വാഷിങ്ടണ്‍ :പുലിസ്റ്റര്‍ സമ്മാന ജേതാവും ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റുമായി ഡാനിഷ് സിദ്ദിഖിയെ താലിബാന് ഭീകരര്‍ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്. യുഎസ് മാഗസീനായ വാഷിങ്ടണ്‍ എക്സാമിനറാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇതുപ്രകാരം അഫ്ഗാന് കരസേനയ്ക്കൊപ്പം സ്പിന്‍ ബോള്‍ഡാക്ക് മേഖലയിലേക്ക് പോകുകയായിരുന്നു ഡാനിഷ് സിദ്ദിഖി. ഇതിനിടെ പെട്ടെന്നുണ്ടായ താലിബാന് ആക്രമണം ഈ സംഘത്തെ വിഭജിച്ചു. കമാന്‍ഡറും കുറച്ച് ആളുകളും സിദ്ദിഖിയില്‍ നിന്ന് വേര്‍പിരിഞ്ഞു, അവര്‍ മറ്റ് മൂന്ന് അഫ്ഗാന് സൈനികരോടൊപ്പമായിരുന്നു. ആക്രമണത്തില്‍ ബോംബ് ചീളുകളാല്‍ സിദ്ദിഖിക്ക് നേരിയ പരിക്കേറ്റിരുന്നു. തുടര്‍ന്ന് അദ്ദേഹവും സംഘവും ഒരു പ്രാദേശിക പള്ളിയില്‍ പോയി അവിടെ പ്രാഥമിക ചികിത്സ തേടി.
മാധ്യമപ്രവര്ത്തകന് പള്ളിയിലുണ്ടെന്ന വാര്‍ത്ത പരന്നതോടെ താലിബാന് ഭീകരര്‍ പള്ളിക്കുനേരെ ആക്രമണം അഴിച്ചുവിട്ട് അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. താലിബാന് പിടികൂടിയപ്പോള്‍ സിദ്ദിഖി ജീവനോടെ ഉണ്ടായിരുന്നു. താലിബാന് സിദ്ദിഖിയുടെ തിരിച്ചറിയല്‍ രേഖ പരിശോധിക്കുകയും അദ്ദേഹത്തെയും ഒപ്പമുള്ളവരെയും വധിക്കുകയും ചെയ്തു. തലയ്ക്ക് അടിച്ച് ക്രൂരമായി മര്‍ദ്ദിച്ചും വെടിയേറ്റ് തുളഞ്ഞ നിലയിലുമാണ് സിദ്ദിഖിയുടെ ശരീരമെന്ന് ചിത്രങ്ങള്‍ പരിശോധിച്ച അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഫെലോ ആയ ലേഖകന്‍ മൈക്കല്‍ റൂബിന് വെളിപ്പെടുത്തി. സിദ്ദിഖിയുടെ മൃതദേഹം വികൃതമാക്കിയതിലൂടെ യുദ്ധമുഖത്തെ എല്ലാ മര്യാദകളും താലിബാന് ലംഘിച്ചിരിക്കുകയാണ്. അവരെ രക്ഷിക്കാന്‍ ശ്രമത്തില്‍ അഫ്ഗാന് കമാന്‍ഡറും അദ്ദേഹത്തിന്റെ സംഘത്തിലെ മറ്റുള്ളവരും മരിച്ചു.
സിദ്ദിഖിയെ വേട്ടയാടാനും വധിക്കാനും തുടര്‍ന്ന് അയാളുടെ മൃതദേഹം വികൃതമാക്കാനുമുള്ള താലിബാന്റെ തീരുമാനം എടുത്തു കാണിക്കുന്നത് അവര്‍ യുദ്ധനിയമങ്ങളെയോ ആഗോള സമൂഹത്തിന്റെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന ഉടമ്പടികളെയോ മാനിക്കുന്നില്ല എന്നാണ്.
റോയിട്ടേഴ്സ് ടീമിന്റെ ഭാഗമായി റോഹിങ്ക്യന്‍ പ്രതിസന്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കിയതിന് സിദ്ദിഖിക്ക് 2018 ല്‍ പുലിറ്റ്സര്‍ സമ്മാനം ലഭിച്ചിരുന്നു. അഫ്ഗാനിസ്ഥാന് പോരാട്ടം, ഹോങ്കോംഗ് പ്രതിഷേധം, ഏഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ മറ്റ് പ്രധാന സംഭവങ്ങള്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രാദേശിക അന്വേഷണത്തില്‍ സിദ്ധിഖിയുടെ സാന്നിധ്യം കാരണം മാത്രമാണ് താലിബാന് പള്ളി ആക്രമിച്ചതെന്ന് വാഷിങ്ടണ്‍ എക്സാമിനര്‍ റിപ്പോര്‍ട്ട് പറയുന്നുണ്ട്. കാണ്ഡഹാറില്‍ അഫ്ഗാന് സൈനികരും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്.
മാധ്യമപ്രവര്ത്തകന് സൈന്യത്തോടൊപ്പമുണ്ടെന്ന് അറിയിച്ചിരുന്നില്ലെന്നും അബദ്ധത്തിലാണ് സിദ്ദിഖി കൊല്ലപ്പെട്ടതെന്നുമായിരുന്നു താലിബാന് പ്രതികരിച്ചത്. താലിബാന് ക്രൂരത വെളിവാക്കുന്ന ചിത്രങ്ങള്‍ സിദ്ദിഖി അഫ്ഗാനിലെത്തിയ ശേഷം പ്രസിദ്ധീകരിച്ചിരുന്നതാണ്. അതുകൊണ്ടുതന്നെ സിദ്ദിഖിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള താലിബാന്റെ ഖേദ പ്രകടനം പൊള്ളയാണെന്നാണ് യുഎസ് മാഗസീന് വിശദീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: