ന്യൂദല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ യുഎസ് ആഭ്യന്തരസെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ ഇന്ത്യയെയും യുഎസിനെയും വാഴ്‌ത്തിയതില്‍ അമര്‍ഷം പൂണ്ട് ചൈന. ഇന്ത്യയ്‌ക്കും യുഎസിനും ജനാധിപത്യരാഷ്‌ട്രങ്ങളെന്ന നിലയില്‍ പൊതുമൂല്യങ്ങള്‍ ഉണ്ടെന്ന ആന്‍റണി ബ്ലിങ്കന്റെ പ്രസ്താവനയെ എതിര്‍ത്തുകൊണ്ട് ജനാധിപത്യത്തിന്റെ പേറ്റന്‍റ് ആര്‍ക്കും സ്വന്തമല്ലെന്നായിരുന്നു ചൈനയുടെ വിദേശകാര്യ വക്താവ് സാവോ ലിജിയാന്റെ മറുപടി.
അടിസ്ഥാന മൂല്യങ്ങളും അടിസ്ഥാന താല്‍പര്യങ്ങളും അടിസ്ഥാന വീക്ഷണകോണുകളും പങ്കുവെയ്‌ക്കുന്ന രാഷ്‌ട്രങ്ങള്‍ തമ്മില്‍ സഹകരണവും പങ്കാളിത്തവും ഏകോപനവും മുമ്പെന്നത്തേക്കാളും ആവശ്യമാണെന്ന് ആന്‍റണി ബ്ലിങ്കന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ചേര്‍ന്ന് നടത്തിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. “അതാണ് ഇന്ത്യയും യുഎസും തമ്മിലുള്ള പങ്കാളിത്തത്തിന്റെ കാര്യം,”- ആന്‍റണി ബ്ലിങ്കന്‍ പറഞ്ഞു.
“എന്നാല്‍ ജനാധിപത്യം ഒരു എല്ലാവരും പങ്കിടുന്ന ഒരു പൊതുമൂല്യമാണെന്നായിരുന്നു ചൈനയുടെ വിദേശകാര്യ വക്താവ് സാവോ ലിജിയാന്റെ മറുപടി. ജനാധിപത്യം നേടാന്‍ മുന്‍കൂട്ടിയുറപ്പിച്ച ഒരു ഫോര്‍മുലയില്ല, അതിന് പലതരം വഴികളുണ്ട്. ഒരാള്‍ക്ക് ഒരു വോട്ട് എന്നതും ബഹുപാര്‍ട്ടി സംവിധാനവും ജനാധിപത്യത്തിന്റെ ഒരേയൊരു രൂപമല്ല. ജനാധിപത്യം മറ്റുള്ളവരെ കുറച്ച് കാണിക്കാനോ മറ്റു രാജ്യങ്ങളെ താറടിക്കാനോ മറ്റുള്ളവരുമായുള്ള തര്‍ക്കം ഇളക്കിവിടാനോ ഉള്ള വഴിയല്ല,”-ചൈനയുടെ വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ പറഞ്ഞു.
“ഏത് രാജ്യമാണ് ജനാധിപത്യരാഷ്‌ട്രം ഏത് രാജ്യമാണ് ഏകാധിപത്യരാഷ്‌ട്രം എന്നത് ഏതാനും രാഷ്‌ട്രങ്ങള്‍ക്ക് തീരുമാനിക്കാന്‍ കഴിയില്ല. ചില രാജ്യങ്ങളെ ഇടിച്ചുതാഴ്‌ത്തുന്നതും മറ്റ് ചില രാജ്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതും ഒരു ജനാധിപത്യ രീതിയേ അല്ല,” അദ്ദേഹം പറഞ്ഞു.
“സ്വയം പ്രഖ്യാപിത ജനാധിപത്യരാഷ്‌ട്രങ്ങളില്‍ ചിലതില്‍ സാമ്പത്തിക അസമത്വം, സാമൂഹ്യ വേര്‍തിരിവുകള്‍, വംശീയ വേര്‍തിരിവ്, രാഷ്‌ട്രീയ ധ്രുവീകരണം എന്നിവ മൂലം ആഭ്യന്തരമായി അങ്ങേയറ്റം അസ്വസ്ഥതകളാണ് നിലനില്‍ക്കുന്നത്. ചില ജനാധിപത്യ രാഷ്‌ട്രങ്ങളിലാകട്ടെ, പണമില്ലെങ്കില്‍ വോട്ടില്ല, പൊതുജനതാല്‍പര്യങ്ങളേക്കാള്‍ വിഭാഗീയ താല്‍പര്യങ്ങള്‍, എന്നിവ നിലനില്‍ക്കുന്നു. ഇത് ജനാധിപത്യരാഷ്‌ട്രീയമോ അതോ പണരാഷ്‌ട്രീയമോ?,” ലിജിയാന്‍ ചോദിക്കുന്നു.
എന്തായാലും യുഎസും ഇന്ത്യയും തമ്മില്‍ അടുക്കുന്നതില്‍ ചൈനയ്‌ക്കുള്ള അസഹിഷ്ണുതയാണ് ഈ പ്രസ്താവനയ്‌ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്നത്. പക്ഷെ ഇത്രയും പ്രകടമായി, ഇത്രയും അസ്വസഥതയോടെ ചൈനയില്‍ നിന്നും മറുപ്രസ്താവന വരുന്നത് പതിവില്ലാത്തതാണ്. എന്തായാലും ഇന്ത്യ-യുഎസ് ബന്ധം വളരുന്നതില്‍ ചൈനയില്‍ അങ്ങേയറ്റം അസ്വസ്ഥതകളുണ്ടെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് സാവോ ലിജിയാന്റെ പ്രസ്താവനയില്‍ കാണാം.
യുഎസ് ആഭ്യന്തരസെക്രട്ടറിയുടെ ഇന്ത്യന്‍ പര്യടനത്തിനിടയില്‍ ദലൈലാമയുടെ പ്രതിനിധിയുമായി ആന്‍റണി ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തിയതും ചൈനയെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്. തിബത്തുമായി മുമ്പെങ്ങുമില്ലാത്ത വിധം രൂക്ഷമായ അഭിപ്രായഭിന്നതകളിലൂടെ കടന്നുപോവകുയാണ് ചൈന. ഇന്ത്യയും യുഎസും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഇന്തോ-പസഫിക്കില്‍ ചൈനയുടെ ആധിപത്യം കുറക്കുന്നതിനെക്കുറിച്ചും ക്വാഡ് (ഇന്ത്യ, യുഎസ്, ആസ്ത്രേല്യ, ജപ്പാന്‍ കൂട്ടായ്മ) വിഷയം ചര്‍ച്ചയായതും ചൈനയെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്.
മാത്രമല്ല, ജനാധിപത്യത്തെക്കുറിച്ച് ആന്‍റണി ബ്ലിങ്കന്‍ വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നത് ചൈന ഏകാധിപത്യത്തെ പിന്തുടരുന്ന രാജ്യമാണെന്ന സൂചന നല്‍കാന്‍ കൂടിയാണ്. ഹോങ്കോംഗിലെ അടിച്ചമര്‍ത്തലും സിന്‍ജിയാങിലെ ഉയ്ഗുര്‍ മുസ്ലിങ്ങളെ പീഢിപ്പിക്കുന്നതും തിബത്തിന് വേണ്ടത്ര സ്വാതന്ത്ര്യം അനുവദിക്കാത്തതും എല്ലാം യുഎസ് അടിക്കടി ചൈനയുടെ ജനാധിപത്യവിരുദ്ധതയ്‌ക്കെതിരെ ചൂണ്ടിക്കാട്ടുന്ന വിഷയങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: