53), കോതമംഗലം നെല്ലിക്കുഴിയില്‍ (45) എന്നിങ്ങനെയുള്ള കണക്കുകള്‍ ഗ്രാമങ്ങളിലേക്കും കൊവിഡ് വ്യാപിക്കുന്നുണ്ടെന്നതിന്റ തെളിവാണ്. ജില്ലയുടെ റൂറല്‍ പ്രദേശങ്ങളിലും ഇത്തരത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് ഏറെ ആശങ്കയുളവാക്കുന്നുണ്ട്. ഇന്നലെ 2359 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 2317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ചവരില്‍ 36 പേരുടെ ഉറവിടം വ്യക്തമല്ല. പുറത്ത് നിന്നെത്തിയ ഒരാള്‍ക്കും അഞ്ച് അരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്നലെ 2026 പേര് രോഗ മുക്തി നേടി. 3456 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3761 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 42276 ആണ്. 126 പേരെ ആശുപത്രിയില്‍/ എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 210 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 17580 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.42 ആണ് 1707 കോളുകള്‍ ആണ് കണ്ട്രോള് റൂമില്‍ ലഭിച്ചത്. ഇതില്‍ 877 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു. മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4365 പേര്‍ക്ക് കൗണ്‍സിലിംഗ് സേവനം നല്കി. 275 പേര് ടെലിമെഡിസിന്‍ മുഖേന ചികിത്സ തേടി. ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 19931 ആണ് . കളമശേരി മെഡിക്കല്‍ കോളേജ് 109, ജി എച്ച് മൂവാറ്റുപുഴ 28, ജി എച്ച് എറണാകുളം 40, ഡി എച്ച് ആലുവ 40, പള്ളുരുത്തി താലൂക്ക് ആശുപത്രി 17, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 36, അങ്കമാലി താലൂക്ക് ആശുപത്രി 23, പിറവം താലൂക്ക് ആശുപത്രി 21, അമ്പലമുകള്‍ കൊവിഡ് ആശുപത്രി 178, സഞ്ജീവനി 21, സ്വകാര്യ ആശുപത്രികള്‍ 1002, എഫ്എല്‍റ്റിസികള്‍ 505, എസ്എല്‍റ്റിസികള്‍ 360, ഡോമിസിലറി കെയര്‍ സെന്റര്‍ 915, വീടുകള്‍ 14277 എന്നിങ്ങനെയാണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: